
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍. നമ്മുടെ സ്വകാര്യ അഹങ്കാരമായിരിക്കുമ്പോള്‍ത്തന്നെ വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ചിത്ര മറുഭാഷക്കാരുടെയും പ്രിയങ്കരിയാണ്. മലയാളികളെ സംബന്ധിച്ച് അത്രയും പ്രിയപ്പെട്ട ഗായിക എന്നതിനൊപ്പം സാസ്കാരിക ലോകത്തെ സൗമ്യവും ദീപ്തവുമായ സാന്നിധ്യം കൂടിയാണ് കെ എസ് ചിത്ര. കാലത്തിനൊപ്പം പ്രായമാകാത്ത സ്വരമാധുരിയുടെ ഉടമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളും ആരാധകരും.
തന്റെ അഞ്ചാം വയസ്സില്‍ ആകാശവാണിക്ക് വേണ്ടിയാണ് കൃഷ്ണന്‍ ശാന്തകുമാരി ചിത്ര എന്ന കെ എസ് ചിത്ര ആദ്യമായി റെക്കോര്‍ഡിംഗ് മൈക്കിന് മുന്നിലേക്ക് എത്തുന്നത്. പ്രതിഭയുള്ള ആ കുട്ടിയെ ആദ്യമായി കേട്ടവര്‍ തന്നെ ശ്രദ്ധിച്ചു. അരവിന്ദന്റെ കുമ്മാട്ടി (1979) എന്ന ചിത്രത്തില്‍ കോറസ് പാടി സിനിമാ രംഗത്തേക്ക് എത്തിയത് ഒരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു. ആ അവസരം ലഭിച്ചത് എം ജി രാധാകൃഷ്ണനിലൂടെ ആയിരുന്നു. പതിനാലാം വയസ്സില്‍ 'അട്ടഹാസം' എന്ന ചിത്രത്തില്‍ പാടിത്തുടങ്ങിയപ്പോള്‍ അതൊരു മലയാളത്തിന്റെ മഹാഗായികയുടെ പിറവി കൂടിയാണെന്ന് അന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനായി പാടിയ ഗാനങ്ങള്‍ ആദ്യ സൂപ്പര്‍ഹിറ്റുകള്‍. പിന്നീട് സംഭവിച്ചതൊക്കെ കേട്ടുകേട്ടുമതിവരാതെ നമ്മുടെ കാതോട് കാതോരമുണ്ട്.
മലയാളത്തിനൊപ്പം തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, ഒഡിയ, പഞ്ചാബി, രാജസ്ഥാനി, മറാഠി, തുളു തുടങ്ങി ചിത്ര പാടാത്ത ഇന്ത്യന്‍ ഭാഷകള്‍ കുറവായിരിക്കും. അവിടങ്ങളിലെയെല്ലാം സംഗീതപ്രേമികള്‍ക്ക് ഓര്‍ക്കാന്‍ നൊടി പോലും വേണ്ടാത്ത ചിത്രയുടെ ഗാനങ്ങളുമുണ്ട്. അത് തന്നെയാണ് ഈ ഗായികയുടെ വിജയവും. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ പല കാലങ്ങളിലായി ചിത്രയെ തേടി എത്തിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും 43 സംസ്ഥാന പുരസ്കാരങ്ങളും 10 ഫിലിം ഫെയര്‍ അവാര്‍ഡുകളും ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യം 2005 ല്‍ പദ്മശ്രീയും 2021 ല്‍ പദ്മ ഭൂഷണും നല്‍കി ഈ മഹാഗായികയെ ആദരിച്ചു.
കലാജീവിതം തുടങ്ങി അഞ്ച് പതിറ്റാണ്ടിന് ഇപ്പുറവും കേള്‍ക്കുന്ന പാട്ടുകള്‍ക്കപ്പുറം നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ് കെ എസ് ചിത്ര. പിന്നണി ഗായിക എന്നതിനൊപ്പം വിധികര്‍ത്താവായി റിയാലിറ്റി ഷോകളിലും ഒപ്പം ലൈവ് സ്റ്റേജ് ഷോകളിലുമായി ചിത്രയെ കണ്ടുകൊണ്ടും കേട്ടുകൊണ്ടുമിരിക്കുകയാണ് സംഗീത പ്രേമികള്‍. ഏത് സാഹചര്യത്തിലും ആസ്വാദകന്‍റെ മനസിന് സാന്ത്വനം പകരുന്ന സാന്നിധ്യമായി തുടരും എണ്ണമറ്റ ആ മനോഹര ഗാനങ്ങള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ