മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു.

സിനിമാ സീരിയല്‍ നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്‍ച വൈകിട്ടാണ് മരണം സഭവിച്ചത്.

ബംഗളൂരുകാരിയായ രശ്‍മി ജയഗോപാല്‍ പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്‍ക്ക് എത്തുന്നത്. അമൃത ടിവിയിലെ 'സത്യം ശിവം സുന്ദരം' ആയിരുന്നു രശ്‍മി ജയഗോപാലിന്റെ ആദ്യത്തെ സീരിയല്‍. ' സ്വന്തം സുജാത' എന്ന സീരിയലിലെ 'സാറാമ്മ' എന്ന കഥാപാത്രത്തിലൂടെയാണ് രശ്‍മി ജയഗോപാല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. 'ഒരു നല്ല കോട്ടയംകാരൻ' ഉള്‍പ്പടെയുള്ള മലയാള സിനിമകളില്‍ അഭിനയിച്ച രശ്‍മി ജയഗോപാല്‍ തമിഴിലും ചെറിയ വേഷങ്ങള്‍ ചെയ്‍തിട്ടുണ്ട്. അമ്പലത്തില്‍ മേല്‍ശാന്തിയായ ജയഗോപാലാണ് ഭര്‍ത്താവ്. ബാംഗ്ലൂരില്‍ ജി ഇ സി ജെൻപാക്റ്റില്‍ പ്രൊസസിംഗ് ഓഫീസറായി ജോലി ചെയ്യുന്ന പ്രശാന്ത് കേശവ് മകനാണ്.

രശ്‍മി ജയഗോപാലിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലിലാണ് സീരിയലിലെയും സിനിമയിലെയും സഹതാരങ്ങള്‍. രശ്‍മി ജയഗോപാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് 'സ്വന്തം സുജാത'യിലെ നായിക ചന്ദ്ര ലക്ഷ്‍മണ്‍ അനുശോചനം അറിയിച്ചത്. ഇത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന ചിത്രമായിരിക്കുമെന്ന് കരുതിയില്ല. ഞങ്ങളുടെ പ്രിയപ്പെ രശ്‍മി ചേച്ചി, ചേച്ചിയമ്മ അവരുടെ പ്രിയപ്പെട്ട കൃഷ്‍ണന്റെ കൂടെയിരിക്കാൻ പോയിയെന്നാണ് ചന്ദ്രാ ലക്ഷ്‍മണ്‍ കുറിച്ചിരിക്കുന്നത്.

സ്‍നേഹത്തിന്റെ പ്രതിരൂപമായിരുന്ന അവര്‍ എല്ലാവരുടെയും ജീവിതത്തെ കരുതലോടെ സ്‍പര്‍ശിച്ചു. ഞങ്ങള്‍ക്ക് അവരെ ഇന്ന് നഷ്‍ടപ്പെട്ടു, അവരുടെ സാന്നിദ്ധ്യമില്ലാതെ ഷൂട്ടിംഗ് സ്ഥലത്ത് കഴിയുന്നത് ചിന്തിക്കുന്നത് തന്നെ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ' സ്വന്തം സുജാത'യിലെ എല്ലാവരും അവരെ മിസ് ചെയ്യും. വ്യക്തിപരമായി ഞങ്ങള്‍ക്ക് നഷ്‍ടമായത് കുടുംബത്തിലെ പ്രധാനപ്പെട്ട അംഗത്തെയാണ് എന്നും സാന്ദ്രാ ലക്ഷ്‍മണ്‍ എഴുതിയിരിക്കുന്നു.

Read More : ഇത് 'ക്യാപ്റ്റൻ മില്ലെറി'ലെ ലുക്കോ?, ധനുഷിന്റെ ഫോട്ടോ പങ്കുവെച്ച് സംവിധായകനും