തരം​ഗം തീർത്ത് 'റോക്കി ഭായ്'; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടി പിന്നിട്ട് കെജിഎഫ് 2 ടീസര്‍

Web Desk   | Asianet News
Published : Jan 08, 2021, 11:00 AM ISTUpdated : Jan 10, 2021, 08:25 PM IST
തരം​ഗം തീർത്ത് 'റോക്കി ഭായ്'; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടി പിന്നിട്ട് കെജിഎഫ് 2 ടീസര്‍

Synopsis

തെന്നിന്ത്യയിൽ ആകെ തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. 

പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടിയിലധികം കാഴ്ചക്കാരെ നേടി കെ‍ജിഎഫ് 2 ടീസർ. ഇതിനോടകം ഇരുപത് ലക്ഷം ലൈക്സും ഒരു ലക്ഷത്തിനു മുകളിൽ കമന്റ്സുമാണ് ടീസർ നേടിയത്. ആരാധകർ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ തങ്ങളെ നിരാശപ്പെടുത്തിയില്ലെന്നാണ് ഉയരുന്ന അഭിപ്രായം.

സമൂഹമാധ്യമങ്ങളിൽ റോക്കിഭായ് തരം​ഗം ഉയർന്നുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാത്തിരിപ്പുകൾക്കൊടുവിൽ കെജിഎഫ് 2ന്റെ ടീസർ റിലീസ് ചെയ്തത്. ജനുവരി എട്ടിന് പുറത്തിറക്കാന്‍ തീരുമാനിച്ച ടീസര്‍ ലീക്ക് ആയതിന് പിന്നാലെ ഒഫീഷ്യല്‍ ടീസര്‍ അണിയറക്കാർ പുറത്തിറക്കുകയായിരുന്നു. യാഷ് അവതരിപ്പിക്കുന്ന റോക്കിയുടെ മെഗാ മാസ്സ് ആക്ഷന്‍ സീക്വന്‍സുകളാണ് ടീസറിലെ ഹൈലൈറ്റ്. തോക്കുകള്‍ തീ തുപ്പുമ്പോള്‍ പറക്കുന്ന ജീപ്പുകളും, മെഷിന്‍ ഗണ്‍ ലൈറ്ററാക്കിയുള്ള റോക്കിയുടെ വരവുമെല്ലാം ടീസര്‍ ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. 

സംവിധായകൻ പ്രശാന്ത് നീൽ, യാഷിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടായിരുന്നു ടീസർ പുറത്തിറക്കിയ വിവരം അറിയിച്ചത്. ‘ഒരിക്കൽ ഒരു വാ​ഗ്ദാനം ചെയ്തു, ആ വാഗ്ദാനം പാലിക്കപ്പെടും!‘ എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.

മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് 'കെജിഎഫ്'. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന 'കെജിഎഫ് 2'ന്‍റെ ചിത്രീകരണം ഓഗസ്റ്റ് 26നാണ് പുനരാരംഭിച്ചത്. എന്നാല്‍ 90 ശതമാനം രംഗങ്ങളും കൊവിഡ് പ്രതിസന്ധിക്കു മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ കാന്‍സര്‍ രോഗം ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സഞ്ജയ് ദത്ത് ചികിത്സയ്ക്കുവേണ്ടി ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയിൽ ആകെ തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും നിര്‍മാണച്ചെലവേറിയ ചിത്രമായിരുന്നു കെ.ജി.എഫ്. 

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ