ചോര്‍ന്ന കത്ത് എന്റേതല്ല, എന്നാല്‍ എന്റെ ആരോഗ്യത്തെ കുറിച്ച് അതില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണ്: രജനികാന്ത്

By Web TeamFirst Published Oct 29, 2020, 1:56 PM IST
Highlights

രജനികാന്തിന്റേത് എന്ന പേരില്‍ ചോര്‍ന്ന കത്തില്‍ പ്രതികരണവുമായി താരം.

നടൻ രജനികാന്ത് രാഷ്‍ട്രീയത്തിലേക്ക് എപ്പോഴായിരിക്കും ഔദ്യോഗികമായി എത്തുകയെന്ന കാര്യം രാഷ്‍ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയിലുള്ളതാണ്. എന്നാല്‍ രജനികാന്ത് രാഷ്‍ട്രീയ പ്രവേശന തീരുമാനത്തില്‍ നിന്ന് പിൻമാറുന്നുവെന്ന് ഇന്ന് വാര്‍ത്ത വന്നു. ഇത് വിവാദവുമായി. ഫാൻസ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രത്തിന് ഇതുസംബന്ധിച്ച് രജനികാന്ത് നല്‍കിയെന്ന തരത്തില്‍ ഒരു കത്ത് ചോര്‍ന്നിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്. ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രജനികാന്ത്.

രാഷ്‍ട്രീയ പ്രഖ്യാപനം അനുയോജ്യമായ സമയത്ത് പ്രഖ്യാപിക്കുകയും താൻ രജിനി മക്കള്‍ മണ്ട്രത്തോട് ചര്‍ച്ച ചെയ്‍ത്  നിലപാടും സമയവും അറിയിക്കുമെന്നുമാണ്  രജനികാന്ത് വ്യക്തമാക്കിയത്. കത്ത് തന്റേതല്ല. പക്ഷേ എന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങളും ഡോക്ടര്‍മാരുടെ ഉപദേശവും സംബന്ധിച്ച് കത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണ് എന്നും രജനികാന്ത് പറഞ്ഞു. ഇതോടെ രജനികാന്തിന്റെ രാഷ്‍ട്രീയ പ്രവേശനത്തിന്റെ കാര്യം വീണ്ടും വാര്‍ത്തയാകുകയാണ്. രജനികാന്ത് എന്ത് നിലപാടാണ് എടുക്കുകയെന്നാണ് ആരാധകരും രാഷ്‍ട്രീയക്കാരും ഉറ്റുനോക്കുന്നത്. താൻ രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് 2017ലായിരുന്നു രജനികാന്ത് പ്രഖ്യാപിച്ചത്.

പ്രായാധിക്യവും കൊവിഡ് 19ഉം ഉള്‍പ്പടെയുള്ള സാഹചര്യങ്ങളാല്‍ താൻ രാഷ്‍ട്രീയ പ്രവേശനത്തില്‍ നിന്ന് പിൻമാറുന്നുവെന്ന് രജനികാന്ത് ഫാൻസ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രത്തിന് കത്ത് നല്‍കിയെന്നായിരുന്നു വാര്‍ത്ത.

തമിഴില്‍ മറ്റ് രാഷ്‍ട്രീയ പാര്‍ട്ടികള്‍ രജനികാന്തിനെ ഒപ്പം കൂട്ടാൻ ശ്രമം നടത്തിയിരുന്നു. കമല്‍ഹാസന്റെ രാഷ്‍ട്രീയപാര്‍ട്ടിയായ മക്കള്‍ നീതി മയ്യവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമന്നും വാര്‍ത്തയുണ്ടായിരുന്നു. കിഡ്‍നി സംബന്ധമായ പ്രശ്‍നങ്ങള്‍ കാരണം ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചതായാണ് രജനികാന്തിന്റേതാണെന്ന പേരില്‍ ചോര്‍ന്ന കത്തില്‍ പറഞ്ഞിരുന്നത്.

click me!