
മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ജോണ്‍ പോണ്‍ വിടവാങ്ങിയിരിക്കുന്നു. എന്നെന്നും ഓര്‍ക്കുന്ന സിനിമകള്‍ ഓര്‍മയിലേക്ക് ബാക്കി വെച്ചാണ് ജോണ്‍ പോള്‍ യാത്രയായിരിക്കുന്നത്. സമാന്തര- വാണിജ്യ സിനിമകളില്‍ ഒരുപോലെ വിജയം സ്വന്തമാക്കിയ ചലച്ചിത്രകാരനുമാണ് ജോണ്‍ പോള്‍. ജോണ്‍ പോളിന്റെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്‍ടം കൂടിയാണെന്ന് കുഞ്ചാക്കോ ബോബൻ എഴുതുന്നു (John Paul Script Writer).
മനസ്സിനെ സ്‍പർശിക്കുന്ന ഒട്ടനവധി സിനിമകൾക്ക് ജന്മം നൽകിയ ആള്‍. കണ്ടുമുട്ടിയ എല്ലാവരുടെയും ഹൃദയത്തിൽ തങ്ങിനിൽക്കുന്ന വ്യക്തി, ഭാഷയിലും സാഹിത്യത്തിലും സമാനതകളില്ലാത്ത ആധിപത്യം പുലർത്തി. നാമെല്ലാവരും അങ്കിൾ എന്ന് സ്‍നേഹത്തോടെ വിളിച്ച മനുഷ്യൻ. ഉദയ കുടുംബത്തോട്, പ്രത്യേകിച്ച് എന്റെ അപ്പനോട് നിങ്ങൾക്കുള്ള ഊഷ്‍മളതയും സ്‍നേഹവും എനിക്ക് അനുഭവിച്ച നിരവധി സന്ദർഭങ്ങളുണ്ട്.
ശരീരത്തെക്കാൾ വലിയ മനസ്സുള്ള അദ്ദേഹത്തിന്റെ സ്‍നേഹം അടുത്തില്ലാത്തപ്പോഴും അനുഭവിക്കാൻ കഴിഞ്ഞ ഒരുപാട് പേരുണ്ട്. ജോണ്‍ പോള്‍ അങ്കിളിന്റെ ശബ്‍ദവും വാക്കുകളും വല്ലാതെ മിസ്സ് ചെയ്യും. പക്ഷെ സിനിമയിലെയും സാഹൃത്യത്തിലെയും നിങ്ങളുടെ സൃഷ്‍ടികൾ ഞങ്ങളോട് സംസാരിച്ചുകൊണ്ടേയിരിക്കും.
നെടുമുടി വേണു ചേട്ടൻ, ലളിത ചേച്ചി, ഇപ്പോൾ ജോൺ പോൾ അങ്കിൾ.. അടുത്ത കാലത്തായി മലയാള സിനിമാ മേഖലയ്‌ക്ക് വലിയ നഷ്‌ടങ്ങള്‍ എന്റെയും എന്റെ കുടുംബത്തിന്റെയും വ്യക്തിപരമായതുകൂടിയാണ്. നിങ്ങൾ എല്ലാവരും സ്വർഗ്ഗത്തിൽ നിങ്ങളുടെ സൗഹൃദം പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോണ്‍ പോളിന്റെ ഫോട്ടോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നു.
Read More : തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു
ഇതിഹാസ തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു (John Paul Passed away). 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുന്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പോളിന്‍റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ നേരത്തെ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ പൊതുജനങ്ങളിൽ നിന്നായി ചികിത്സ സഹായമായി എത്തി. ജോൺ പോളിനെ മന്ത്രി പി രാജീവ് ആശുപത്രിയിലെത്തി കണ്ടിരുന്നു. മാസങ്ങളായി തുടരുന്ന ചികിത്സ മൂലം ജോൺ പോളിൻ്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് പ്രേക്ഷകരുടെ സഹായത്തോടെ ഫണ്ട് സ്വരൂപിക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ ഈ നടപടി പുരോഗമിക്കുന്നതിനിടെ അദ്ദേഹം വിട വാങ്ങുകയായിരുന്നു. കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ് പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയതിരക്കഥാകൃത്തായി മാറിയത്.
'കാതോടു കാതോരം', 'കാറ്റത്തെ കിളിക്കൂട്', 'യാത്ര', മാളൂട്ടി, 'അതിരാത്രം', 'ഓർമയ്ക്കായ്', 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ', 'ആലോലം', ഇണ, 'അവിടത്തെപ്പോലെ ഇവിടെയും', 'ഈ തണലിൽ ഇത്തിരിനേരം', 'ഈറൻ സന്ധ്യ', 'ഉണ്ണികളെ ഒരു കഥ പറയാം', 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം', 'ഉത്സവപ്പിറ്റേന്ന്', 'പുറപ്പാട്', 'കേളി', 'ചമയം', 'ഒരു യാത്രാമൊഴി' തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്.
നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി എൻ മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ 'ഒരു ചെറുപുഞ്ചിരി' എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു.