'യെസ് കുമാര്‍! നിങ്ങളൊരു സംഭവമാണ്'; ക്യാമറാമാനെ ക്യാമറയിലാക്കി ലാല്‍ ജോസ്

By Web TeamFirst Published Jun 14, 2019, 4:13 PM IST
Highlights

'ഡയറക്ടർമാരുമായി മല്ലയുദ്ധമാണെങ്കിലും അസിസ്റ്റൻറ് ഡയറക്ടർമാരുമായി കൂട്ടു കൂടുന്നതാണ്  കുമാർ സ്റ്റൈൽ'. 

ഒരുമറവത്തൂര്‍ കനവിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ പട്ടികയിലേക്ക് നടന്നുകയറിയ ലാല്‍ ജോസിന്‍റെ 25 ാമത്തെ സിനിമയാണ് 'നാല്‍പ്പത്തിയൊന്ന്'.  ഷൂട്ടിങ്ങ് കഴിഞ്ഞ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. ലാല്‍ ജോസിന്‍റെ ഇഷ്ട ക്യാമറാമാന്‍മാരില്‍ ഒരാളായ എസ് കുമാര്‍ തന്നെയാണ് ഇക്കുറിയും ചിത്രത്തിന്‍റെ ക്യാമറാമാന്‍.

മലയാളത്തിന്‍റെ ഏറ്റവും സീനിയര്‍ ക്യാമറാമാന്‍ എസ് കുമാറിനെ 'നാല്‍പ്പത്തിയൊന്നി'ന്‍റെ ടീം  വളരെ വ്യത്യസ്ഥകരമായ രീതിയില്‍ ആദരിച്ചിരിക്കുകയാണ്. എസ് കുമാര്‍ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയില്‍ പകര്‍ത്തി ഒപ്പം ഒരു രസികന്‍ കുറിപ്പുമായി മനോഹരമായ ഒരു വീഡിയോയാണ് ടീം ഒരുക്കിയിരിക്കുന്നത്. വീഡിയോ ലാല്‍ ജോസ് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

എസ് കുമാറിനെക്കുറിച്ച് ലാല്‍ ജോസ്

വി സി ആറും വിസിപ്പിയും പ്രചരിച്ചു തുടങ്ങിയ കാലത്ത് മിക്ക വീട്ടിലും മൂന്ന് കാസറ്റുകൾ ഉണ്ടാകും. ടോം ആന്‍റ് ജെറി, പൂച്ചക്കൊരു മൂക്കത്തി, ഹിന്ദി സിനിമാ ഗാനങ്ങളുടെ ചിത്രഹാർ.. ഇടയിലെവിടെ നിന്ന് പ്ലേ ചെയ്താലും രസിക്കും എന്നതാണ് ഈ മൂന്നിന്‍റെയും പ്രത്യേകത. പൂച്ചക്കൊരു മൂക്കുത്തി കണ്ട് കണ്ട് കണ്ണിലുടക്കിയ പേരാണ് ക്യാമറ എസ്.കുമാർ. പിന്നീട് ചിത്രം സിനിമ കണ്ടിറങ്ങുമ്പോൾ പോസ്റ്ററിൽ പോയി ആരപ്പാ ഈ ക്യാമറാൻ എന്ന് നോക്കി. അതെ എസ്.കുമാർ തന്നെ. വന്ദനം, കിലുക്കം,മിഥുനം, ആര്യൻ, കിരീടം, പരിണയം,ജോണി വാക്കർ അങ്ങനെ കാഴ്ചയുടെ വസന്തങ്ങളെത്ര പിന്നിട്ടു. കമൽ സാറിന്‍റെ അസിസ്റ്റന്‍റായി സിനിമയിൽ കേറിക്കൂടിയ ശേഷം   1995 ൽ  മഴയെത്തും മുൻപേ ഷൂട്ട് ചെയ്യാനെത്തുമ്പോഴാണ് കുമാർജിയെ ജീവനോടെ കാണുന്നത്.

ഡയറക്ടർമാരുമായി മല്ലയുദ്ധമാണെങ്കിലും അസിസ്റ്റൻറ് ഡയറക്ടർമാരുമായി കൂട്ടു കൂടുന്നതാണ്  കുമാർ സ്റ്റൈൽ. അങ്ങനെ ഞാനും കുമാർ ജിയുടെ സംഘത്തിലൊരാളായി. എന്‍റെ രണ്ടാമത്തെ സിനിമയായ ചന്ദ്രനുദിക്കുന്ന ദിക്കിൽ വിഷ്വലുകൾക്ക് ഏറെ പ്രാധാന്യമുളള സിനിമയായിരുന്നു. കുമാർ സാറിനെയല്ലാതെ ആരെ വിളിക്കാൻ. പിന്നെ രണ്ടാം ഭാവം, മീശമാധവൻ, പട്ടാളം, പുളളിപ്പുലികളും ആട്ടിൻകുട്ടിയും . ഇപ്പോഴിതാ എന്‍റെ കരിയറിലെ ഇരുപത്തിയഞ്ചാം സിനിമയായ നാൽപ്പത്തിയൊന്നിന്‍റെ  ക്യാമറാമാനായി കുമാർ ജി വീണ്ടും. 1978 ൽ മോഹൻലാലിന്‍റെ ആദ്യസിനിമ തിരനോട്ടത്തിന്‍റെ ക്യാമറാമാനായി തുടക്കംകുറിച്ചപ്പോഴുളള അതേ കൗതുകത്തോടെ ആവേശത്തോടെ  ഏത് പുതുപുത്തൻ ക്യാമറാമാനും മാറിനിന്ന് കയ്യടിച്ചുപോകുന്ന കാഴ്ചകളുടെ പരമ്പരതീർക്കുകയാണ് കുമാർ ജി ഇവിടെ..

യെസ്. കുമാർ…നിങ്ങളൊരു സംഭവമാണ്. കുമാരസംഭവം

 

click me!