സുധി ഇരുന്നത് മുന്‍ സീറ്റില്‍; പരിക്കേറ്റ നടന്മാരെ എറണാകുളത്തേക്ക് മാറ്റി, ബിനു അടിമാലി നിരീക്ഷണത്തിൽ

Published : Jun 05, 2023, 08:50 AM ISTUpdated : Jun 05, 2023, 09:46 AM IST
സുധി ഇരുന്നത് മുന്‍ സീറ്റില്‍; പരിക്കേറ്റ നടന്മാരെ എറണാകുളത്തേക്ക് മാറ്റി, ബിനു അടിമാലി നിരീക്ഷണത്തിൽ

Synopsis

അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

കൊച്ചി: സിനിമ, മിമിക്രി താരം കൊല്ലം സുധിയുടെ അപകട മരണത്തിന്‍റെ ഞെട്ടലിലാണ് മലയാളികള്‍. തൃശൂർ കയ്പമംഗലത്ത് വച്ച് നാലരയോടെ ഉണ്ടായ അപകടമാണ് സുധിയുടെ ജീവനെടുത്തത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഉല്ലാസ് അരൂര്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജ​ഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കൊപ്പം സുധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇവർ ഒന്നിച്ച് സ്റ്റേജിൽ എത്തുമ്പോൾ തന്നെ കാണികളിൽ ആവേശം നിറയുമായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി മാഞ്ഞതിന്റെ ഞെട്ടലിലാണ് കലാകേരളം. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലിയുടെ മുഖത്തിന് പൊട്ടലുണ്ട്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. 

Read More : വേദിയിൽ ചിരിയുണർത്തിയ കൂട്ടുകാർ, സുധിയുടെ ജീവനെടുത്ത് അപകടം; ബിനു അടിമാലി ഉൾപ്പടെയുള്ളവർക്ക് പരിക്ക്

മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും വാട്സപ്പ് സ്റ്റാറ്റസുകളിലും മറ്റും ചിത്രത്തിലെ നടന്‍റെ സംഭാഷണം ഇടംപിടിക്കാറുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി,  വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകള്‍. 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു