
ഭാഷാഭേദമന്യെ മികച്ച സിനിമകളെ സ്വീകരിക്കാറുള്ള പ്രേക്ഷകരാണ് തെലുങ്ക് സംസ്ഥാനങ്ങളിലേത്. തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് ഇതിനു മുന്‍പ് ഏറ്റവും മികച്ച പ്രതികരണം നേടിയ മലയാള ചിത്രം നസ്‍ലെനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ആയിരുന്നു. ഇപ്പോഴിതാ ആ വഴിയേ നീങ്ങുകയാണ് മറ്റൊരു മലയാള ചിത്രം. സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് ആ ചിത്രം. കൊത്ത ലോക എന്നാണ് ചിത്രത്തിന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്‍റെ പേര്. വന്‍ പ്രതികരണമാണ് ചിത്രത്തിന് തെലുങ്കില്‍ ലഭിക്കുന്നത്. തെലുങ്ക് പതിപ്പ് ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം.
തെലുങ്കിലെ ട്രാക്കര്‍മാരായ ട്രാക്ക് ടോളിവുഡിന്‍റെ കണക്ക് പ്രകാരം കൊത്ത ലോക ഇതുവരെ നേടിയിരിക്കുന്നത് 6.5 കോടിയാണ്. തെലുങ്കില്‍ നിന്നുള്ള പല മീഡിയം ബജറ്റ് സിനിമകളും 10 കോടി കളക്ഷന്‍ നേടാന്‍ പ്രയാസപ്പെടുന്ന കാലത്ത് കൊത്ത ലോക ആ നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണെന്ന് ട്രാക്ക് ടോളിവുഡ് അഭിപ്രായപ്പെടുന്നു. മലയാളത്തിനൊപ്പം ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകളും ഇറങ്ങിയിരുന്നു. തമിഴ് പതിപ്പിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെങ്കിലും മലയാളം കഴിഞ്ഞാല്‍ കളക്ഷനില്‍ മുന്നില്‍ തെലുങ്ക് പതിപ്പാണ്. ഇന്നലെ ചിത്രത്തിന്‍റെ വിജയാഘോഷം നടന്നതും ഹൈദരാബാദിലാണ്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ് ചിത്രം തെലുങ്കില്‍ എത്തിച്ചിരിക്കുന്നത്. തെലുങ്കിനെ അപേക്ഷിച്ച് ചെറിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സാങ്കേതിക തികവിനെയും കല്യാണിയുടെ പ്രകടനത്തെയുമൊക്കെ തെലുങ്ക് പ്രേക്ഷകര്‍ പ്രശംസിക്കുന്നുണ്ട്.
അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇന്നലെ 100 കോടി ഗ്രോസ് പിന്നിട്ടിരുന്നു. മലയാളത്തിലെന്നല്ല, മുഴുവന്‍ തെന്നിന്ത്യന്‍ സിനിമയിലും നായികാ പ്രാധാന്യമുള്ള ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ എത്തുന്നത് ആദ്യമായാണ്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ന് തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. ചിത്രം ഉത്തരേന്ത്യന്‍ പ്രേക്ഷകരും കണക്റ്റ് ചെയ്താല്‍ മുന്നിലുള്ള ബോക്സ് ഓഫീസ് സാധ്യത പ്രവചനാതീതമാണ്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര. വമ്പൻ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍ ഡൊമിനിക് അരുണിന്‍റേതാണ്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.