'ഉഡ്‍താ പഞ്ചാബ്' സംവിധായകന്‍റെ നെറ്റ്ഫ്ളിക്സ് സിരീസ്; ലാല്‍ ഹിന്ദിയിലേക്ക്

By Nirmal SudhakaranFirst Published Aug 14, 2021, 4:18 PM IST
Highlights

ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത സിരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോജ് ബാജ്പെയിയും കൊങ്കണ സെന്‍ ശര്‍മ്മയുമാണ്. 

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന വെബ് സിരീസിലൂടെ ലാല്‍ ഹിന്ദിയിലേക്ക്. 'ഉഡ്‍താ പഞ്ചാബ്' അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ അഭിഷേക് ചൗബേ ആണ് സിരീസ് ഒരുക്കുന്നത്. തിരക്കഥാ ചര്‍ച്ചകള്‍ക്കായി മുംബൈയില്‍ എത്തിയപ്പോള്‍ അഭിഷേക് ചൗബേയ്ക്കൊപ്പമുള്ള ഒരു ചിത്രം ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ലാലിന്‍റെ ബോളിവുഡ് സിനിമാ അരങ്ങേറ്റം എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ഇത് സിനിമയല്ല, സിരീസ് ആണെന്നതാണ് വസ്‍തുത.

ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത സിരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോജ് ബാജ്പെയിയും കൊങ്കണ സെന്‍ ശര്‍മ്മയുമാണ്. അഭിഷേക് ചൗബേ സംവിധാനം ചെയ്യുന്ന പുതിയ വെബ് സിരീസ് ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. മുംബൈയ്ക്കൊപ്പം കേരളത്തിലെ വാഗമണ്‍, മൂന്നാര്‍ പോലെയുള്ള സ്ഥലങ്ങളിലും ചിത്രീകരണം നടക്കും. കഥാപശ്ചാത്തലത്തില്‍ കടന്നുവരുന്ന തേയില തോട്ടങ്ങള്‍ക്കായാണ് അണിയറക്കാര്‍ കേരളത്തിലും ലൊക്കേഷന്‍ നോക്കിയിരിക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്നും സ്വാതന്ത്ര്യദിനത്തില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നും അറിയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by LAL (@lal_director)

'ഉഡ്‍താ പഞ്ചാബ്' കൂടാതെ ഇഷ്‍കിയ, ദേശ് ഇഷ്‍കിയ, സോഞ്ചിരിയ എന്നിവയാണ് അഭിഷേക് ചൗബേ സംവിധാനം ചെയ്‍ത മറ്റു ഫീച്ചര്‍ ചിത്രങ്ങള്‍. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ നെറ്റ്ഫ്ലിക്സിന്‍റെ ആന്തോളജി ചിത്രം 'റേ'യിലെ ഒരു ലഘുചിത്രം സംവിധാനം ചെയ്‍തതും അഭിഷേക് ആയിരുന്നു. സത്യജിത്ത് റായിയുടെ ചെറുകഥകളെ ആസ്‍പദമാക്കിയുള്ളതായിരുന്നു ഈ ആന്തോളജി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!