
കേരളക്കരെയെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ വാർത്തയാണ് കൊല്ലം സുധിയുടെ അകാല വിയോഗം. തങ്ങൾക്കൊപ്പം കഴിഞ്ഞ ദിവസം വരെ തമാശകൾ പറഞ്ഞും സംസാരിച്ചും ഇരുന്ന സുഹൃത്ത് ഇനി ഇല്ലാ എന്ന് വിശ്വസിക്കാൻ പ്രിയപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. പ്രിയ കലാകാരനെ കുറിച്ചുള്ള ഓർമകളാണ് സോഷ്യൽമീഡിയ നിറയെ.
ഏറെ പ്രതിസന്ധികൾ അതിജീവിച്ച് മലയാളികളെ കുടുകുടേ ചിരിപ്പിച്ച ആളാണ് കൊല്ലം സുധി. മകന് ഒന്നര വയസായിരിക്കുമ്പോള്‍ ആദ്യ ഭാര്യ കുഞ്ഞിനെ സുധിയ്ക്ക് നൽകി മറ്റൊരാളുടെ കൂടി പോയി. ശേഷം മകനെയും കൊണ്ട് സ്റ്റേജ് ഷോകളിൽ പോയതെല്ലാം സുധി ഒരു ഷോയിൽ തുറന്ന് പറഞ്ഞിരുന്നു. ഈ അവസരത്തിൽ തന്റെ പ്രതിസന്ധിഘട്ടത്തെ കുറിച്ച് വനിതയോട് സുധി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
അന്ന് കൊല്ലം സുധി പറഞ്ഞത്
ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വർഷം മുമ്പ്. പക്ഷേ ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്.
രണ്ടാഴ്ച മുമ്പ് പുള്ളിക്കാരി ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാം ദാമ്പത്യത്തിലെ ചില പ്രശ്നങ്ങളായിരുന്നത്രേ കാരണം. ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞുണ്ട്. ആരോടും പരാതിയോ പരിഭവമോ ഇല്ല. ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണവും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെ.
രേണുവിന് ജീവനാണ് രാഹുലിനെ. താൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്ത മോൻ അവനാണെന്നാണ് എപ്പോഴും രേണു പറയുന്നത്. രണ്ടു പേരും വലിയ ചങ്കുകളാണ്. ഇപ്പോൾ പത്താം ക്ലാസിലാണ് രാഹുൽ. മോന് 11 വയസ്സുള്ളപ്പോഴാണ് ഞാൻ രേണുവിനെ വിവാഹം കഴിച്ചത്. അന്നു മുതൽ എന്റെ മോൻ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല.
എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് രേണു. എന്റെ വളർച്ചയിൽ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് വലുത്. രേണു ജീവിതത്തിലേക്ക് കടന്നുവരും മുൻപ്, ഒന്നര വയസ്സുള്ള കാലം മുതൽ രാഹുലിനെയും കൊണ്ടാണ് ഞാൻ സ്‌റ്റേജ് ഷോകൾക്ക് പോയിരുന്നത്. ഞാൻ സ്‌റ്റേജിൽ കയറുമ്പോൾ സ്റ്റേജിന് പിന്നിൽ അവനെ ഉറക്കിക്കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസ്സൊക്കെ ആയപ്പോൾ മോൻ കർട്ടൻ പിടിക്കാൻ തുടങ്ങി.
പതിനാറോ പതിനേഴോ വയസില്‍ തുടങ്ങിയതാണ് മിമിക്രി. ഇപ്പോള്‍ ഞാന്‍ മിമിക്രിയിലേക്ക് വന്നിട്ട് മുപ്പത് വര്‍ഷമായി. പാട്ടായിരുന്നു ആദ്യം. അതാണ് മിമിക്രിയിലേക്ക് വഴിത്തിരിച്ചത്. അമ്മയ്ക്ക് ഞാന്‍ പാടുന്നത് വലിയ ഇഷ്ടമായിരുന്നു. മിമിക്രിയില്‍ ആദ്യ കാലത്ത് പ്രവര്‍ത്തിച്ചിരുന്നത് മുണ്ടക്കല്‍ വിനോദ്, ഷോബി തിലകന്‍, ഷമ്മി തിലകന്‍ എന്നിങ്ങനെയുള്ളവരുടെ ടീമിലാണ്. തുടക്ക കാലത്ത് സുരേഷ് ഗോപിയെയും പിന്നീട് ജഗദീഷേട്ടനെയും അനുകരിച്ചു. ഇതിനോടകം നാല്‍പത് സിനിമകള്‍ ചെയ്തു. കോമഡി സ്റ്റാര്‍സില്‍ പങ്കെടുത്തെങ്കിലും എനിക്ക് ജനശ്രദ്ധ നേടി തന്നത് മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ ആണ്. അതിലെ സ്‌കിറ്റുകളെല്ലാം ഹിറ്റായിരുന്നു.
'ഞാൻ പോവാണ്..വെറുതെ എന്തിനാ എക്സ്പ്രഷൻ ഇട്ട് ചാവണത് '; നോവുണർത്തി സുധിയുടെ ഡയലോഗ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ