
പുതിയ സിനിമകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആദ്യ ഷോകള്‍ക്കു ശേഷം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത് സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെയാണ്. കണ്ട ചിത്രങ്ങളെക്കുറിച്ചുള്ള പ്രേക്ഷകരുടെ ഈ തുറന്നുപറച്ചിലിനെ പല രീതിയിലാണ് സിനിമാപ്രവര്‍ത്തകര്‍ കാണുന്നത്. ചില ചിത്രങ്ങള്‍ക്ക് വരുന്ന വ്യാപകമായ നെഗറ്റീവ് റിവ്യൂസ് ബോധപൂര്‍വ്വമായി സൃഷ്ടിക്കപ്പെടുന്നതാണെന്ന് പല ചലച്ചിത്ര പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പുതിയ ചിത്രം സിബിഐ 5ന് (CBI 5) എതിരെ അത്തരമൊരു ക്യാംപെയ്ന്‍ നടന്നതായി അതിന്‍റെ സംവിധായകന്‍ കെ മധുവും (K Madhu) തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും അടുത്തിടെ അഭിപ്രായപ്പെട്ടത് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പ്രേക്ഷകരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ സിനിമാപ്രവര്‍ത്തകര്‍ മാനിക്കേണ്ടതുണ്ടെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും ബോധപൂര്‍വ്വമായ ഡീഗ്രേഡിംഗിന്‍റെ തലത്തിലേക്ക് എത്താറുണ്ടെന്ന് മറുവിഭാഗവും പറയുന്നു. ഈ ചര്‍ച്ചകള്‍ക്കിടെ കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ (Prashanth Neel) ഒരു മുന്‍ അഭിമുഖവും ചര്‍ച്ചയാവുകയാണ്. പ്രേക്ഷക പ്രതികരണങ്ങളെ പോസിറ്റീവ് ആയല്ല അദ്ദേഹം കാണുന്നത്.
കെജിഎഫ് 2 (KGF 2) തിയറ്ററുകളിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം നല്‍കിയ അഭിമുഖത്തിലാണ് സിനിമകളെ അപഗ്രഥിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തുന്ന പുതുതലമുറ പ്രേക്ഷകരെ അദ്ദേഹം വിമര്‍ശിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന കാണിക്ക് ആ സിനിമയെക്കുറിച്ച് രണ്ട് അഭിപ്രായങ്ങള്‍ പറയാം. സിനിമ നന്നായി, അല്ലെങ്കില്‍ അത് മോശമായി. ആ രണ്ട് സാധ്യതകള്‍ മാത്രമാണ് അവര്‍ക്കു മുന്നില്‍ ഉള്ളത്. പക്ഷേ പ്രേക്ഷകര്‍ ഇപ്പോള്‍ നിരൂപകരായി മാറുകയാണ്. സിനിമാറ്റോഗ്രഫിയെക്കുറിച്ചും കലാസംവിധാനത്തെക്കുറിച്ചും എഡിറ്റിംഗിനെക്കുറിച്ചുമൊക്കെ അവര്‍ പറയുന്നു. ഈ പ്രക്രിയയില്‍ സിനിമയുടെ വിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു, പ്രശാന്ത് നീല്‍ പറയുന്നു.
താന്‍ ഒരു സിനിമ കണ്ട് ഇഷ്ടപ്പെട്ടാല്‍ അത് ഇഷ്ടമായി എന്നു മാത്രമാണ് പറയുകയെന്നും അദ്ദേഹം പറയുന്നു- ഇഷ്ടപ്പെട്ട ഒരു സിനിമ കണ്ടാല്‍ ആ സിനിമ ഇഷ്ടപ്പെട്ടെന്നാണ് ഞാന്‍ പറയുക, അല്ലാതെ അതിന്‍റെ സിനിമാറ്റോഗ്രഫിയോ പാട്ടോ ഇഷ്ടപ്പെട്ടു എന്നല്ല. സിനിമ ഗംഭീരമായി എന്നാണ് പറയുക. ആ നേട്ടം ഉണ്ടാക്കുകയാണ് സിനിമ ചെയ്യുമ്പോള്‍ ഒരു സംവിധായകന് മുന്നിലുള്ള വെല്ലുവിളി, പ്രശാന്ത് പറയുന്നു. സിനിമ സംവിധാനം ചെയ്യാന്‍ എഡിറ്റിംഗ്, സിനിമാറ്റോഗ്രഫി തുടങ്ങിയ സാങ്കേതിക ഘടകങ്ങളെക്കുറിച്ച് അറിയണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു. അതല്ല സിനിമ. സിനിമയെന്നാല്‍ കഥപറച്ചില്‍ ആണ്. ഒരു കഥ പറയുന്നത് എങ്ങനെയാണെന്നാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്, പ്രശാന്ത് നീല്‍ കൂട്ടിച്ചേര്‍ക്കുന്നു. പ്രശാന്ത് നീലിന്‍റെ ഈ അഭിപ്രായ പ്രകടനം മലയാളി സിനിമാപ്രേമികളുടെ പുതിയ ചര്‍ച്ചയില്‍ കാര്യമായി ഇടംപിടിച്ചിട്ടുണ്ട്. കേരളത്തില്‍ വന്‍ ജനപ്രീതി നേടിയ ഫ്രാഞ്ചൈസിയാണ് കെജിഎഫ്.