കുഞ്ഞിന്‍റെ ഓക്സിജൻ നില കുറഞ്ഞതും ആശുപത്രികൾ കയറിയിറങ്ങിയതുമായ അനുഭവം പങ്കുവച്ച് അനാമിക
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് അനാമികയും വിഷ്ണുവും. ഇരുവരുടേയും വിവാഹം വലിയ വാർത്തയായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് അനാമികയും ഗിരിജയും വിഷ്ണുവുമെല്ലാം. ഏക മകളുടെ രോഗാവസ്ഥയെക്കുറിച്ചാണ് പുതിയ വീഡിയോയിൽ അനാമിക സംസാരിക്കുന്നത്.
''ഒരാഴ്ചയായി കുഞ്ഞിന്റെ അസുഖം ഭേദമാക്കാനായി ആശുപത്രികൾ തോറും കയറി ഇറങ്ങുകയാണെന്നും കഴിഞ്ഞ ദിവസം കുഞ്ഞിന് ഓക്സിജൻ ലെവൽ പെടുന്നനെ കുറഞ്ഞപ്പോൾ പേടിച്ചുപോയെന്നും അനാമിക പറയുന്നു. ഇതുപോലൊരു സാഹചര്യം ലൈഫിൽ ഇതിന് മുമ്പ് ഞാനോ ഉണ്ണി അണ്ണനോ അഭിമുഖീകരിച്ചിട്ടില്ല. ഉണ്ണി മോൾക്ക് ഇത്രത്തോളം വയ്യാതെയാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും തകർന്ന് പോയിയെന്ന് വരെ ചിന്തിച്ച് പോയി. ഉണ്ണി മോളുടെ അവസ്ഥ അത്രത്തോളം മോശമായിരുന്നു. ഓക്സിജൻ ഇല്ലാതെ ഒരു സെക്കന്റ് പോലും മോൾക്ക് അതിജീവിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് ആംബുലൻസിലാണ് ഞങ്ങൾ പോയത്.
കുഞ്ഞിന്റെ മുഖത്ത് ക്ഷീണവും നീരുമെല്ലാമുണ്ട്. മോൾ മര്യാദയ്ക്ക് ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങളായി. മോൾക്ക് വയ്യാതെയായശേഷം ഞങ്ങൾക്കൊന്ന് ഉറങ്ങാൻ പോലും പറ്റിയിട്ടില്ല. ഉറക്കത്തെക്കാൾ ഉപരി മോളുടെ അസുഖം എത്രയും വേഗം മാറണേ എന്നതായിരുന്നു ഞങ്ങളുടെ പ്രാർത്ഥന. രോഗം ഭേദമാകാൻ വേണ്ടി നേർച്ച നേരാൻ ഇനി സ്ഥലങ്ങളൊന്നും ബാക്കിയില്ല. കുഞ്ഞ് ഭക്ഷണം കഴിക്കാത്തതുകൊണ്ട് എനിക്കും സമാധാനം നഷ്ടപ്പെട്ടു. ഇപ്പോൾ മെച്ചപ്പെട്ടു വരുന്നുണ്ട്. ഭക്ഷണവും കഴിച്ചു തുടങ്ങി'', എന്നാണ് അനാമിക വീഡിയോയിൽ പറയുന്നത്.





