
വിസ്മയ മോഹൻലാൽ നായികയായി എത്തിയ 'തുടക്കം' എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. #L370 എന്ന് വർക്കിങ് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ്. തരുൺ മൂർത്തി- മോഹൻലാൽ കോംബോ ഒന്നിക്കുന്ന അതിമനോഹരം എന്ന ചിത്രത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാം മോഹൻലാൽ ചിത്രമായിരിക്കും #L370. അടുത്ത വർഷമായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
അതേസമയം തരുൺ മൂർത്തി ചിത്രം അതിമനോഹരം ചിത്രീകരണം പൂർത്തിയായിരുന്നു. ഡിസംബറിൽ ക്രിസ്‌മസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി മീര ജാസ്മിൻ ചിത്രത്തിൽ എത്തുന്നുണ്ട്. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
അതേസമയം മോഹൻലാൽ കാമിയോ വേഷത്തിലെത്തിയ വിസ്മയ മോഹൻലാൽ ചിത്രം തുടക്കം 50 കോടി കളക്ഷൻ ആഗോളതലത്തിൽ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജിയോ ഹോട്ട്സ്റ്ററിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആദ്യ ചിത്രത്തിലൂടെ മികച്ച പ്രകടനമാണ് വിസ്മയ കാഴ്ചവച്ചത്. നിർമ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. നേരത്തെ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ ചെറിയൊരു കാമിയോ കഥാപാത്രമായെത്തിയ ആശിഷിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടക്കത്തിൽ മികച്ച പ്രകടനമാണ് ആശിഷ് പുറത്തെടുത്തത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ