
'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിൽ ബേസിൽ ജോസഫിന്റെ അമ്മയായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച നടിയാണ് കുടശ്ശനാട് കനകം. നാടക കലാകാരികൂടിയായ കുടശ്ശനാട് കനകം ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ ബേസിൽ ജോസഫ് തന്നെ ഒരിക്കൽ സഹായിച്ചതിനെ കുറിച്ച് കുടശ്ശനാട് കനകം പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
മകൻ മരിച്ചതിനെ തുടർന്ന് കടം വീട്ടാൻ സംവിധായകൻ ബേസിൽ ജോസഫിനോട് സിനിമയിൽ ഏതാനും ദിവസത്തെ ജോലി ആവശ്യപ്പെട്ടു. കയ്യിലുള്ള പണം ഉപയോഗിച്ചാൽ അടിയന്തര ആവശ്യങ്ങൾക്ക് തികയില്ലെന്നതിനാലായിരുന്നു ഇത്. എന്നാൽ, ജോലി നൽകുന്നതിന് പകരം ബേസിൽ ജോസഫ് തനിക്ക് 30,000 രൂപ അയക്കുകയാണുണ്ടായതെന്ന് കുടശ്ശനാട് കനകം പറയുന്നു.
"എന്റെ മകൻ മരിച്ച സമയത്ത് എനിക്ക് ഒരു 27,500 രൂപ കടമുണ്ട്. എന്റെ പേരിൽ ചെറിയ ഒരു ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ടായിരുന്നു. നാടകത്തിന്റെ പെൻഷൻ, 4000 രൂപ എല്ലാ മാസവും കിട്ടുന്നുണ്ട്. ഇങ്ങനെ കയ്യിലുള്ളതെല്ലാം നുള്ളിപ്പെറുക്കിയാൽ ആ 27,500 രൂപ എളുപ്പത്തിൽ കൊടുക്കാം. പിന്നെ കയ്യിൽ കാശുണ്ടാവില്ല. എനിക്ക് പെട്ടെന്ന് വല്ല പനിയോ മറ്റോ വന്നാലോ? ഉടനെ ഞാൻ ബേസിലിനെ വിളിച്ചു. ഒറ്റ വിളിക്ക് എടുത്തു. ‘മോനേ എനിക്ക് ഫെബ്രുവരിയിൽ ഒരു നാലഞ്ച് ദിവസത്തെ വർക്ക് തരണം. മോന്റെ സിനിമയിൽ ഇല്ലെങ്കിൽ പരിചയമുള്ള സംവിധായകരോട് പറഞ്ഞ് എനിക്ക് വർക്ക് വാങ്ങി തരണം’ എന്ന് പറഞ്ഞു."
‘അതിനെന്താ അമ്മേ... നമുക്ക് ചെയ്യാമല്ലോ. ഞാൻ തീർച്ചയായും ശ്രമിക്കാം’ എന്നായിരുന്നു മറുപടി. അഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ ബേസിലിന്റെ മാനേജറിന്റെ വിളി വന്നു. 'അമ്മയുടെ ഗൂഗിൾ പേ നമ്പർ ഇതാണോ’ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ‘അയ്യോ ഞാൻ പൈസയ്ക്ക് അല്ല വിളിച്ചത്, വർക്ക് കിട്ടാൻ ആണ്, എനിക്ക് പൈസ ഇട്ടു തരല്ലേ’ എന്ന് പറഞ്ഞു. പക്ഷേ, അവൻ 30,000 രൂപ ഇട്ടു തന്നു. ഇതൊക്കെ ചാനലിൽ പറഞ്ഞു എന്നറിഞ്ഞാൽ ചിലപ്പോൾ വഴക്ക് പറയും." കുടശ്ശനാട് കനകം പറയുന്നു. ഫൈൻ ആർട്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കുടശ്ശനാട് കനകത്തിന്റെ തുറന്നുപറച്ചിൽ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ