
മുംബൈ: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ വന്‍ഹിറ്റായ ഐതിഹാസിക സീരിയലായ ‘ക്യുംകി സാസ് ഭി കഭി ബഹു തി’ 25 വർഷത്തിനു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. നടിയും-ബിജെപി നേതാവുമായ സ്മൃതി ഇറാനി, തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ തുളസി വിരാനിയായി തിരിച്ചെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജൂലൈ 29 മുതൽ എല്ലാ രാത്രിയും 10:30ന് സ്റ്റാർ പ്ലസിലും ജിയോ ഹോട്ട്‌സ്റ്റാറിലും ഈ പരമ്പര പ്രക്ഷേപണം ചെയ്യും.
സ്റ്റാർ പ്ലസിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പുറത്തിറക്കിയ ഒരു മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള പ്രോമോയില്‍ പ്രേക്ഷകരെ ഒരു നൊസ്റ്റാൾജിക് യാത്രയിലേക്ക് കൂട്ടികൊണ്ടുപോകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു റെസ്റ്റോറന്റിൽ ഒരു കുടുംബം ഭക്ഷണം കഴിക്കുന്നതിനിടെ ‘ക്യുംകി’യുടെ ഐതിഹാസിക ടൈറ്റിൽ ഗാനം ടെലിവിഷനിൽ മുഴങ്ങുന്നു.
“എന്റെ പ്രിയപ്പെട്ട ഷോ ആയിരുന്നു ഇത്, ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് അത് കണ്ട് ഭക്ഷണം കഴിച്ചിരുന്നു” എന്ന് ആ കുടുംബത്തിലെ അമ്മ പറയുന്നു. “ഷോ വീണ്ടും വരുന്നുണ്ട്” എന്ന് മകൻ പറയുമ്പോൾ അമ്മയുടെ കണ്ണുകൾ തിളങ്ങുന്നു. “നമ്മുടെ തുളസി ടിവിയിൽ തിരിച്ചെത്തുന്നോ?” എന്ന് അവർ ചോദിക്കുന്നു.
ഈ നിമിഷം സ്മൃതി ഇറാനിയുടെ തുളസി വിരാനി, ഒരു മഞ്ഞ-പര്‍പ്പിൾ സാരിയിൽ, തുളസി ചെടിക്ക് വെള്ളം ഒഴിക്കുന്നതായി പ്രോമോയിൽ കാണിക്കുന്നു. “തീർച്ചയായും ഞാൻ വരും, കാരണം 25 വർഷത്തെ ഒരു ബന്ധം ഞങ്ങൾക്കിടയിൽ ഉണ്ട്. നിന്നോട് വീണ്ടും കണ്ടുമുട്ടാനുള്ള സമയം ആയിരിക്കുന്നു” സ്മൃതി പുഞ്ചിരിയോടെ പറയുന്നയിടത്ത് പ്രമോ അവസാനിക്കുന്നത്.
2000 മുതൽ 2008 വരെ 1,800-ലധികം എപ്പിസോഡുകളോടെ പ്രക്ഷേപണം ചെയ്ത ‘ക്യുംകി സാസ് ഭി കഭി ബഹു തി’ ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പരമ്പരകളില്‍ ഒന്നാണ്. വിരാനി കുടുംബത്തിന്റെ വൈകാരിക യാത്രകളും ദൈനംദിന ജീവിതത്തിലെ സംഘർഷങ്ങളും ചിത്രീകരിച്ച ഈ പരമ്പര, ദശലക്ഷക്കണക്കിന് വീടുകളിൽ രാത്രികളിലെ സ്ഥിരം കാഴ്ചയായിരുന്നു. തുളസി വിരാനിയായി സ്മൃതി ഇറാനിയും, മിഹിർ വിരാനിയായി അമർ ഉപാധ്യായും ഇതില്‍ അഭിനയിച്ചു.
എക്‌താ കപൂറിന്റെ ബലാജി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന പുതിയ ഷോ എന്നാല്‍ കുറഞ്ഞ എപ്പിസോഡുകളെ ഉണ്ടാകൂ എന്നാണ് വിവരം.