
മലൈക്കോട്ടൈ വാലിബന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. ഒഫിഷ്യല്‍ പോസ്റ്ററിനൊപ്പമാണ് പേരും പുറത്തെത്തിയിരിക്കുന്നത്. എന്നാല്‍ മലയാളത്തിലല്ല ഈ ചിത്രം, മറിച്ച് ലിജോയുടെ ബോളിവുഡ് അരങ്ങേറ്റമാണ്. ദില്‍കഷി എന്നാണ് ചിത്രത്തിന്‍റെ പേര്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ 11-ാം ചിത്രമാണ് ഇത്. ലിജോയുടെ ആദ്യ മറുഭാഷാ ചിത്രവുമാണ് ദില്‍കഷി. ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത ആരംഭിച്ച നിര്‍മ്മാണ കമ്പനിയായ ട്രൂ സ്റ്റോറി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം റൊമാന്‍റിക് മ്യൂസിക്കല്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്.
13 വര്‍ഷത്തിന് ശേഷമാണ് ഈ ജോണറില്‍ ലിജോ ഒരു ചിത്രം ചെയ്യുന്നത്. കരിയറില്‍ ആകെ ഒരു ചിത്രം മാത്രമേ ഇതുവരെ അദ്ദേഹം ഈ ജോണറില്‍ ചെയ്തിട്ടുമുള്ളൂ. 2013 ല്‍ പുറത്തെത്തിയ ആമേന്‍ ആയിരുന്നു അത്. ലിജോയുടെ സംവിധാനത്തില്‍ ബോക്സ് ഓഫീസ് വിജയം നേടിയ ആദ്യ ചിത്രവുമായിരുന്നു ആമേന്‍. ഇപ്പോഴും മലയാളത്തിലെ വണ്‍ ഓഫ് എ കൈന്‍ഡ് എന്ന് വിളിക്കാവുന്ന ചിത്രമാണ് ആമേന്‍. ലിജോയുടെ ഫിലിമോഗ്രഫിയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നും.
ആമസോണ്‍ എംജിഎം സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ഹന്‍സല്‍ മെഹ്തയുടെ ട്രൂ സ്റ്റോറി ഫിലിംസ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം എന്നതാണ് മറ്റൊരു പ്രത്യേകത. എ ആര്‍ റഹ്‍മാന്‍- ലിജോ കൂട്ടുകെട്ട് മലയാളി സിനിമാപ്രേമികള്‍ക്കും വലിയ കൗതുകമുണ്ടാക്കുന്ന ഒന്നാണ്. പുതുമുഖ നായികയാവും ചിത്രത്തില്‍. ലിജോയുടെ സ്റ്റൈലിലുള്ള പ്രണയകഥ എന്നാണ് വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹന്‍സല്‍ മെഹ്ത ചിത്രത്തെക്കുറിച്ച് പറഞ്ഞത്. അതേസമയം തിരക്കഥാ രൂപീകരണം പൂര്‍ത്തിയായതിന് ശേഷം നിര്‍മ്മാണ കമ്പനി സംവിധായകനെ തീരുമാനിക്കുകയായിരുന്നെന്ന് ഹന്‍സല്‍ മെഹ്ത ഈ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലിജോ എത്തിയതിന് ശേഷം അദ്ദേഹത്തിന്‍റേതായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും. “കഥയുടെയും തിരക്കഥയുടെയും ഡെവലപ്മെന്‍റിലാണ് ട്രൂ സ്റ്റോറി ഫിലിംസ് പ്രധാനമായും മുതല്‍മുടക്കുന്നത്. നിര്‍മ്മാണ കമ്പനിക്ക് മുന്നിലേക്ക് പൂര്‍ത്തിയായ തിരക്കഥ അവതരിപ്പിക്കുന്നതും കമ്പനി തന്നെ. പിന്നീടാണ് സംവിധായകന്‍ വരുന്നത്”, വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹന്‍സല്‍ മെഹ്ത പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ