തെരുവ് ഗായിക റനു മണ്ഡലിന്‍റെ വൈറല്‍ ഗാനം; പ്രതികരിച്ച് ലതാ മങ്കേഷ്ക്കര്‍

By Web TeamFirst Published Sep 3, 2019, 4:00 PM IST
Highlights

'ആരെയെങ്കിലും അനുകരിക്കുന്നതില്‍ നിന്നും മാറി ഒരോ ഗായകരും അവരുടേതായ രീതിയിലും ശൈലിയിലും പാടണം'

മുംബൈ: ലതാ മങ്കേഷ്ക്കറിന്‍റെ പോലെ മാധുര്യമാര്‍ന്ന ശബ്ദം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത പെണ്‍കുട്ടികളില്‍ ഇല്ലായിരുന്നു ഒരുകാലത്ത്. ആ മനോഹരമായ ശബ്ദം അത്രത്തോളമാണ് ആരാധകരെ സൃഷ്ടിച്ച് നല്‍കിയത്. ലതാ മങ്കേഷ്ക്കര്‍ പാടി മനോഹരമാക്കിയ ഇക് പ്യാര്‍ കി നഗ്മാ ഹേ...എന്ന ഗാനം അതുപോലെ മനോഹരമായി പാടിയ റനു മണ്ഡല്‍ എന്ന തെരുവ് ഗായികയും ഗാനമികവുകൊണ്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടി.

മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, ചീകിയൊതുക്കാത്ത നരച്ച മുടിയുമായി അവര്‍ പാടിയപ്പോള്‍ ബോളിവുഡും അവര്‍ക്ക് അവസരം നല്‍കി ഒപ്പം നിന്നു. താന്‍ പാടിയ ഗാനം പാടി കൈയ്യടി നേടയി റനുവിനെക്കുറിച്ചും അവരുടെ ഗാനത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ലതാ മങ്കേഷ്ക്കര്‍. 

'എന്‍റെ പേരുകൊണ്ടോ എന്‍റെ വര്‍ക്കുകൊണ്ടോ ആര്‍ക്കെങ്കിലും ഉപകാരമുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതില്‍ ഏറെ സന്തോഷിക്കുന്നു. എന്നാല്‍ ഒരാളെ അനുകരിക്കുകയെന്നത് ഒരിക്കലും വിജയത്തിലേക്കുള്ള സ്ഥിരതയുള്ള വഴിയല്ലെന്നാണ് എന്‍റെ അഭിപ്രായം. 

എന്‍റെയോ കിഷോര്‍ കുമാറിന്‍റയോ മുഹമ്മദ് റാഫി സാഹിബിന്‍റെയോ മുകേഷിന്‍റെയോ ആഷയുടെയോ ഗാനം പാടിയെത്തുന്നവര്‍ക്ക് ചെറിയ സമയത്തേയ്ക്ക് മാത്രമേ കേള്‍വിക്കാരന്‍റെ ശ്രദ്ധ ലഭിക്കുകയുള്ളൂ. കൂടുതല്‍ കാലത്തേയ്ക്ക് അത് നിലനില്‍ക്കില്ല'. ആരെയെങ്കിലും അനുകരിക്കുന്നതില്‍ നിന്നും മാറി ഒരോ ഗായകരും അവരുടേതായ രീതിയിലും ശൈലിയിലും പാടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'എന്‍റെ സഹോദരി ആശാബോസ്‍ലെ അവരുടെ രീതിയില്‍ പാടിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ എന്‍റെ നിഴലിലായിപ്പോയേനെ. എന്നാല്‍ സ്വന്തമായൊരു ശൈലി അവര്‍ക്കുണ്ടായിരുന്നു' അതുകൊണ്ടാണ് അവര്‍ വിജയിച്ചതെന്നും ലതാ മങ്കേഷ്ക്കര്‍ കൂട്ടിച്ചേര്‍ത്തു. 

click me!