വിനായക് ശശികുമാര്‍ ദൃശ്യത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

മലയാളത്തിലെ എക്കാലത്തെയു വൻ ഹിറ്റ് ചിത്രങ്ങളുടെ ഫ്രാഞ്ചസിയാണ് ദൃശ്യം. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി എത്തിയ ചിത്രം മലയാളത്തിലെ കള്‍ട്ട് ക്ലാസിക് ത്രില്ലറായിട്ടാണ് വിലയിരുത്തുന്നതും. ദൃശ്യം 3 റിലീസിന് ഒരുങ്ങിയിരിക്കുകയുമാണ്. ദൃശ്യം കണ്ട് ഞെട്ടിയ അനുഭവം ക്യൂ സ്റ്റുഡിയോയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാനരചയിതാവ് വിനായക് ശശികുമാര്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

വിനായക് ശശികുമാറിന്റെ വാക്കുകള്‍

'ത്രില്ലർ സിനിമകൾ കണ്ട്‌ ത്രില്ലടിക്കാൻ ഇഷ്‍ടമാണ്, ഇമോഷണൽ സിനിമകൾ കണ്ട്‌ കരയാനും എനിക്ക് ഇഷ്ടമാണ്. ഇത് രണ്ടും കൂടെ ഒരുമിച്ച് സംഭവിച്ച ഒറ്റ സിനിമയെ ഞാൻ കണ്ടിട്ടുള്ളൂ, അത് ദൃശ്യം ആണ്. ആ സിനിമയുടെ അവസാനത്തിലെ മോഹൻലാലിന്റെ മോണോലോഗിൽ തിയേറ്ററിൽ ഇരിക്കുമ്പോൾ ഞാൻ കരഞ്ഞു. ഇപ്പോൾ പോലും തിരിഞ്ഞു നോക്കുമ്പോൾ ഒരേ പോലെ ത്രില്ലടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമ വേറെ ഉണ്ടായിട്ടില്ല', വിനായകിന്റെ വാക്കുകൾ.

ദൃശ്യം 3 ഏപ്രില്‍ രണ്ടിനാണ് തിയറ്ററുകളില്‍ എത്തുക ഒരു പ്രതീക്ഷയും ഇല്ലാതെ വരികയെന്നാണ് സംവിധായകൻ ജീത്തു ജോസഫ് ദൃശ്യം 3നെ കുറിച്ച് പറഞ്ഞത്. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. പിന്നെ ഇതിനെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളുമായി താരതമ്യം ചെയ്യാന്‍ വന്നാല്‍ എനിക്കറിയില്ല. കാരണം ഞാന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‍നം അതാണ്. കാരണം വലതുവശത്തെ കള്ളനെയും പലരും താരതമ്യം ചെയ്യുന്നത് മെമ്മറീസും ദൃശ്യവും ഒക്കെയായിട്ടാണ്. മുന്‍വിധികളില്ലാതെ വന്ന് സിനിമ കാണുകയെന്നും ജീത്തു ജോസഫ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക