
മലയാളത്തിന്റെ കുടുംബ പ്രേക്ഷകരുടെ പ്രിയ നടി രശ്‍മി ജയഗോപാലിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു രശ്‍മി ജയഗോപാലിന്റെ അന്ത്യം സംഭവിച്ചത്. ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. രശ്‍മി ജയഗോപാലിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹപ്രവര്‍ത്തകനും നടനുമായ കിഷോര്‍ സത്യ.
രശ്‍മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല, 'സ്വന്തം സുജാത'യിലെ 'സാറാമ്മ' എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും. ഈ പുഞ്ചിരി ഇനി ഇല്ല, 'സാറാമ്മ' പോയി. രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്‍മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്‍മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ. പക്ഷെ,രോഗവിവരം അറിഞ്ഞ് ഒരു ആഴ്‍ചക്കുള്ളിൽ രശ്‍മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ.. ആകസ്‍തികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ, പ്രിയ ജീവിതമേ ഒന്നൊഴിവാക്കൂ. ആദരവിന്റെ അഞ്ജലികൾ." നടൻ കിഷോർ സത്യ കുറിച്ചു.
'സ്വന്തം സുജാത'യിലെ നായിക ചന്ദ്ര ലക്ഷ്‍മണ്‍ അടക്കമുള്ളവര്‍ അനുശോചനം അറിയിച്ച് രംഗത്ത് എത്തിയിരുന്നു. രശ്‍മി ജയഗോപാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ചന്ദ്ര ലക്ഷ്‍മണ്‍ അനുശോചനം അറിയിച്ചത്. ഇത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന ചിത്രമായിരിക്കുമെന്ന് കരുതിയില്ല. ഞങ്ങളുടെ പ്രിയപ്പെ രശ്‍മി ചേച്ചി, ചേച്ചിയമ്മ അവരുടെ പ്രിയപ്പെട്ട കൃഷ്‍ണന്റെ കൂടെയിരിക്കാൻ പോയിയെന്നാണ് ചന്ദ്രാ ലക്ഷ്‍മണ്‍ കുറിച്ചിരിക്കുന്നത്
സ്‍നേഹത്തിന്റെ പ്രതിരൂപമായിരുന്ന അവര്‍ എല്ലാവരുടെയും ജീവിതത്തെ കരുതലോടെ സ്‍പര്‍ശിച്ചു. ഞങ്ങള്‍ക്ക് അവരെ ഇന്ന് നഷ്‍ടപ്പെട്ടു, അവരുടെ സാന്നിദ്ധ്യമില്ലാതെ ഷൂട്ടിംഗ് സ്ഥലത്ത് കഴിയുന്നത് ചിന്തിക്കുന്നത് തന്നെ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ' സ്വന്തം സുജാത'യിലെ എല്ലാവരും അവരെ മിസ് ചെയ്യും. വ്യക്തിപരമായി ഞങ്ങള്‍ക്ക് നഷ്‍ടമായത് കുടുംബത്തിലെ പ്രധാനപ്പെട്ട അംഗത്തെയാണ് എന്നും സാന്ദ്രാ ലക്ഷ്‍മണ്‍ എഴുതിയിരിക്കുന്നു.
Read More : നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു, വിശ്വസിക്കാനാകാതെ സഹതാരങ്ങള്‍