
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'കിരീടം'. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന കഥാപാത്രമാണ് കിരീടത്തിലെ സേതുമാധവൻ. 1989 ൽ പുറത്തറിങ്ങിയ കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോൽ നാല് വർഷങ്ങൾക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. കിരീടത്തിനോളം വാണിജ്യ വിജയം നേടിയില്ലെങ്കിലും ചെങ്കോലും ഇന്നും ചർച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്.
സേതുമാധവന്റെ നിസ്സഹായതയും, തകർച്ചയും പൂർണ്ണമാവുന്ന സിനിമാനുഭവമായിരുന്നു ചെങ്കോലിലൂടെ പ്രേക്ഷകർക്ക് ലഭിച്ചത്. മോഹൻലാലിന്റെ കഥാപാത്രത്തോടൊപ്പം തന്നെ തിലകൻ അവതരിച്ച ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായർ എന്ന കഥാപാത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചെങ്കോൽ എന്ന സിനിമയെ കുറിച്ചും, തിലകന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ഷമ്മി തിലകൻ.
ചെങ്കോൽ എന്ന സിനിമയുടെ ആവശ്യമില്ലായിരുന്നു എന്നാണ് ഷമ്മി തിലകൻ പറയുന്നത്. തിലകന്റെ കഥാപാത്രത്തിന്റെ പഠനമാണ് ചെങ്കോലിൽ കാണിക്കുന്നതെന്നും, അത് ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും ഷമ്മി തിലകൻ പറയുന്നു. "ചെങ്കോല്‍ എന്ന സിനിമ തന്നെ അപ്രസക്തമാണ്. അതിന്റെ ആവശ്യമേയില്ല. എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്. അതെനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതുകൊണ്ടാണ് പറയുന്നത് ആ സിനിമയുടെ ആവശ്യമില്ല എന്ന്. ആ കഥാപാത്രത്തെക്കൊണ്ട് നേരത്തെ തന്നെ ആത്മഹത്യ ചെയ്യിപ്പിച്ചാല്‍ മതിയായിരുന്നു." ഷമ്മി തിലകൻ പറയുന്നു.
"അച്യുതന്‍ നായര്‍ അങ്ങനൊക്കെ ചെയ്യുന്ന ഒരാളല്ല. മകള്‍ക്ക് കാവല്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അതുകൊണ്ടാകാം ആ സിനിമ വീണു പോയത്. മറ്റേ സിനിമയുടെ ക്ലൈമാക്‌സില്‍ അയാള്‍ വന്ന് സല്യൂട്ട് ചെയ്ത് സോറി സാര്‍ അവന്‍ ഫിറ്റല്ല എന്ന് പറയുന്നതാണ്. അച്ഛനാണ് അത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതാണ് ക്ലീന്‍ എന്റ്. അല്ലായിരുന്നുവെങ്കില്‍ ആ ഡയലോഗ് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കരുതായിരുന്നു." ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. യെസ് 27 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.