മോശം റേറ്റിംഗില്‍ മുന്നേറി 'ലൈഗര്‍'; ഐഎംഡിബിയില്‍ മറികടന്നത് ആമിര്‍, കങ്കണ ചിത്രങ്ങളെ

By Web TeamFirst Published Aug 30, 2022, 12:11 PM IST
Highlights

സമീപകാലത്ത് ഏറ്റവുമധികം നെഗറ്റീവ് പബ്ലിസിറ്റി ലഭിച്ച ചിത്രം

വിജയങ്ങളും പരാജയങ്ങളും ഏത് ചലച്ചിത്ര മേഖലയുടെയും സ്വാഭാവികതയാണ്. എന്നാല്‍ കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയില്‍ പൊതുവെയും ബോളിവുഡില്‍ പ്രത്യേകിച്ചും വിജയങ്ങള്‍ കുറവും പരാജയങ്ങള്‍ കൂടുതലുമായി. തെന്നിന്ത്യന്‍ സിനിമകള്‍ പലതും വലിയ വിജയം നേടുമ്പോള്‍ ബോളിവുഡ് ആ വഴിയേ ഒരു വിജയത്തിന് ശ്രമിച്ചതിന്‍റെ ഉദാഹരണമായിരുന്നു വിജയ് ദേവരകൊണ്ട നായകനായ ലൈഗര്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്‍ത സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം ഹിന്ദിയിലും തെലുങ്കിലും ഒരേ സമയമാണ് നിര്‍മ്മിക്കപ്പെട്ടത്. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന നിര്‍മ്മാതാക്കള്‍. എന്നാല്‍ ഇക്കുറിയും ബോളിവുഡിന് പിഴച്ചു. റിലീസ് ദിനം മുതല്‍ മോശം മൌത്ത് പബ്ലിസിറ്റി  ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും പരാജയമാണ്. ഇപ്പോഴിതാ ചിത്രം നേരിട്ട തകര്‍ച്ചയുടെ മറ്റൊരു ഉദാഹരണവും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ഐഎംഡിബി റേറ്റിംഗ് ആണത്.

പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയിലെ സംഖ്യകള്‍ അനുസരിച്ച് ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍ നിരയിലുണ്ട് ലൈഗര്‍. പത്തില്‍ 3 മാര്‍ക്ക് ആണ് ചിത്രത്തിന് ലഭിച്ച ആവറേജ് റേറ്റിംഗ്. 37000ല്‍ അധികം പേര്‍ വോട്ട് ചെയ്തതിനു ശേഷമുള്ള കണക്കാണ് ഇത്. ബോളിവുഡില്‍ ഈ വര്‍ഷത്തെ വലിയ പരാജയങ്ങളായ ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് ഛദ്ദയും കങ്കണ റണൌത്തിന്റെ ധാക്കർും റേറ്റിംഗില്‍ വിജയ് ദേവരകൊണ്ട ചിത്രത്തേക്കാള്‍ മുന്നിലാണ്. ധാക്കഡിന് നാലും ലാല്‍ സിംഗ് ഛദ്ദയ്ക്ക് അഞ്ചും റേറ്റിംഗ് ആണ് ഐഎംഡിബിയില്‍ ഉള്ളത്.

 

ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുവെന്നത് ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് വര്‍ധിപ്പിച്ച ഘടകമായിരുന്നു. ഇന്ത്യയില്‍ 2500 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ചിത്രത്തിന്‍റെ ആദ്യദിന ഇന്ത്യന്‍ കളക്ഷന്‍ 20 കോടി ആണെന്നായിരുന്നു ആദ്യം പുറത്തുവന്ന അനൌദ്യോഗിക കണക്കുകള്‍. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത് പ്രകാരം ചിത്രത്തിന്‍റെ ആദ്യ ദിന ആഗോള ഗ്രോസ് 33.12 കോടിയാണ്. എന്നാല്‍ രണ്ടാം ദിനം മുതല്‍ മോശം പബ്ലിസിറ്റിയെത്തുടര്‍ന്ന് ചിത്രത്തിന് കാണികള്‍ കുത്തനെ കുറഞ്ഞു.

ALSO READ : മുന്നില്‍ ഒരേയൊരു ചിത്രം മാത്രം; കോളിവുഡിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്ക് 'വിക്രം'

അനന്യപാണ്ടെ, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്നുണ്ട്. 2 മണിക്കൂര്‍ 20 മിനിറ്റ് റണ്ണിംഗ് ടൈം ഉള്ള ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. കേരളത്തിലും വൈഡ് റിലീസ് ആയിരുന്നു ചിത്രത്തിന്.

tags
click me!