'ദേവദൂതര്‍ പാടി',വീണ്ടും ചുവടുവെച്ച് ചാക്കോച്ചൻ, കുസൃതികളുമായി മകൻ- വീഡിയോ

By Web TeamFirst Published Sep 29, 2022, 11:39 AM IST
Highlights

'ദേവദൂതര്‍' പാടിയെന്ന ഗാനത്തിന് വീണ്ടും ചുവടുകള്‍വെച്ച് കുഞ്ചാക്കോ ബോബൻ.

കുഞ്ചാക്കോ ബോബന്റേതായി അടുത്തിടെ വൻ ഹിറ്റായ ചിത്രമായിരുന്നു 'ന്നാ താൻ കേസ് കൊട്'. അമ്പത് കോടി ക്ലബില്‍ ചിത്രം ഇടംനേടിയിരുന്നു. റിലീസ് ചെയ്‍ത് അമ്പത് ദിവസങ്ങള്‍ പിന്നിട്ട ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലും വിജയകരമായി സ്‍ട്രീം തുടരുകയാണ്. ഇപ്പോഴിതാ അമ്പത് ദിവസം പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായി കുഞ്ചാക്കോ ബോബൻ ഒരു രസികൻ വീഡിയോ പുറത്തുവിട്ടിരിക്കുന്നു.

രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്‍ത 'ന്നാ താൻ കേസ് കൊട്' ആദ്യം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താൻ കാരണം ഒരു ഗാനരംഗമായിരുന്നു. 'ദേവദൂതര്‍ പാടി'  എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബൻ ചുവടുകള്‍ വെച്ചത് കേരളം ഏറ്റെടുത്തു. അതേ ഗാനത്തിന് ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായും ചുവടുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. പാട്ടിന് താളം പിടിക്കുന്ന ഇസഹാക്കിന്റെ കുസൃതികളും കുഞ്ചാക്കോ ബോബൻ പങ്കുവെച്ച പുതിയ വീഡിയോയില്‍ കാണാം.  മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് ‘ന്നാ താന്‍ കേസ് കൊടി'ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്. ബിജു നാരായണന്‍ ആണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം 'ന്നാ താൻ കേസ് കൊടി'നായി ആലപിച്ചിരിക്കുന്നത്. ജാക്സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍', 'കനകം കാമിനി കലഹം' എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു' ശേഷം രതീഷ് ബാലകൃഷ്‍ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം 'ഷെര്‍ണി'യുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.

ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. 'സൂപ്പര്‍ ഡീലക്സ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പനി'ലും 'കനകം കാമിനി കലഹ'ത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. പി പി കുഞ്ഞികൃഷ്‍ണൻ, ഗംഗാധരൻ, ഷുക്കൂര്‍, സുധീര്‍ സി കെ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'കൊഴുമ്മൽ രാജീവൻ' അഥവാ 'അംബാസ് രാജീവൻ' എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്‍തത്.

Read More: മഹേഷ് നാരായണന്റെ സംവിധാനത്തിലെ 'അറിയിപ്പ്', ബിഹൈൻഡ് ദ് സീൻ ഫോട്ടോയും വീഡിയോയുമായി കുഞ്ചാക്കോ ബോബൻ

click me!