
പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയിട്ടുള്ള മലയാളി താരങ്ങള്‍ ആരൊക്കെയെന്ന് ചോദിച്ചാല്‍ പ്രേക്ഷകരുടെ ആദ്യ ഉത്തരങ്ങളിലൊന്ന് ഫഹദ് ഫാസില്‍ എന്നായിരിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ഫഹദ് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും ഇക്കാലം കൊണ്ട് വലിയ പ്രീതി നേടിയിട്ടുണ്ട്. കരിയറിലെ വളര്‍ച്ചയ്ക്കനുസരിച്ച് അദ്ദേഹത്തിന്‍റെ പ്രതിഫലത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഫഹദ് കരിയറിന്‍റെ ആദ്യ കാലത്ത് വാങ്ങിയ പ്രതിഫലത്തെക്കുറിച്ച് പറയുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
ഫഹദിന്‍റെ ആദ്യകാല ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായ ചാപ്പാ കുരിശിന്‍റെ നിര്‍മ്മാണം ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു. നിര്‍മ്മാതാവ് എന്ന നിലയില്‍ ലിസ്റ്റിന്‍റെയും രണ്ടാമത്തെ ചിത്രമായിരുന്നു ചാപ്പ കുരിശ്. ചിത്രത്തില്‍ ഫഹദ് വാങ്ങിയ പ്രതിഫലത്തെക്കുറിച്ച് ലിസ്റ്റിന്‍ പറഞ്ഞത് സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ്. പരിപാടിയില്‍ ഫഹദും എത്തിയിരുന്നു.
ഫഹദിന്‍റെ ആദ്യകാല പ്രതിഫലത്തെക്കുറിച്ചും കരിയര്‍ വളര്‍ച്ചയെക്കുറിച്ചും ലിസ്റ്റിന്‍ പറഞ്ഞത് ഇങ്ങനെ- ചാപ്പാ കുരിശിൽ അഭിനയിച്ചതിനു ശേഷം ഫഹദുമായി സിനിമ ചെയ്യാൻ പറ്റിയില്ല. ഞാൻ ഇപ്പോഴും ഓർക്കുകയാണ്, 2011 ൽ ഞാൻ ചാപ്പ കുരിശ് ചെയ്യുമ്പോൾ ശമ്പളം അപ്പോൾ കൊടുത്തില്ല. എല്ലാം കഴിഞ്ഞിട്ടാണ് കൊടുത്തത്. പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഫഹദ് എന്നോട് പറഞ്ഞു ലിസ്റ്റിൻ എന്താണെന്നുവെച്ചാൽ തന്നാൽമതി എന്ന്. എത്രയാണെന്ന് വച്ചാൽ പറയാമോ, അപ്പോൾ എളുപ്പമാണെന്ന് ഞാൻ പറഞ്ഞു. ഫഹദ് എന്നോട് പറഞ്ഞു താൻ ടൂർണമെൻറ് എന്ന സിനിമയിൽ അഭിനയിച്ചത് 65,000 രൂപയ്ക്കാണ് എന്ന്. ചാപ്പാ കുരിശിൽ ഫുൾ എനർജിയിൽ ഉടനീളം ഫഹദ് ഉണ്ടായിരുന്നു. അന്ന് ഫഹദ് ഫാസിലിന് ശമ്പളമായി ഞാൻ കൊടുത്തത് ഒരു ലക്ഷം രൂപയാണ്. ആ ഫഹദ് ഇന്ന് എവിടെയോ എത്തിനിൽക്കുന്നു. ഇന്ന് ഫഹദിന് 5 കോടിയോ 10 കോടിയോ കൊടുത്താലും കിട്ടില്ല. അതാണ് സിനിമ എന്ന് പറയുന്ന ഒരു മാജിക്. കഴിഞ്ഞ ഒരു ഇൻറർവ്യൂവിൽ തൻറെ ഏറ്റവും മികച്ച സിനിമകളെക്കുറിച്ച് ചോദിച്ചപ്പോഴും ചാപ്പാ കുരിശ് എന്ന് ഫഹദ് പറഞ്ഞിട്ടുണ്ട്. ഇന്ന് പാൻ ഇന്ത്യ ലെവലിൽ എല്ലാ ഭാഷയിലും വേണ്ട ഒരു ആർട്ടിസ്റ്റ് ആയാണ് ഫഹദ് ഇന്ന് നിൽക്കുന്നത്, ലിസ്റ്റിന്‍ സ്റ്റീഫന്‍റെ വാക്കുകള്‍.