
അന്തരിച്ച അഭിനയ പ്രതിഭ കെപിഎസി ലളിതയെ (KPAC Lalitha) അനുസ്മരിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി (Sreekumaran Thampi). അവസാനം ഫോണില്‍ സംസാരിച്ചപ്പോള്‍ താനിനി അധികകാലം ഇല്ലെന്നാണ് ലളിത പറഞ്ഞതെന്ന് പറയുന്നു അദ്ദേഹം. സഹോദരനിര്‍വിശേഷമായ ബന്ധമായിരുന്നു തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്നും.
ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍
ലളിത അന്തരിച്ചു. ഇത്രയും അനായാസമായി അഭിനയിക്കുന്ന നടികൾ ഇന്ത്യൻ സിനിമയിൽ തന്നെ കുറവാണ്. ഞാൻ നിർമ്മിച്ച മിക്കവാറും സിനിമകളിൽ ലളിത മികച്ച വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഞാൻ പ്രശസ്ത ചാനലുകൾക്ക് വേണ്ടി നിർമ്മിച്ച മെഗാ സീരിയലുകളിലും അവർ അഭിനയിച്ചു. എങ്കിലും ചലച്ചിത്രരംഗത്തെ രണ്ടു പ്രതിഭകൾ തമ്മിലുള്ള ബന്ധമല്ല ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. ഞങ്ങൾ അടുത്ത ബന്ധുക്കളെപോലെയായിരുന്നു. മാതൃഭൂമിയിൽ വന്ന "ജീവിതം ഒരു പെൻഡുലം" എന്ന എന്റെ ആത്മകഥയുടെ ഓരോ അധ്യായവും വായിച്ചതിനു ശേഷം ലളിത എന്നെ വിളിക്കുമായിരുന്നു. ജീവിതത്തിലെ ഏറ്റവും ദുഖകരമായ അനുഭവങ്ങളെക്കുറിച്ചുപോലും ലളിത എന്നോട് പറഞ്ഞിട്ടുണ്ട്. "ഞാൻ ഒരാങ്ങളേടെ നെലേലാ തമ്പിസാറിനെ കാണുന്നത്" എന്ന് പറയും. ശരിക്കും അങ്ങനെ തന്നെയാണ് ഞാൻ ലളിതയേയും കണ്ടിരുന്നത്. ലളിതയുടെ കരളിന് രോഗമാണ് എന്നറിഞ്ഞപ്പോൾ വളരെ ദുഃഖം തോന്നി. ഫോണിൽ സംസാരിച്ചപ്പോൾ "ഇനി ഞാൻ അധികകാലമില്ല "എന്ന് പറഞ്ഞതും വേദനയോടെ ഓർമ്മിക്കുന്നു. നിർമ്മാതാവ് എന്ന നിലയിൽ നേരിട്ട സാമ്പത്തിക നഷ്ടങ്ങൾക്കിടയിൽ എനിക്ക് കിട്ടിയ ലാഭമാണ് ലളിതയെപ്പോലുള്ളവരുടെ സ്നേഹം. വിട ! പ്രിയസഹോദരീ, വിട !
'എന്നോട് ശത്രുതയിലിരിക്കുന്ന തിലകൻ ചേട്ടനുമായി ശരിയാവുമോ'? സ്ഫടികം ഓര്‍മ്മ പങ്കിട്ട് ഭദ്രന്‍
മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്‍റെ തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലെ ഫ്ലാറ്റില്‍ ഇന്നലെ രാത്രി 10.20നായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച ലളിതയ്ക്ക് രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 700ല്‍ അധികം സിനിമകളുടെ ഭാഗമായി. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. ശ്രീക്കുട്ടി മകളാണ്. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.
മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്. കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. ആലപ്പുഴയിലെ കായംകുളം രാമപുരത്ത് കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നത്. അങ്ങനെയാണ് ലളിത എന്ന പേർ സ്വീകരിച്ചത്. പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേർത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ