മലയാളത്തില്‍ ആദ്യ തിരക്കഥയുമായി 'ബാഹുബലി' രചയിതാവ്; വരുന്നത് ബിഗ് ബജറ്റ് ചിത്രം

By Web TeamFirst Published Jun 27, 2019, 11:17 PM IST
Highlights

തെലുങ്കില്‍ 2003ല്‍ പുറത്തെത്തിയ 'സിംഹാദ്രി' മുതല്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന 'ആര്‍ആര്‍ആര്‍' വരെ രാജമൗലിയുടെ ഏതാണ്ടെല്ലാ സിനിമകള്‍ക്കും രചന നിര്‍വ്വഹിച്ചത് അച്ഛന്‍ വിജയേന്ദ്ര പ്രസാദ് ആണ്.
 

'ബാഹുബലി' സംവിധായകന്‍ എസ് എസ് രാജമൗലിയുടെ പിതാവും തെലുങ്ക് സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തുമായ കെ വി വിജയേന്ദ്ര പ്രസാദ് മലയാളത്തിലേക്ക്. സംവിധായകന്‍ വിജീഷ് മണി ഒരുക്കുന്ന പുതിയ സിനിമയ്ക്കാണ് വിജയേന്ദ്രപ്രസാദ് തിരക്കഥയൊരുക്കുന്നത്. ബിഗ് ബജറ്റിലാവും സിനിമ ഒരുങ്ങുകയെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും വിജയേന്ദ്ര പ്രസാദ് അറിയിച്ചു. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങും.

പുരാണം പശ്ചാത്തലമാക്കുന്ന സിനിമയെന്നാണ് സംവിധായകന്‍ വിജീഷ് മണി പ്രോജക്ടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. നേരത്തേ ശ്രീനാരായണ ഗുരുവിന്റെ ജീവിതം പറയുന്ന 'വിശ്വഗുരു', സുഭാഷ് ചന്ദ്രബോസിന്റെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിച്ച 'നേതാജി' എന്നിവയാണ് വിജീഷ് മണി സംവിധാനം നിര്‍വ്വഹിച്ച മുന്‍ ചിത്രങ്ങള്‍. മോഹന്‍ലാലിനെ നായകനാക്കി പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ഭഗവാന്‍ (2009) എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുമാണ് വിജീഷ് മണി.

തെലുങ്കില്‍ 2003ല്‍ പുറത്തെത്തിയ 'സിംഹാദ്രി' മുതല്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന 'ആര്‍ആര്‍ആര്‍' വരെ രാജമൗലിയുടെ ഏതാണ്ടെല്ലാ സിനിമകള്‍ക്കും രചന നിര്‍വ്വഹിച്ചത് അച്ഛന്‍ വിജയേന്ദ്ര പ്രസാദ് ആണ്. ബാഹുബലി രണ്ട് ഭാഗങ്ങളുടെയും കഥ അദ്ദേഹത്തിന്റേതായിരുന്നു. തിരക്കഥയൊരുക്കിയത് അച്ഛനും മകനും ചേര്‍ന്നും. രാജമൗലിയുടെ തന്നെ ഈഗ, മഗധീര, യമഡൊംഗ, വിക്രമര്‍കുഡു, സൈ തുടങ്ങിയ രാജമൗലി സിനിമകളുടെയും കഥ വിജയേന്ദ്ര പ്രസാദിന്റേതായിരുന്നു. ബോളിവുഡ് ചിത്രങ്ങളായ ബജ്‌റംഗി ഭായ്ജാന്റെയും മണികര്‍ണികയുടെയും സഹ രചയിതാവുമായിരുന്നു അദ്ദേഹം.

click me!