'എന്നാണ് ഭദ്രാ, പുതിയ സ്ഫടികം തിയറ്ററില്‍ കാണാന്‍ പറ്റുക? കെപിഎസി ലളിത പലവട്ടം ചോദിച്ചു'

By Web TeamFirst Published Feb 26, 2022, 10:55 AM IST
Highlights

റീമാസ്റ്റേര്‍ഡ് പതിപ്പിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു

കെപിഎസി ലളിതയുടെ (KPAC Lalitha) വിയോ​ഗം സൃഷ്‍ടിച്ച നഷ്ടം മലയാള സിനിമയ്ക്ക് ഇനി എക്കാലത്തേക്കുമുള്ളതാണ്. ക്യാരക്ടര്‍ റോളുകളിലൂടെ മലയാളികളെ പല അനുഭവ തലങ്ങളിലെത്തിച്ച പ്രതിഭാധനരായ അഭിനേതാക്കളുടെ ഒരു തലമുറയിലെ പ്രധാന കണ്ണിയെയാണ് ലളിതയിലൂടെ നഷ്ടമായത്. ലളിതയുടെ നിരവധി വേഷങ്ങളില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒന്നാണ് സ്ഫടികത്തിലെ ആടുതോമയുടെ അമ്മയായ മേരി. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ നടത്തി തിയറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് ഏറെ നാളായി സംവിധായകന്‍ ഭദ്രന്‍ (Bhadran). പുതിയ പതിപ്പ് തനിക്ക് എന്നാണ് തിയറ്ററുകളില്‍ കാണാന്‍ കഴിയുകയെന്ന് കെപിഎസി ലളിത പലകുറി ചോദിച്ചിരുന്നെന്ന് ഭദ്രന്‍ ഓര്‍ക്കുന്നു. ലളിതയ്ക്കൊപ്പം ചിത്രത്തിന്‍റെ ഭാ​ഗമായിരുന്ന, പിന്നീട് വിട പറഞ്ഞ ഒരുകൂട്ടം കലാകാരന്മാരെയും ഭദ്രന്‍ അനുസ്മരിക്കുന്നു.

"എന്തും സഹിച്ചും കൊടുത്തും മകനെ സ്നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്റെയും നാവിലെ ഇരട്ടി മധുരമായിരുന്നു. ആ അമ്മ എത്ര വട്ടം ആവർത്തിച്ച് എന്നോട് ചോദിക്കുമായിരുന്നു. "എന്നാണ് ഭദ്രാ,നിങ്ങളീ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ സ്ഫടികം തിയറ്ററിൽ ഒന്നൂടി കാണാൻ പറ്റുക..." ഈശ്വരന്റെ കാലേകൂട്ടിയുള്ള ഒരു നിശ്ചയമായിരുന്നിരിക്കാം, ഈ അമ്മയുടെ വേർപാടിന്റെ ഓർമകളിലൂടെ വേണം ഈ പുതിയ തലമുറ 'സ്ഫടിക'ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനും.. മരണമില്ലാത്ത ഇത്രയും മഹാരഥന്മാർ ഒന്നിച്ചു കൂടിയ മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല...", ഭദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കെപിഎസി ലളിതയെക്കൂടാതെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും സാങ്കേതിക പ്രവര്‍ത്തകരമായ നിരവധി പേര്‍ ഇന്ന് നമുക്കൊപ്പമില്ല. തിലകന്‍, നെടുമുടി വേണു, രാജന്‍ പി ദേവ്, ശങ്കരാടി, കരമന ജനാര്‍ദ്ദനന്‍ നായര്‍, ബഹദൂര്‍, എന്‍ എഫ് വര്‍​ഗീസ്, പറവൂര്‍ ഭരതന്‍, സില്‍ക്ക് സ്മിത, ഛായാ​ഗ്രാഹകന്‍ ജെ വില്യംസ്, എഡിറ്റര്‍ എം എസ് മണി, സ്റ്റില്‍ ഫോട്ടോ​ഗ്രാഫര്‍ എന്‍ എല്‍ ബാലകൃഷ്ണന്‍ എന്നിവരെയൊക്കെ അനുസ്മരിച്ചുകൊണ്ടുള്ളതാണ് ഭദ്രന്‍റെ പോസ്റ്റ്.

കെപിഎസി ലളിതയുടെ വിയോ​ഗത്തിനു പിന്നാലെ സ്ഫടികം ചിത്രീകരണ സമയത്തെ ഒരു ഓര്‍മ്മയും ഭദ്രന്‍ പങ്കുവച്ചിരുന്നു. ഭദ്രന്‍റെ വാക്കുകള്‍- "ഞാൻ ഓർക്കുന്നു, തിലകൻ ചേട്ടന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാൻ വിളിച്ചപ്പോൾ വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകൻ ചേട്ടൻ അഭിനയിക്കുമ്പോൾ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തിൽ നിന്ന് എന്നോട് ഉണ്ടാകുമോ? ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു; "അതിപ്പോ അങ്ങേര് കാണിച്ചില്ലേലും ഞാനങ്ങോട്ട് കാണിച്ചാൽ പോരേ.. " അതാണ് KPAC ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നെന്നേക്കുമായി സ്മൃതിയിലേയ്ക്ക് ആണ്ടു പോയതിൽ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു KPAC ലളിത ഭൂമുഖത്തുണ്ടാവില്ല."

'മൈക്കിള്‍' എത്താന്‍ നാല് ദിവസം; ഭീഷ്മ പര്‍വ്വം റിസര്‍വേഷന്‍ ഇന്നു മുതല്‍

click me!