ഷൂട്ടിംഗ് കാണാന്‍ പോയി വേഷം ഒപ്പിച്ച ഹരീഷ്: തന്‍റെ അഭിനയ ജീവിതത്തെക്കുറിച്ച് അന്ന് ഹരീഷ് പറഞ്ഞത്

By Web TeamFirst Published May 31, 2023, 7:47 AM IST
Highlights

എന്നും തന്‍റെ കരിയറില്‍ ചിലര്‍ സഹായിച്ചിട്ടുണ്ടെന്ന് എല്ലാ വേദിയിലും പറയുന്ന ആളായിരുന്നു ഹരീഷ്.

കൊച്ചി: സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യരസപ്രധാനമായ റോളുകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടന്‍ ഹരീഷ് പേങ്ങന്‍ (49) അന്തരിച്ചു. ​ഗുരുതര കരള്‍ രോ​ഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോ​ഗം കണ്ടെത്തുകയായിരുന്നു. 

അടിയന്തിര കരള്‍മാറ്റമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു. ഹരീഷിന്‍റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനത്തിന് തയ്യാറായിരുന്നു. ശസ്ത്രക്രിയക്കു വേണ്ട തുക അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ രം​ഗത്തെത്തിയിരുന്നു. 

എന്നാല്‍ അതിന് കാത്തുനില്‍ക്കാതെ ഹരീഷ് മടങ്ങി. എന്നും തന്‍റെ കരിയറില്‍ ചിലര്‍ സഹായിച്ചിട്ടുണ്ടെന്ന് എല്ലാ വേദിയിലും പറയുന്ന ആളായിരുന്നു ഹരീഷ്. ഒരു അഭിമുഖത്തില്‍ ഹരീഷ് ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി 1000 ആരോസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ താന്‍ സിനിമയില്‍ എത്തിയത് എങ്ങനെ എന്ന് ഹരീഷ് പറയുന്നുണ്ട്. 

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ് കാണാൻ പോയാണ് ആ സീരിയലില്‍ വേഷം നേടിയത്. അതിനെക്കുറിച്ച് ഹരീഷ് വ്യക്തമാക്കുന്നത് ഇങ്ങനെ, ആദ്യത്തെ ദിവസം ഷൂട്ടിങ് കാണാൻ വേണ്ടി ചെന്ന് നിന്നതാണ്. പിന്നീട് അതിന്‍റെ രചിതാവിനെ കണ്ട്  അഭിനയിക്കാനുള്ള ആഗ്രഹം അറിയിച്ചു. പുള്ളി എന്റെ നമ്പർ വാങ്ങി വെച്ചിട്ട് രണ്ടു മൂന്ന് മാസം കഴിഞ്ഞ് വരാൻ പറഞ്ഞു. മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും എന്നെ വിളിച്ചു. അങ്ങനെയാണ് അതിൽ അഭിനയിക്കുന്നതെന്നാണ് ഹരീഷ് പേങ്ങൻ പറഞ്ഞത്.

കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെയാണ് ഹരീഷ് പേങ്ങൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. 
കയംകുളം കൊച്ചുണ്ണി മുതൽ തനിക്കൊപ്പം വർക്ക് ചെയ്തിരുന്ന സുഹൃത്തുക്കൾ സിനിമയിലെത്തി. അവരാണ് തന്നെയും സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതെന്നാണ് ഹരീഷ് പറഞ്ഞു. അക്കാലത്ത് വേഷങ്ങൾക്ക് വേണ്ടി കുറേ നടന്നിട്ടുണ്ട്. കൂടെയുണ്ടായിരുന്നവരാണ് തനിക്ക് സഹായം ആയതെന്ന് ഹരീഷ് പേങ്ങൻ പറയുകയുണ്ടായി. 

മഹേഷിന്റെ പ്രതികാരമാണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്നും ഹരീഷ് പേങ്ങന്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്നെ ഞാനാക്കി മാറ്റിയത് ആ സിനിമയാണ്. ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബെന്നിയൊക്കെ സിനിമയില്‍ നമുക്ക് ഒരുപാട് അവസരങ്ങള്‍ വാങ്ങിച്ച് തന്നിട്ടുണ്ട്. പലപ്പോഴും സഹസംവിധായകരായ പിള്ളേരാണ് പലപ്പോഴും എന്‍റെ പേര് ചര്‍ച്ചകളില്‍ എടുത്തിടാറ്. അത്തരത്തിലുള്ള ബന്ധങ്ങള്‍ തുണയായിട്ടുണ്ട്. അഭിനയിച്ച ഓരോ കഥാപാത്രങ്ങൾ കണ്ട് തന്നെയാണ് ഇതുവരെയുള്ള സിനിമകളിലേക്ക് വിളിച്ചിട്ടുള്ളതെന്നും അന്ന് അഭിമുഖത്തില്‍ ഹരീഷ് പറഞ്ഞു. 

2011 ലെ നോട്ട് ഔട്ടായിരുന്നു ആദ്യ ചിത്രം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളില്‍ ഹരീഷ് അഭിനയിച്ചിട്ടുണ്ട്. പൂക്കാലമാണ് ഹരീഷ് പേങ്ങന്റേതായി ഒടുവിൽ റിലീസായ സിനിമ.

‘5 സെന്റ് സ്ഥലവും ചെറിയ ചായക്കടയും, ഹരി മദ്യപാനിയല്ല’; ഹരീഷ് പേങ്ങനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

click me!