
കന്നഡ സിനിമയില്‍ കിച്ച സുദീപ് (Kichcha Sudeep) ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് 'കൊട്ടിഗൊബ്ബ 3' (Kotigobba 3). കൊവിഡ് പശ്ചാത്തലത്തില്‍ പലവട്ടം റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രവുമാണ് ഇത്. ഏറ്റവുമൊടുവില്‍ ഇന്ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം കാണാന്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ മുതല്‍ ആരാധകരുടെ നീണ്ട നിരയായിരുന്നു. എന്നാല്‍ നിര്‍മ്മാതാവുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകളിലെ അനിശ്ചിതത്വം മൂലം ചിത്രം ഇന്ന് റിലീസ് ചെയ്യപ്പെട്ടില്ല. ഇതിനെത്തുടര്‍ന്ന് കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ സിനിമാപ്രേമികള്‍ അക്രമാസക്തരായിരുന്നു. പിന്നാലെ നിര്‍മ്മാതാവും കിച്ച സുദീപും അഭ്യര്‍ഥനകളുമായി എത്തി.
ചിത്രം ഇന്ന് റിലീസ് ചെയ്യപ്പെടാത്തതില്‍ താന്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നുവെന്നും എന്നാല്‍ സിനിമ കാണാനാവാത്തതിലെ രോഷം തിയറ്ററുകളില്‍ തീര്‍ക്കരുതെന്നും ആരാധകരോട് സുദീപ് അഭ്യര്‍ഥിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തന്‍റെ ശ്രദ്ധയുണ്ടാവുമെന്നും സുദീപ് ട്വീറ്റ് ചെയ്‍തു. തിയറ്ററുകള്‍ക്കു നേരെ ആരാധകര്‍ കല്ലേറ് നടത്തുന്നതായി വാര്‍ത്ത വന്നതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ സാന്‍ഡല്‍വുഡിനുള്ളിലെ തന്നെ ചില ഗൂഢാലോചനകള്‍ കാരണമാണ് ചിത്രത്തിന്‍റെ റിലീസ് ഒരു ദിവസം മുടങ്ങിയത് എന്നായിരുന്നു നിര്‍മ്മാതാവ് ശൂരപ്പ ബാബുവിന്‍റെ പ്രതികരണം. ഈ സമയത്ത് കിച്ച സുദീപ് ആരാധകര്‍ ചിത്രത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും നിര്‍മ്മാതാവ് അഭ്യര്‍ഥിച്ചു.
നിര്‍മ്മാതാവിന്‍റെ വീഡിയോ സന്ദേശത്തിനു പിന്നാലെ കിച്ച സുദീപും സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ വീഡിയോ പ്രതികരണം പങ്കുവച്ചു. താങ്കള്‍ക്കെതിരെ പ്രവര്‍ത്തിച്ചത് ആരാണെന്ന് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടുള്ളതായിരുന്നു സുദീപിന്‍റെ വീഡിയോ. ചിത്രം നാളെ രാവിലെ ആറ് മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് നിര്‍മ്മാതാവ് സിനിമാപ്രേമികള്‍ക്കു നല്‍കിയിരിക്കുന്ന ഉറപ്പ്.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം ശിവ കാര്‍ത്തിക് ആണ്. കിച്ച സുദീപിന്‍റേതു തന്നെയാണ് ചിത്രത്തിന്‍റെ കഥ. മലയാളി താരം മഡോണ സെബാസ്റ്റ്യന്‍ ആണ് നായിക. മഡോണയുടെ കന്നഡ അരങ്ങേറ്റ ചിത്രമാണ് ഇത്. ശ്രദ്ധ ദാസ്, അഫ്‍താബ് ശിവ്‍ദസാനി, പി രവി ശങ്കര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അര്‍ജുന്‍ ജന്യയാണ് സംഗീതം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ