ചെമ്മീൻ തൊണ്ടയില്‍ കുടുങ്ങി മരണം മുന്നില്‍ക്കണ്ട തിരക്കഥാകൃത്ത്, ഓര്‍മ്മക്കുറിപ്പുമായി കൃഷ്‍ണ പൂജപ്പുര

Web Desk   | Asianet News
Published : May 04, 2020, 11:36 AM ISTUpdated : May 04, 2020, 11:56 AM IST
ചെമ്മീൻ തൊണ്ടയില്‍ കുടുങ്ങി മരണം മുന്നില്‍ക്കണ്ട  തിരക്കഥാകൃത്ത്, ഓര്‍മ്മക്കുറിപ്പുമായി കൃഷ്‍ണ പൂജപ്പുര

Synopsis

ഭൂമിയിലെ എന്റെ വേഷം അവസാനിപ്പിക്കാൻ, മുകളിലെ ആ വലിയ ഡയറക്ടർ തെരഞ്ഞെടുത്തിരിക്കുന്ന ലൊക്കേഷൻ മലേഷ്യ ആണ്. എനിക്ക് അവരോട് എന്തോ പറയണം എന്നുണ്ട്.  പക്ഷേ മിണ്ടാനാകുന്നില്ല. എനിക്ക് ഉറപ്പായി. മരിക്കാൻ പോവുകയാണെന്ന് അന്ന് തോന്നിയെന്ന് തിരക്കഥാകൃത്ത് കൃഷ്‍ണ പൂജപ്പുര പറയുന്നു.  

മീൻ മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ ആള്‍ക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് വല്ലാത്തതാണ്. ഒരു ചെമ്മീൻ തൊണ്ടയില്‍ കൊളുത്തിപ്പിടിച്ച അനുഭവം പറയുകയാണ് തിരക്കഥാകൃത്ത് കൃഷ്‍ണ പൂജപ്പുര. മരണം മുന്നില്‍ക്കണ്ടു. ശ്വാസോച്‍ഛ്വാസം ഇല്ലാത്തതുപോലെ തോന്നി. ശരീരം അനങ്ങാതെയുമായിരുന്നുവെന്ന് കൃഷ്‍ണ പൂജപ്പുര പറഞ്ഞു.

കൃഷ്‍ണ പൂജപ്പുരയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

അതൊരു ഭീകര രാത്രിയായിരുന്നു, മലേഷ്യൻ രാത്രി. സംവിധായകൻ സജി സുരേന്ദ്രൻ ക്യാമറാമാൻ അനിൽ നായർ പിന്നെ ഞാൻ. ഫോർ ഫ്രണ്ട്സ് സിനിമയുടെ ലൊക്കേഷൻ കണ്ടിട്ട് ഹോട്ടലിലേക്ക് പോകുന്ന വഴി. സമയം രാത്രി 8 30. ഹൈവേയിൽ കണ്ട, നമ്മുടെ തട്ടുകട സമാനമായ ഒരു ഓപ്പൺ ഹോട്ടലിലേക്ക് കയറുന്നു. ചില മലേഷ്യൻ വിഭവങ്ങൾ ഓർഡർ ചെയ്യുന്നു. അത് മുന്നിലെത്തുന്നു. ഫ്രൈഡ് റൈസ് പോലുള്ള എന്തോ മലേഷ്യൻ വിഭവമാണ്. ഇതുവരെ കാര്യങ്ങൾ രസകരവും സന്തോഷകരവുമായി നടന്നു.

ചെമ്മീൻ

ഞാൻ റൈസ് ഒരല്‍പം കഴിക്കുന്നു. ഒരു നിമിഷം. എന്റെ തൊണ്ടയിൽ എന്തോ ഒന്നു കുരുങ്ങിയത് പോലെ ഒരു ഫീൽ. റൈസിൽ ഉണ്ടായിരുന്ന എന്തെങ്കിലും പച്ചക്കറി ആണെന്ന് കരുതി. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യുമ്പോലെ തൊണ്ടയിൽ ഒരു അഭ്യാസം കാണിച്ചു ഇറക്കാൻ നോക്കി.  ഇല്ല. ഒരിക്കൽ കൂടി ശ്രമിച്ചു. ഇല്ല. നടക്കുന്നില്ല. അടുത്ത നിമിഷംഎനിക്ക് മനസ്സിലായി. പച്ചക്കറിയൊന്നുമല്ല റൈസിന്റെ ഇടയിൽ ഉണ്ടായിരുന്ന ഒരു പൊള്ളിച്ച ചെമ്മീൻ എന്റെ തൊണ്ടയിൽ കൊളുത്തി പിടിച്ചിരിക്കുകയാണ്. ആ ഇടനാഴി ഫുൾ ബ്ലോക്ക്‌ ആയിരിക്കുന്നു. ഒരു കുഞ്ഞു ടെൻഷൻ മനസ്സിലെവിടെയോ വീണു.  ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളിൽ ചെയ്യുന്നതുപോലെ ഒരു ചെറിയ ഉരുള എടുത്തു കഴിച്ചു. നമ്മൾ കണ്ടുപിടിച്ചിട്ടുള്ള ചലനനിയമം അനുസരിച്ച് രണ്ടാമത് ചെല്ലുന്നതു ആദ്യം തങ്ങിനിൽക്കുന്നതിനെ തള്ളി മാറ്റേണ്ടതാണല്ലോ. ഇല്ല. എന്നുമാത്രമല്ല എന്റെ ശ്വാസോച്ഛ്വാസം ബ്ലോക്ക് ആയി തുടങ്ങി. കാലിൽ നിന്ന് ഒരു തണുപ്പ് അരിച്ചു കയറുന്നു. അത് ശരീരം മുഴുവൻ വ്യാപിക്കുന്നു. കണ്ണിലെ കൃഷ്‍ണമണിക്ക് മുന്നിൽ ഒരുപാട വീണതുപോലെ. മുമ്പിലിരിക്കുന്ന സജിയും അനിലും ഞങ്ങളുടെ സാരഥി സുരേഷും ഫോക്കസ് ഔട്ട് ആയി. വെറും നിഴലുകൾ. എനിക്ക് അവരോട് എന്തോ പറയണം എന്നുണ്ട് പക്ഷേ ഒച്ച ഒന്ന് പൊങ്ങികിട്ടണ്ടെ. ശരീരം അനങ്ങുന്നില്ല. എനിക്ക് മനസ്സിലായി. ഭൂമിയിലെ എന്റെ വേഷം അവസാനിപ്പിക്കാൻ, മുകളിലെ ആ വലിയ ഡയറക്ടർ തെരഞ്ഞെടുത്തിരിക്കുന്ന ലൊക്കേഷൻ മലേഷ്യ ആണ്. എനിക്ക് ഉറപ്പായി. മരിക്കാൻ പോവുകയാണ്.

ചില പ്രശ്‍നങ്ങൾ

കുഴപ്പമില്ല. വിദേശത്ത് വച്ച് മരണപ്പെടുന്നത് ഒരു അന്തസ്സ് തന്നെ. ഗമ തന്നെ. ആരുടെ മുമ്പിലും നെഞ്ചുവിരിച്ച് കിടക്കാം. തിരക്കഥാകൃത്തായ ഇന്നാർ മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിൽ വെച്ച് എന്നൊക്കെ ചെറിയതോതിൽ വാർത്ത വരും. അഭിമാനിക്കാം. പക്ഷേ കുഴപ്പം അതല്ല. എങ്ങനെ മരിച്ചു? എന്നുള്ള പ്രശ്‍നം വരുന്നിടത്താണ്. തിരക്കഥാകൃത്തു തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി മരിച്ചു.അയ്യേ, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ. അന്വേഷിച്ചു വരുന്നവർ ഭാര്യയോട്, 'എങ്ങനെയാണ് സംഭവം 'എന്ന് ചോദിച്ചാൽ ഭാര്യക്കു സങ്കടമാണോ കലി ആണോ വരാൻ പോകുന്നത്. ജീവിത കാലത്തോളം കുടുംബത്തെ മീൻമുള്ള് വേട്ടയാടില്ലേ. വർഷം എത്ര കഴിഞ്ഞാലും, ഇതിനെക്കുറിച്ച് ഒരു ചോദ്യം വരുമ്പോൾ തന്നെ ഭാര്യക്ക് വിഷയം മാറ്റിക്കളയേണ്ടി വരില്ലേ. സൗഭാഗ്യങ്ങളോ കൊടുക്കാൻ പറ്റിയില്ല, ഇങ്ങനെയൊരു നാണക്കേട് കൊടുത്തിട്ട് ആണല്ലോ കളമൊഴിയേണ്ടി വരുന്നത് എന്നൊക്കെ പത്തു സെക്കൻഡിനുള്ളിൽ എന്റെ തലച്ചോറിൽ ചില നിരീക്ഷണങ്ങൾ മിന്നി. " പണ്ട് നത്തോലിയും ചാളയും കഴിച്ചനടന്ന കക്ഷിയാ. സിനിമയിൽ കയറിയപ്പോ ചെമ്മീനും കരിമീനും ഇല്ലാതെ ചോറ് ഇറങ്ങില്ല. അപ്പോൾ ഇങ്ങനെയൊക്കെ തന്നെ വരും" എന്ന് എന്നെ അടുത്തറിയാവുന്നവർ പറഞ്ഞേക്കാവുന്ന ഡയലോഗുകൾ കാതിൽ ഓളം വെട്ടി. ഇല്ല എനിക്ക് ജീവിച്ചേ പറ്റൂ. ദൈവം എന്ന പേരിൽ ആരെങ്കിലും ഒക്കെ ഉണ്ടെങ്കിൽ അവർക്കൊക്കെ ഞാൻ പെട്ടെന്ന് അപേക്ഷകൾ അയച്ചു. ചെയ്‍തുപോയ തെറ്റുകൾ ഇനി ആവർത്തിക്കില്ല. മുതിർന്നവരോട് ബഹുമാനം ഇളയവരോട് സ്നേഹം സഹജീവികളോട് കരുണ എന്നിവ അനുസരിച്ച് ജീവിച്ചോളാം ജീവിതത്തിൽ ഒരു തെറ്റും ചെയ്യില്ല എന്നൊക്കെ സത്യവാങ്മൂലങ്ങൾ അയച്ചു. ഭക്ഷണത്തോട് ഒരിക്കലുംആർത്തി കാണിക്കില്ല.സൂക്ഷിച്ചും കണ്ടും കഴിക്കാം

അവസാന കൈ. ഞാൻ എന്റെ മുന്നിലെ റൈസ് മുഴുവൻ ഏതാണ്ട് ഒറ്റ ഉരുളയാക്കി. ഒരു വിഴുങ്ങൽ. (ആ ഉരുള ഒരു ആനയ്ക്കാണ് കൊടുത്തിരുന്നെങ്കിൽ രണ്ടാക്കി കൊടുക്കാൻ പറയുമായിരുന്നു ആന.) ജീവിതത്തിലേക്ക് എങ്ങിനെയും പിടിച്ചുകയറാനുള്ള ത്വര നിറച്ച ഉരുള..

ഒരു നിമിഷം. രണ്ടു നിമിഷം. ഒരു പ്രാവശ്യത്തേക്കു വിട്ടേക്കടെ എന്ന് ഉരുള ചെമ്മീനിനോട് പറഞ്ഞിരിക്കണം. കൊളുത്തു വിട്ടു. വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടുപോയി എന്ന് പറയും പോലെ ഉരുള ചെമ്മീനിനെയും കൊണ്ടുപോയി. ആ ഒരു മുഹൂർത്തം അനുഭവിക്കുന്ന ആളിനല്ലാതെ, എത്രപറഞ്ഞാലും , മറ്റൊരാൾക്ക്‌ മനസ്സിലാകില്ല എന്നതുകൊണ്ട്, ഞാൻ വിശദീകരിക്കുന്നില്ല. ശരീരത്തിൽനിന്ന് തണുപ്പ് ഇറങ്ങിപ്പോകുന്നത് എനിക്ക് കണ്ടുകൊണ്ട് കാണാമായിരുന്നു. കണ്ണിലേക്ക് വെളിച്ചം വരുന്നു. സജിയും അനിലും ഒക്കെ തൊട്ടടുത്ത് തന്നെ ഉണ്ട്. ഞാൻ മുകളിലേക്ക് നോക്കി. നക്ഷത്രങ്ങൾ തിളങ്ങുന്നു. അതിനു മുമ്പോ ശേഷമോ അത്രയും തിളക്കമുള്ള നക്ഷത്രങ്ങളെ ഞാൻ കണ്ടിട്ടില്ല.

ജീവൻ

ജീവൻ എന്നു പറയുന്നത് ഒരു ഭയങ്കര സംഭവം തന്നെയാണ്. ഒരു സൂക്ഷ്‍മജീവിയുടെ അടുത്തും നമ്മുടെ നിഴൽ എത്തുകയാണെങ്കിൽ അത് പാറി പോകുന്നത് ജീവൻ രക്ഷിക്കണം എന്ന പ്രേരണ തലച്ചോറിൽ എത്തുന്നത് അതുകൊണ്ടാണല്ലോ. കോവിഡ് കാലത്ത് അടച്ചമുറികളിൽ ഇരിക്കുന്നതും മാസ്‍ക് കെട്ടുന്നതും കൈ വീണ്ടും വീണ്ടും കഴുകുന്നതുംസുന്ദരമായ പ്രപഞ്ചത്തിൽ എങ്ങനെയും ഒന്നു ജീവിക്കാൻ വേണ്ടി തന്നെയാണ്. ഇറ്റലിയിലെ ഒരു മുതിർന്ന പൗരൻ കോവിഡ് കേന്ദ്രത്തിൽ, വെന്റിലേറ്ററിൽ നിന്നു തന്നെ മാറ്റരുതെന്നും എങ്ങനെയും രക്ഷിച്ച് തരണമെന്നും നഴ്‍സിനോട് അപേക്ഷിച്ചതും അവർ നിസ്സഹായയായി പോയതും നമ്മൾ കേട്ടതാണ് ല്ലോ.ഇർഫാൻ ഖാന്റെ ഒരു കത്ത്, ജീവിക്കാനുള്ള അദ്ദേഹത്തിന്റെ മോഹം വെളിവാക്കുന്നതാണല്ലോ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചത്താ പച്ചയിലെ 'നെഞ്ചിലെ' എന്ന ഗാനം പുറത്ത്; ചിത്രം ജനുവരി 22 മുതൽ തിയേറ്ററുകളിൽ
'ആദർശവനായ ഒരാളെ കുറിച്ചാണ് രാമായണം പറയുന്നത്, ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം...; തുറന്നുപറഞ്ഞ് എ.ആർ റഹ്മാൻ