15 വര്‍ഷത്തിന് ശേഷം ആ കൂട്ടുകെട്ട്, പ്രഖ്യാപിച്ചത് 3 വര്‍ഷം മുന്‍പ്; പുതിയ പൃഥ്വിരാജിനെ നാളെ കാണാം, പ്രഖ്യാപനം

Published : Oct 15, 2025, 05:46 PM IST
KHALIFA malayalam movie first glimpse tomorrow on prithviraj sukumaran birthday

Synopsis

ചിത്രം ഒരു ഹൈ വോൾട്ടേജ് മാസ് എന്‍റര്‍ടെയ്‍നര്‍ ആയിരിക്കുമെന്നാണ് സൂചന. യുകെ, യുഎഇ, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിലായാണ് ചിത്രീകരണം

അഭിനേതാവ് എന്ന നിലയില്‍ പൃഥ്വിരാജ് സുകുമാരനെ തേടിയെത്തുന്ന പ്രോജക്റ്റുകള്‍ ഇന്ന് വിവിധ ഭാഷകളില്‍ നിന്നാണ്. അതിനാല്‍ ചിലപ്പോഴൊക്കെ മലയാളത്തിന്‍റെ തിരശ്ശീലയില്‍ അദ്ദേഹത്തെ കാണാനുള്ള കാത്തിരിപ്പും ഏറുന്നു. ബിഗ് ബജറ്റ് ചിത്രമായിരുന്ന എമ്പുരാന്‍റെ നീണ്ട ഷെഡ്യൂളുകളും പൃഥ്വിരാജ് എന്ന അഭിനേതാവിന്‍റെ പ്രോജക്റ്റുകള്‍ മുന്നോട്ട് നീളാന്‍ കാരണമായിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രത്തിന്‍റെ ശ്രദ്ധേയ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിന്‍റെ അപ്ഡേറ്റ് ആണ് അത്.

ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് നാളെ രാവിലെ 10 മണിക്ക് പുറത്തെത്തുമെന്ന് പൃഥ്വിരാജ് തന്നെ അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജിന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് ഗ്ലിംപ്സ് എത്തുക. ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിരാജ് കഥാപാത്രത്തിന്‍റേതെന്ന് തോന്നിക്കുന്ന ചോരയണിഞ്ഞ ഇടതുകൈ ആണ് പോസ്റ്ററില്‍. കോട്ട് ആണ് വേഷം. ഒപ്പം ഒരു വാച്ചും ധരിച്ചിട്ടുണ്ട്. ഇത് പൃഥ്വിരാജിന്‍റെ മാര്‍ക്കോ ആണോ എന്ന് കമന്‍റ് ബോക്സില്‍ ചിലര്‍ ചോദിക്കുന്നുണ്ട്. വയലന്‍സ് രംഗങ്ങള്‍ അടങ്ങിയ ചിത്രമായിരിക്കുമെന്ന പോസ്റ്ററിലെ സൂചന കാരണമാണ് ഇത്.

ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ രചന. ജിനു വി എബ്രഹാമിനൊപ്പം സുരാജ് കുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്നത്. 2010 ല്‍ പുറത്തെത്തിയ പോക്കിരിരാജ ആയിരുന്നു ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ച ചിത്രം. മമ്മൂട്ടി നായകനായ ചിത്രത്തില്‍ മമ്മൂട്ടിയുടെ അനുജന്‍റെ വേഷമായിരുന്നു പൃഥ്വിരാജിന്. പുലിമുരുകന്‍ അടക്കമുള്ള മലയാളത്തിലെ എണ്ണം പറഞ്ഞ മാസ് കമേഴ്സ്യല്‍ ഹിറ്റുകള്‍ സമ്മാനിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജിനൊപ്പം ഒരു ആക്ഷന്‍ ചിത്രവുമായി എത്തുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷ ഏറെയാണ്.

ഓ​ഗസ്റ്റ് 6 ന് ലണ്ടനിലാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളിന് തുടക്കമായത്. 2022 ല്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ഇത്. 'പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും' എന്നാണ് ഖലീഫയുടെ ടാഗ് ലൈന്‍. ചിത്രം ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് നേരത്തെ വൈശാഖ് ഉറപ്പ് നല്‍കിയിരുന്നു. സത്യൻ സൂര്യൻ ആണ് ഛായാഗ്രഹണം. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. യുകെ കൂടാതെ യുഎഇ (ദുബൈ), നേപ്പാള്‍, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ