Release Date | ബോക്സ് ഓഫീസില്‍ വന്‍ മത്സരം വരുന്നു; 'കെജിഎഫ് 2'ന്‍റെ അതേദിവസം ആമിറിന്‍റെ 'ലാല്‍ സിംഗ് ഛദ്ദ'

Published : Nov 20, 2021, 02:36 PM IST
Release Date | ബോക്സ് ഓഫീസില്‍ വന്‍ മത്സരം വരുന്നു; 'കെജിഎഫ് 2'ന്‍റെ അതേദിവസം ആമിറിന്‍റെ 'ലാല്‍ സിംഗ് ഛദ്ദ'

Synopsis

കെജിഎഫ് 2 എത്തുന്ന അതേ ദിവസം ആമിര്‍ ഖാന്‍ ചിത്രവും

രണ്ട് വര്‍ഷത്തോളം നീണ്ട അനിശ്ചിതത്വമാണ് സിനിമാ മേഖലയ്ക്ക് കൊവിഡ് കാലം സമ്മാനിച്ചത്. ആദ്യതരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നിരുന്നെങ്കിലും കൊവിഡ് രണ്ടാംതരംഗത്തിന്‍റെ വരവോടെ അടയ്ക്കേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും തുറന്ന തിയറ്ററുകളിലേത്ത് വിവിധ ഭാഷാ സിനിമകളില്‍ നിന്ന് ജനപ്രിയ ചിത്രങ്ങള്‍ എത്തിയതോടെ രാജ്യമെങ്ങും തിയറ്റര്‍ വ്യവസായം പ്രതീക്ഷയിലാണ്. രണ്ട് വര്‍ഷത്തോളം പെട്ടിയിലിരുന്ന ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട് എന്നതിനാല്‍ അനേകം ചിത്രങ്ങളാണ് വ്യത്യസ്‍ത ഭാഷകളിലായി നിലവില്‍ റിലീസ് തീയതി കാത്തിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ പല വന്‍ ചിത്രങ്ങള്‍ക്കും സോളോ റിലീസ് ലഭിക്കില്ല എന്നതും വസ്‍തുതയാണ്. ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ട്വിറ്ററില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ നിലവില്‍ ചര്‍ച്ചയായിരിക്കുന്നത്.

രണ്ട് ഭാഷകളില്‍ നിന്നുള്ളതെങ്കിലും പാന്‍ ഇന്ത്യന്‍ റിലീസ് പ്ലാന്‍ ചെയ്‍തിട്ടുള്ള രണ്ട് വന്‍ ചിത്രങ്ങള്‍ ഒരേദിവസം റിലീസിന് തയ്യാറെടുക്കുകയാണ്. യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത കന്നഡ ചിത്രം 'കെജിഎഫ് ചാപ്റ്റര്‍ 2' (KGF Chapter 2), ആമിര്‍ ഖാനെ നായകനാക്കി അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്‍ത ഹിന്ദി ചിത്രം 'ലാല്‍ സിംഗ് ഛദ്ദ' (Laal Singh Chaddha) എന്നിവയാണ് ഒരേ ദിവസം റിലീസിനൊരുങ്ങുന്നത്. മുന്‍പ് പ്രഖ്യാപിച്ച റിലീസ് തീയതികള്‍ മാറ്റേണ്ടിവന്ന ചിത്രങ്ങളാണ് ഇവ രണ്ടും. 2020 ഒക്ടോബര്‍ 23 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ച കെജിഎഫ് 2 പലകുറി മാറ്റി 2022 ഏപ്രില്‍ 14 എന്ന തീയതി പ്രഖ്യാപിച്ചത് ഓഗസ്റ്റ് മാസത്തിലാണ്. ഇതേദിവസം തന്നെ ആമിറിന്‍റെ ലാല്‍ സിംഗ് ഛദ്ദയും എത്തുമെന്ന പ്രഖ്യാപനം ഇന്നാണ് വന്നത്.

ആമിറിന്‍റെ പല വിജയ ചിത്രങ്ങളും മുന്‍പ് ക്രിസ്‍മസ് റിലീസുകളായാണ് എത്തിയിട്ടുള്ളത്. അതേ മാതൃക പിന്തുടര്‍ന്ന് ഈ വര്‍ഷത്തെ ക്രിസ്‍മസ് റിലീസ് ആയി ചിത്രം എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്‍മസിന് എത്തില്ലെന്നും അടുത്ത വര്‍ഷം വാലന്‍റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് എത്തുമെന്നും സെപ്റ്റംബറില്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ചിരുന്നു. ഈ തീയതിയാണ് വീണ്ടും മാറ്റിയിരിക്കുന്നത്. ടോം ഹാങ്ക്സ് നായകനായി 1994ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ. അതുല്‍ കുല്‍ക്കര്‍ണിയുടേതാണ് തിരക്കഥ . കരീന കപൂര്‍, മോന സിംഗ്, നാഗ ചൈനത്യ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം കന്നഡ സിനിമയെ വിജയത്തിന്‍റെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ 2018 ചിത്രം കെജിഎഫിന്‍റെ സീക്വല്‍ ആണ് കെജിഎഫ് 2.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹന്‍ലാലിന്‍റെ അടുത്ത ബിഗ് സ്ക്രീന്‍ എന്‍ട്രി 'പേട്രിയറ്റോ' 'ദൃശ്യം മൂന്നോ' അല്ല; ഔദ്യോഗിക പ്രഖ്യാപനം
ഇതാണ് ബ്രാന്‍ഡ് മമ്മൂട്ടി! മറ്റ് സമീപകാല ചിത്രങ്ങള്‍ക്കൊന്നുമില്ലാത്ത നേട്ടവുമായി 'കളങ്കാവല്‍'