
അന്തരിച്ച നടന്‍ സലിം കുമാറിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ പറവൂരിലുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ ഇന്നലെ നടക്കവെ മകന്‍ ചന്തുവിന് രോഷത്തോടെ പ്രതികരിക്കേണ്ടിവന്ന സാഹചര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചടങ്ങുകള്‍ അതിന്‍റെ അന്ത്യ ഘട്ടത്തിലേക്ക് കടക്കവെ തിക്കിത്തിരക്കിയ ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകരോട് പിന്നിലേക്ക് മാറിനില്‍ക്കാന്‍ ചന്തു ആവശ്യപ്പെടുകയായിരുന്നു. 'എന്താടോ, എന്താണ് നിങ്ങൾക്ക് വേണ്ടത്' എന്ന് ദേഷ്യത്തോടും വിഷമത്തോടും ചോദിക്കുന്ന ചന്തു സലിംകുമാറിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സാഹചര്യം മനസിലാക്കാതെ തിക്കിത്തിരക്കുന്ന ഓണ്‍ലൈന്‍ മീഡിയയെ വിമര്‍ശിച്ചുകൊണ്ടും ചന്തുവിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുമുള്ളതായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ ഏറെയും. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സലിം കുമാറിന്‍റെ സുഹൃത്തും സംവിധായകനുമായ ലാല്‍ ജോസ്.
ചന്തുവിന് ഇന്നലെ വൈകാരികമായി പ്രതികരിക്കേണ്ടി വന്ന സംഭവം സങ്കടകരമാണെന്ന് ലാൽ ജോസ് പറഞ്ഞു. യുഎഇയില്‍ എത്തിയ ലാല്‍ജോസ് മലയാളം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വ്യക്തിപരമായ സ്പെയ്സ് എന്നത് എല്ലാവർക്കുമുണ്ട്. ഒരു മൊബൈലുമായി ചിലർ എവിടെയും കയറി ചെല്ലുകയാണ്. അതിന് ലൈസെൻസ് വേണം. നിയമനിർമ്മാണം നടത്തണം. നടികൾ എവിടെ പോയാലും മൊബൈലുമായി ചിലർ പിന്നാലെ നടക്കുന്നു. എയർപോർട്ടിൽ നിന്ന് വരുമ്പോഴും ജിമ്മിൽ പോകുമ്പോഴുമൊക്കെ അവരുടെ പിറകെ നടക്കുകയാണ്. അവരുടെ കഴുത്തിലെ ലോക്കറ്റിനെക്കുറിച്ച് പോലും ചോദിക്കുന്ന ഹൂളിഗന്‍സ് ആണ് ഇപ്പോള്‍ ഉള്ളത്, ലാല്‍ജോസ് പറഞ്ഞു.
സലിം കുമാറിന്‍റെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കവെ മൃതദേഹത്തിന് അടുത്ത് നില്‍ക്കുന്ന അടുത്ത ബന്ധുക്കള്‍ക്ക് പോലും തിരക്ക് കാരണം നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. പിന്നില്‍ തിക്കിത്തിരക്കിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരായിരുന്നു ഇതിന് ഒരു കാരണം. ഇത് മനസിലാക്കിയ ചന്തു രോഷത്തോടെ പ്രതികരിക്കുകയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ശനിയാഴ്ച രാത്രി 10.43 ന് ആയിരുന്നു സലിം കുമാറിന്‍റെ മരണം. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. 56 വയസായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്. കോമഡിലൂടെയും മിമിക്രിയിലൂടെയും മലയാള സിനിമയിലേക്ക് 1990 കളുടെ പകുതിയോടെ എത്തിയെങ്കിലും 2000 ത്തോട് കൂടിയുള്ള സലിം കുമാറിന്റെ കഥാപാത്രങ്ങളാണ് മലയാളിയെ ഏറെ ചിരിപ്പിച്ചത്. കോമഡി കഥാപാത്രത്തിന്റെ നിഴലിൽ നിന്ന് മാറി വളരെ സീരിയസ് ആയിട്ടുള്ള കഥാപാത്രങ്ങളിലും സലിം കുമാർ പ്രതിഭ തെളിയിച്ചിരുന്നു. മലയാള സിനിമയിലെ സലിം കുമാറിന്റെ തഗ് ഡയലോഗുകൾ ട്രോളുകളിൽ ഇപ്പോഴും സജീവമാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ