കൊറിയന്‍ യുവ നടി യൂ ജൂ ഇന്നിനെ മരിച്ച നിലയില്‍ കണ്ടെത്തി

By Web TeamFirst Published Aug 30, 2022, 8:56 AM IST
Highlights

2018ല്‍ പുറത്തെത്തിയ ബിഗ് ഫോറസ്റ്റ്, 2019ല്‍ പുറത്തെത്തിയ ജോസിയന്‍ സര്‍വൈവല്‍ പിരീഡ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍

ദക്ഷിണ കൊറിയന്‍ യുവ നടി യൂ ജൂ ഇന്നിനെ (27) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. യൂ ജൂ എഴുതിയ ആത്മഹത്യാക്കുറിപ്പെന്ന് കരുതപ്പെടുന്ന കത്ത് സഹോദരന്‍ നടിയുടെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചിരുന്നു. കത്ത് പങ്കുവച്ച് അല്‍പസമയത്തിനു ശേഷം ഈ അക്കൌണ്ട് പ്രൈവറ്റ് ആക്കിയിട്ടുമുണ്ട്. സഹോദരിയുടെ അന്തിമാഭിലാഷമെന്ന നിലയിലാണ് കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കപ്പെട്ടതെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

അടുത്ത ബന്ധുക്കളോടൊക്കെ വിട ചൊല്ലിക്കൊണ്ടുള്ളതാണ് കത്ത്. "ആദ്യം വിട പറയുന്നതിന് എന്നോട് ക്ഷമിക്കുക. അമ്മ, അച്ഛന്‍, മുത്തശ്ശി, സഹോദരന്‍ എന്നിവരോട് പ്രത്യേകിച്ചും ഇത് പറയാന്‍ തോന്നുന്നു. ഇനി ജീവിക്കേണ്ടെന്ന് എന്‍റെ ഹൃദയം അലറുകയാണ്. എന്‍റെ അസാന്നിധ്യത്തിലുള്ള ജീവിതം ചിലപ്പോള്‍ ശൂന്യമായിരിക്കാം. പക്ഷേ ധൈര്യപൂര്‍വ്വം ജീവിക്കുക. ഞാന്‍ എല്ലാം കാണുന്നുണ്ടാവും. കരയരുത്. ഇപ്പോള്‍ ഞാന്‍ ദു:ഖിതയല്ല. അചഞ്ചലവും ശാന്തവുമായ തീരുമാനമാണ് ഇത്. ഏറെനാളായി ഞാന്‍ ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ട്", യൂ ജൂ ഇന്നിന്‍റെ കത്ത് ഇങ്ങനെ തുടരുന്നു.

ALSO READ : മുന്നില്‍ ഒരേയൊരു ചിത്രം മാത്രം; കോളിവുഡിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്ക് 'വിക്രം'

"ഞാന്‍ അര്‍ഹിക്കുന്നതിലേക്കാള്‍ സന്തോഷകരമായ ഒരു ജീവിതമാണ് എനിക്ക് ഉണ്ടായത്. അതുകൊണ്ടാണ് ഇത് മതിയായി എന്നെനിക്ക് തോന്നിയത്. ഇതിന്‍റെ പേരില്‍ ആരെയും കുറ്റപ്പെടുത്താതെയിരിക്കുക. മറ്റൊന്നും എനിക്ക് ചെയ്യാനില്ല. ആ ചിന്ത ഏറെ നിസ്സഹായയാക്കുന്നു. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ടാവുക എന്നത് ഒരു അനുഗ്രഹമാണ്. പക്ഷേ എനിക്കിനി ചെയ്യാനുള്ള ഒരേയൊരു കാര്യം അനുഗ്രഹമല്ല, മറിച്ച് ഒരു ശാപമാണ്. ഇത്രകാലം എന്നെ കാത്തതിനും സ്നേഹിച്ചതിനും എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. നിങ്ങളായിരുന്നു എന്‍റെ കരുത്തും സന്തോഷവും", യൂ ജൂ ഇന്നിന്‍റെ കത്ത് ഇങ്ങനെ അവസാനിക്കുന്നു.

കൊറിയന്‍ ഡ്രാമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് യൂ ജൂ ഇന്‍. 2018ല്‍ പുറത്തെത്തിയ ബിഗ് ഫോറസ്റ്റ്, 2019ല്‍ പുറത്തെത്തിയ ജോസിയന്‍ സര്‍വൈവല്‍ പിരീഡ് എന്നിവയാണ് അഭിനയിച്ചവയില്‍ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)

tags
click me!