'കിരീടം പാലം' ടൂറിസം കേന്ദ്രമാകുന്നു, ലോക ടൂറിസം ദിനത്തില്‍ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

By Web TeamFirst Published Sep 27, 2021, 5:22 PM IST
Highlights

മോഹൻലാല്‍ നായകനായ കിരീടമെന്ന ചിത്രത്തിലൂടെ പ്രശസ്‍തമായ' പാലം' ടൂറിസം കേന്ദ്രമാകുന്നു.
 

'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി, ഈണം മുഴങ്ങും പഴംപാട്ടില്‍ മുങ്ങി'- ഈ ഗാനം കേള്‍ക്കുമ്പോള്‍, അല്ലെങ്കില്‍ സേതുമാധവനെയും ദേവിയെയും ഓര്‍ക്കുമ്പോഴൊക്കെ മലയാളികളുടെ മനസില്‍ തെളിയുന്നതാണ് കിരീടം പാലത്തിന്റെയും ചിത്രം. കിരീടം കണ്ടവര്‍ ഒരിക്കലും മറക്കാത്തതാണ് ചിത്രത്തിലെ കഥാപാത്രമെന്ന പോലത്തെ പാലവും. വെള്ളായണികായലിനടുത്തെ കിരീടം പാലം. കിരീടം ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ലോക ടൂറിസം ദിനത്തില്‍ മന്ത്രി ശിവൻകുട്ടി. വെള്ളായണിതടാക പ്രദേശം, മാതൃകാ ടൂറിസം കേന്ദ്രമായി ഉയര്‍ത്താനാണ് തീരുമാനമെന്നും പ്രദേശം ഉള്‍ക്കൊള്ളുന്ന നേമം മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ശിവൻകുട്ടിയുടെ ഫേസ്‍ബുക്ക് കുറിപ്പ്

മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്‍ത കിരീടം എന്ന ചിത്രം തിയറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം മണ്ഡലത്തിൽ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്.

പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്. ലോക ടൂറിസം ദിനത്തിൽ തന്നെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതിൽ അതിയായ സന്തോഷമുണ്ട്.

click me!