'എന്‍റെ സംഗീതത്തെ തകര്‍ക്കുമെന്ന് അയാള്‍ പറഞ്ഞു'; 19-ാം വയസ്സില്‍ റേപ്പിന് ഇരയായതിന്‍റെ ആഘാതത്തെക്കുറിച്ച് ഗാഗ

By Web TeamFirst Published May 21, 2021, 9:17 PM IST
Highlights

ആക്രമിച്ചയാളുടെ പേര് ഒരിക്കലും വെളിപ്പെടുത്തില്ലെന്നും മുപ്പത്തിയഞ്ചുകാരിയായ ലേഡി ഗാഗ പറയുന്നു. "മി ടൂ മൂവ്മെന്‍റിനെക്കുറിച്ച് എനിക്കറിയാം. പലര്‍ക്കും സ്വാസ്ഥ്യം നല്‍കുന്ന ഒന്നാണ് ആ മൂവ്മെന്‍റ്. പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയല്ല"

കരിയറിന്‍റെ തുടക്കകാലത്ത് ബലാല്‍സംഗത്തിന് ഇരയായി ഗര്‍ഭിണിയായതിന്‍റെ മാനസികാഘാതം വര്‍ഷങ്ങള്‍ക്കിപ്പുറവും തന്നെ വിടാതെ പിന്തുടരുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കന്‍ ഗായിക ലേഡി ഗാഗ. സംഗീതലോകത്തേത്ത് ചുവടുവച്ചുതുടങ്ങിയ സമയത്ത് 19-ാം വയസ്സില്‍ ഒരു മ്യൂസിക് പ്രൊഡ്യൂസറാണ് തന്നെ റേപ്പിന് ഇരയാക്കിയതെന്നും ഗാഗ പറയുന്നു. അതില്‍ നിന്നുണ്ടായ മാനസികവും വൈകാരികവുമായ ആഘാതം തുടര്‍വര്‍ഷങ്ങളില്‍ ഒരു വ്യക്തി എന്ന നിലയില്‍ തന്നെ പൂര്‍ണ്ണമായും മാറ്റിയെന്നും. ആപ്പിള്‍ ടിവി പ്ലസിന്‍റെ സിരീസ് ആയ 'ദി മി യു കാണ്‍ട് സീ'യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലേഡി ഗാഗ എന്ന സ്റ്റെഫാനി ജെര്‍മനോട്ട.

"സംഗീത ലോകത്ത് പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയം, എനിക്ക് 19 വയസ്സായിരുന്നു അപ്പോള്‍. തുണി അഴിക്കണമെന്നാണ് ഒരു മ്യൂസിക് പ്രൊഡ്യൂസര്‍ എന്നോട് ആവശ്യപ്പെട്ടത്. പറ്റില്ലെന്നു പറഞ്ഞ് അവിടെനിന്നും പോയ എന്നോട് എന്‍റെ സംഗീതം നശിപ്പിക്കുമെന്നാണ് അവര്‍ പറഞ്ഞത്. സമാനരീതിയിലുള്ള ഇടപെടല്‍ അയാളുടെ ഭാഗത്തുനിന്ന് തുടര്‍ന്നുകൊണ്ടിരുന്നു. ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല", പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആപ്പിള്‍ ടിവി ഷോയില്‍ ഈ ദുരനുഭവം ഗാഗ ഓര്‍ത്തെടുത്തത്.

ആക്രമിച്ചയാളുടെ പേര് ഒരിക്കലും വെളിപ്പെടുത്തില്ലെന്നും മുപ്പത്തിയഞ്ചുകാരിയായ ലേഡി ഗാഗ പറയുന്നു. "മി ടൂ മൂവ്മെന്‍റിനെക്കുറിച്ച് എനിക്കറിയാം. പലര്‍ക്കും സ്വാസ്ഥ്യം നല്‍കുന്ന ഒന്നാണ് ആ മൂവ്മെന്‍റ്. പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയല്ല. ആ വ്യക്തിയെ ഒരിക്കല്‍ കൂടി കാണുന്നതുപോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല", ഗാഗ പറയുന്നു.

ഈ സംഭവമുണ്ടായി വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മാനസികമായി തകര്‍ന്നുപോകുന്ന അവസ്ഥയിലേക്ക് എത്തിയതെന്ന് ഗാഗ പറയുന്നു. "തീവ്രമായ ശരീരവേദനയും മരവിപ്പും അനുഭവപ്പെട്ട എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ എന്നെ ആശ്ചര്യപ്പെടുത്തുമാറ് ഒരു മനോരോഗവിദഗ്ധന് അരികിലേക്കാണ് അവരെന്നെ എത്തിച്ചത്. ആദ്യം എനിക്ക് തീവ്രമായ വേദനയാണ് അനുഭവപ്പെട്ടത്, പിന്നെ ഒരുതരം മരവിപ്പ്, പിന്നീട് ആഴ്ചകളോളം പനിച്ചുകിടന്നു. സ്വന്തം ശരീരം എനിക്ക് അനുഭവപ്പെടുന്നേ ഉണ്ടായിരുന്നില്ല. ആ വ്യക്തിയാല്‍ റേപ്പ് ചെയ്യപ്പെട്ട് എന്‍റെ മാതാപിതാക്കളുടെ വീടിന്‍റെ ഒരു മൂലയില്‍ ഉപേക്ഷിക്കപ്പെട്ട് അനുഭവിച്ച അതേ വേദനയാണ് ഇതെന്ന് ഞാന്‍ മനസിലാക്കി", ആ മാനസികാഘാതം ഒരു വ്യക്തി എന്ന നിലയില്‍ തന്നെ മാറ്റിമറിച്ചെന്നും ഇനിയൊരിക്കലും അത് വിട്ടുപോകില്ലെന്നും ഗാഗ പറയുന്നു.

"വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് എംആര്‍ഐയും സ്കാനിംഗനുമൊക്കെ നടത്തിയിരുന്നു. പക്ഷേ അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പക്ഷേ നിങ്ങളുടെ ശരീരം ഓര്‍മ്മിക്കും ആ വേദന. അതായിരുന്നു സത്യം". ആ മാനസികനിലയില്‍ നിന്നും രക്ഷതേടാന്‍ രണ്ടര വര്‍ഷമെടുത്തുവെന്നും അവിചാരിതമായി മനസിലേക്ക് വീണ്ടുമെത്തുന്ന ഓര്‍മ്മയുടെ നടുക്കത്തില്‍ പിന്നീടും പെട്ടുപോയിട്ടുണ്ടെന്നും അവര്‍ പറയുന്നു. അതേസമയം നിലവിലെ ജീവിതസാഹചര്യങ്ങളില്‍ താന്‍ ഏറെക്കുറെ അതിനെ അതിജീവിച്ചെന്ന പ്രത്യാശ പങ്കുവച്ചുകൊണ്ടാണ് ആപ്പിള്‍ ടിവിയിലെ സംഭാഷണം ലേഡി ഗാഗ അവസാനിപ്പിക്കുന്നത്. 

click me!