
കൃഷ്ണാഷ്ടമി ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‍സ് എന്ന സിനിമയുടെ ഓഡിയോ റിലീസ് സെപ്തംബർ 21 ഞായറാഴ്ച വൈകിട്ട് 4.30 ന് തൃശൂർ റീജിയണല്‍ തിയറ്ററിൽ വച്ച് നടക്കും. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ്.
സൈന മ്യൂസിക് ആണ് വിതരണക്കാർ. ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ സിനിമയിൽ ഏഴ് ഗാനങ്ങളാണുള്ളത്. വൈലോപ്പിള്ളിയുടെ വരികൾക്ക് പുറമെ അഭിലാഷ് ബാബുവിൻ്റെ വരികളും സിനിമയിലുണ്ട്. ഔസേപ്പച്ചൻ, പി എസ് വിദ്യാധരൻ, ജയരാജ് വാര്യർ, ഇന്ദുലേഖ വാര്യർ, സ്വർണ്ണ, അമൽ ആന്‍റണി, ചാർളി ബഹ്റിൻ എന്നിവരാണ് ഗായകർ.
സംവിധായകൻ ജിയോ ബേബി മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തിച്ചേരും. വൈലോപ്പിള്ളി ശ്രീധരമേനോന്റെ 1958 ൽ പുറത്തിറങ്ങിയ 'കടൽകാക്കകൾ' എന്ന സമാഹാരത്തിൽ ഉൾപ്പെട്ട കവിതയാണ് 'കൃഷ്ണാഷ്ടമി'. ദുരധികാരപ്രയോഗത്തിന് ഇരയാകുന്ന നിസ്വരായ കുറച്ച് മനുഷ്യരുടെ ജയിലിലെ ജീവിതമാണ് കൃഷ്ണാഷ്ടമി പറയുന്നത്. ഇതിനെ പുതിയ കാലത്തിനനുസരിച്ച് കുറച്ച് മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തി ദൃശ്യഭാഷ നൽകിയിരിക്കുകയാണ് കൃഷ്ണാഷ്ടമി എന്ന ചിത്രത്തില്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കാർത്തിക് ജോഗേഷ്, ചായാഗ്രഹണം ജിതിൻ മാത്യു, എഡിറ്റർ അനു ജോർജ്, സൗണ്ട് രബീഷ്, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ, പ്രോജക്ട് ഡിസൈനർ ഷാജി എ ജോൺ, അസോസിയേറ്റ് ഡയറക്ടർ അഭിജിത് ചിത്രകുമാർ, മേക്കപ്പ് ബിനു സത്യൻ, കോസ്റ്റ്യൂംസ് അനന്തപത്മനാഭൻ, പി ആർ ഒ- എ എസ് ദിനേശ്.