Tyson Movie : 'കെജിഎഫ് നിര്‍മ്മാതാക്കള്‍ സമീപിച്ചത് ലൂസിഫര്‍ കണ്ടതിനുശേഷം'; പൃഥ്വിരാജ് പറയുന്നു

By Web TeamFirst Published Jun 12, 2022, 12:38 PM IST
Highlights

പൃഥ്വിരാജിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് ആവാനിരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരുങ്ങും

പൃഥ്വിരാജിന്‍റെ (Prithviraj Sukumaran) കരിയറിലെ ശ്രദ്ധേയ പ്രോജക്റ്റുകളിലൊന്നാണ് കഴിഞ്ഞ രണ്ട് ദിവസം മുന്‍പ് പ്രഖ്യാപിക്കപ്പെട്ടത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അദ്ദേഹം തന്നെ. ടൈസണ്‍ (Tyson) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് മുരളി ഗോപി. പൃഥ്വിരാജിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് ആവാനിരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരുങ്ങും.

ചിത്രം നിര്‍മ്മിക്കുന്നത് കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ രാജ്യമെങ്ങും സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ ഹൊംബാളെ ഫിലിംസ് ആണ് എന്നതാണ് മറ്റൊരു കൌതുകകരമായ വസ്തുത. ഇപ്പോഴിതാ ഈ പ്രോജക്റ്റ് രൂപപ്പെട്ടു വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ റിലീസിനു ശേഷം തന്നെ ആദ്യം സമീപിച്ച നിര്‍മ്മാണക്കമ്പനികളിലൊന്ന് ഹൊംബാളെ ഫിലിംസ് ആയിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഈ പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കുന്നത്.

Happy to announce our next venture with .

Get ready to be astonished by our brave defender. Time to unshackle the chains and resuscitate the system! pic.twitter.com/VO7g2chMi4

— Hombale Films (@hombalefilms)

2023ല്‍ ചിത്രീകരണം ആരംഭിച്ച് 2024ല്‍ ചിത്രം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. ലൂസിഫറിന്‍റെ നിര്‍മ്മാണ സമയത്താണ് മുരളി ഗോപിയും താനും ഈ ചിത്രത്തിന്‍റെ ആശയത്തെക്കുറിച്ച് ചര്‍ച്ച ചെയ്‍തതെന്ന് പൃഥ്വിരാജ് പറയുന്നു- പക്ഷേ പിന്നീട് ഞങ്ങള്‍ എമ്പുരാന്‍റെ പ്ലാനിംഗുമായി തിരക്കായിപ്പോയി. അതേസമയം കൊവിഡ് എത്തിയപ്പോള്‍ ആ പദ്ധതികളെല്ലാം തടസ്സപ്പെടുകയും ചെയ്‍തു. ഞാന്‍ മറ്റു പ്രോജക്റ്റുകളുടെ തിരക്കിലുമായി. പക്ഷേ എന്‍റെ മനസിന്‍റെ ഒരു കോണില്‍ ഈ സിനിമ ഉണ്ടായിരുന്നു. സ്വന്തമായി നിര്‍മ്മിച്ച്, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാം എന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. അതേസമയം മറ്റൊരാള്‍ സംവിധാനം ചെയ്യട്ടെ എന്നും ഞാന്‍ വിചാരിച്ചിരുന്നു. എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഷയമാണ് ഈ സിനിമ സംസാരിക്കുന്നത്. അതിനായി ഏറ്റവും മികച്ചവരുമായാണ് കൈ കോര്‍ക്കുന്നത് എന്നത് ഏറെ സന്തോഷമുണ്ടാക്കുന്നു, മുരളി ഗോപിയുടെ തിരക്കഥകളെ ഒരൊറ്റ ഴോണറിലേക്ക് കൂട്ടാന്‍ പറ്റില്ലെങ്കിലും ആക്ഷന്‍ പാക്ക്ഡ് സോഷ്യോ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാമെന്നും പൃഥ്വി പറയുന്നു.

ALSO READ : 'അയ്യര്‍' അഞ്ച് ഭാഷകളില്‍ നെറ്റ്ഫ്ലിക്സില്‍; സിബിഐ 5 സ്ട്രീമിംഗ് ആരംഭിച്ചു

click me!