
ഹരികുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി, നെടുമുടി വേണു, കാവേരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കലാഭവൻ മണി തട്അങ്ങീ മികച്ച താരനിര അണിനിരന്ന ചിത്രമായിരുന്നു ഉദ്യാനപാലകൻ. ലോഹിതദാസ് കഥയെഴുതിയ ഉദ്യാനപാലകൻ 1996 ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് മമ്മൂട്ടിയുടെ നായികയായി കാവേരി എത്തിയതിനെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളറായ സിദ്ധു പനക്കൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയാവുന്നത്. സിനിമയിലേക്കുള്ള നായികയ്ക്ക് വേണ്ടി ഒരുപാട് പേരുടെ ചിത്രങ്ങൾ കണ്ടെങ്കിലും ഒന്നും തന്നെ ലോഹിതദാസിന് ഇഷ്ടമായില്ലെന്നും കാവേരിയെ നേരിട്ട് കണ്ടിട്ടും ആദ്യ കാഴ്ചയിൽ ലോഹിതദാസിന് ഇഷ്ടമായില്ലെന്നും സിദ്ധു പനക്കൽ പറയുന്നു. എന്നാൽ മറ്റൊരു ചിത്രത്തിലേക്ക് വേണ്ടി കാവേരിയെ കാസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് എടുത്ത ചിത്രങ്ങൾ കണ്ടതോടെയാണ് ലോഹിതദാസിന് കാവേരിയെ ഇഷ്ടമായതെന്നും സിദ്ധു പനക്കൽ പറയുന്നു.
കാവേരി നായികയായി വന്നതിനെക്കുറിച്ചാണ്. ഹരികുമാർ സാറിന്റെ സെവൻ ആർട്ട്‌സ് ചിത്രം ഉദ്യാനപാലകന്റെ എഴുത്തും ലൊക്കേഷൻ നോക്കലും ഒക്കെയായി ഞങ്ങൾ ഷൊർണുർ ഗസ്റ്റ് ഹൗസിൽ താമസിക്കുന്നു. കൺട്രോളർ മോഹനേട്ടൻ. ഞാൻ എക്സിക്യൂട്ടീവ്. വിജയകുമാർ സാറും ഹരികുമാർ സാറും മോഹനേട്ടനും വരവും പോക്കുമായി നിൽക്കുന്നു. ഞാൻ സ്ഥിരം ലോഹിസാറിന്റെ കൂടെ ഉണ്ട്. അന്ന് ലോഹിസാറിന് ഷൊർണുർ ഒരു വീടുണ്ട്. അവിടെയിരുന്നും ഗസ്റ്റ് ഹൗസിൽ ഇരുന്നുമാണ് സാർ എഴുതുന്നത്. ഇടവേളകളിൽ ലൊക്കേഷൻ കാണലും നടക്കുന്നുണ്ട്.
മധ്യവയസ്കനായ ഒരാളും തീരെ പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ഉദ്യാനപാലകൻ. മമ്മൂട്ടി സാർ നായകൻ. പെൺകുട്ടി ഫിക്സ് ആയിട്ടില്ല. അന്വേഷണം പലവഴിക്കുനടക്കുന്നു. എനിക്കു ദിവസവും രാവിലെ ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ പോകലാണ് പ്രധാന ജോലി. മദ്രാസിൽ നിന്ന് മോഹനേട്ടനും, തിരുവനന്തപുരത്ത് നിന്ന് ഹരികുമാർ സാറും പല പെൺകുട്ടികളുടെയും ഫോട്ടോസ് ac കോച്ഛ് അറ്റൻഡർമാരുടെ കയ്യിൽ കൊടുത്തയക്കും. ലോഹി സാറിന്റെ അപ്രൂവലിന്. ചിലതൊക്കെ കൊള്ളാം എന്ന് തോന്നിയെങ്കിലും പൂർണ തൃപ്തി ആയില്ല ലോഹിസാറിന്.
അങ്ങിനെയിരിക്കെ ഒരു ദിവസം ലോഹി സാറിന്റെ വീട്ടിൽ ഞങ്ങൾ ഇരിക്കുമ്പോൾ നടൻ കൃഷ്ണപ്രസാദ് ലോഹിസാറിനെ കാണാൻ വന്നു. സംസാരത്തിനിടയിൽ നായികാ പ്രശ്നവും ചർച്ചയായി. കൃഷ്ണപ്രസാദ് പറഞ്ഞു രണ്ട് ദിവസം മുൻപ് കാവേരിയുടെ അമ്മയെ കണ്ടിരുന്നു. അവർ കാവേരിയുടെ കുറച്ച് ഫോട്ടോസ് കാണിച്ചു. കാവേരി ഇപ്പോൾ നന്നായിരിക്കുന്നു. ബാലതാരമായൊക്കെ സിനിമയിൽ അഭിനയിക്കുന്ന കുട്ടിയാണ് കാവേരി. കൃഷ്ണപ്രസാദും കാവേരിയും പരിചയക്കാരാണ്. എനിക്കും അറിയാം കാവേരിയെ ഞങ്ങളുടെ സദയം എന്ന പടത്തിൽ കാവേരി അഭിനയിച്ചിട്ടുണ്ട്. ഒരു ചെറിയ കുട്ടിയുടെ പ്രകൃതമായിരുന്നു കാവേരിക്കന്ന്. അല്ല ഇപ്പോൾ കുറച്ച് വലുതായിട്ടുണ്ട് എന്ന് കൃഷ്ണപ്രസാദ്. എന്നാൽ കണ്ടുകളയാം എന്ന് ലോഹി സാർ പറഞ്ഞു.
കാവേരി വന്ന ദിവസം മോഹനേട്ടനും ഉണ്ടായിരുന്നു. വീഡിയോ ഗ്രാഫർ ഉണ്ട്. കാവേരിയെ ലോഹിസാറിനെ കാണിച്ചു. തിരുവല്ലയിൽ നിന്ന് യാത്ര ചെയ്തു വന്നപ്പോൾ ടയേർഡ് ആയതോ അതോ ധരിച്ചിരുന്ന ഡ്രെസ്സിന്റെ പ്രത്യേകതയോ എന്താണെന്നറിയില്ല ഒറ്റ നോട്ടത്തിൽ കാവേരിയെ ലോഹിസാറിന് ഇഷ്ടമായില്ല. വന്നതല്ലേ നിങ്ങൾ വീഡിയോയിൽ എന്തെങ്കിലും എടുക്കു എന്ന് പറഞ്ഞു ലോഹിസാർ. ലോഹിസാറിന്റെ സംസാരത്തിൽ നിന്ന് തന്നെ കാവേരിക്കും അമ്മയ്ക്കും കാര്യം മനസിലായി. ഉദ്യാനപാലകന് ശേഷം ഞാൻ വർക്ക് ചെയ്യുന്ന ദിലീപ് ചിത്രം മാനസത്തിന്റെ ചർച്ചകൾ നടക്കുന്നുണ്ട്. കേച്ചേരിക്കാരൻ റാഫേൽ ചേട്ടൻ ആണ് പ്രൊഡ്യൂസർ പുതുമുഖം സി എസ് സുധീഷ് ഡയറക്ടർ. സെവൻ ആർട്ട്‌സ് മോഹനേട്ടനും റാഫേൽ ചേട്ടനും, ഈയിടെ അന്തരിച്ച സെവൻ ആർട്ട്‌സ് പ്രസാദ് ചേട്ടനും ചേർന്ന് വിതരണം.
വിഷമിച്ചിരുന്ന കാവേരിയോട് മോഹനേട്ടൻ പറഞ്ഞു. ഞങ്ങൾ ഒരു സിനിമ എടുക്കുന്നുണ്ട്. ദിലീപ് ആണ് നായകൻ. ദിലീപിനോടും പ്രൊഡ്യൂസറോടും ഡയറക്ടറോടും ഞങ്ങൾ പറഞ്ഞോളാം. അതിലെ നായികാവേഷം തീർച്ചയായും കാവേരിക്ക് ചെയ്യാം. മോഹനേട്ടൻ മൂന്ന് പേരെയും വിളിച്ചു ആർക്കും എതിർപ്പില്ല. കാവേരിയും മോഹനേട്ടനും അന്ന് തന്നെ മടങ്ങിപോയി. ഞാൻ ലോഹിസാറിന്റെ കൂടെ തന്നെ. അന്ന് എന്റെ കൂടെ വർക്ക് ചെയ്യുന്ന ശശി ഗുരുവായൂർ എന്ന മാനേജരോട് പ്രൊഡ്യൂസറേ കണ്ടു 5000/- രൂപ വാങ്ങിക്കൊണ്ട് പോയി കാവേരിക്ക് അഡ്വാൻസ് കൊടുക്കണം. ഒരു ഫോട്ടോഗ്രാഫറേ കൊണ്ട് പോയി വിവിധതരം ഡ്രസ്സ് ഇട്ടു ഫോട്ടോയും എടുക്കണം എന്ന് പറഞ്ഞേൽപ്പിച്ചു.ശശി പോയി അഡ്വാൻസ് കൊടുത്ത്, ഫോട്ടോസ് എടുത്തു തിരിച്ചുവന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഫോട്ടോസ് ഷൊർണുർ എന്റെ കയ്യിൽ കൊണ്ട് തന്നു. പലതരത്തിലുള്ള ഡ്രസ്സ് ഇട്ടു വിവിധ പോസുകളിൽ ഉള്ള ഫോട്ടോസ്. കൊള്ളാം ഫോട്ടോസ് ഞാൻ എന്റെ ബാഗിൽ സൂക്ഷിച്ചു. ഇവിടെ നായികക്ക് വേണ്ട അന്വേഷണം തകൃതിയായി നടക്കുന്നു. ഒന്നും ശരിയാകുന്നില്ല.
ഷൂട്ടിങ് തുടങ്ങേണ്ട ദിവസം ഇങ്ങടുത്തു. ഒരു ദിവസം ലോഹിസാറും ഞാനും ഗസ്റ്റ് ഹൗസിന്റെ ഫോൺ വെച്ചിരിക്കുന്ന ടേബിളിനു അപ്പുറവും ഇപ്പുറവുമിരുന്ന് സംസാരിക്കുന്നു. വിഷയം നായികതന്നെ. ഞാൻ പറഞ്ഞു സാർ എന്റെ കയ്യിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ ഉണ്ട്. ആരാണ് എന്ന് സാർ. കാവേരി എന്ന് പറഞ്ഞാൽ കാണാൻ സാർ താല്പര്യം കാണിച്ചില്ലെങ്കിലോ എന്ന് കരുതി ഞാൻ പറഞ്ഞു. സാർ അറിയില്ല പുതിയ കുട്ടി ആണ്. അടുത്ത പടത്തിലേക്ക് നോക്കാൻ വേണ്ടി ഫോട്ടോ കൊണ്ട് വന്നതാ. കാണട്ടെ എന്ന് സാർ. ഞാൻ ഫോട്ടോ എടുത്തു കൊണ്ട് വന്നു. ഒരു ഡയറിയുടെ ഇടയിലാണ് ഞാൻ ആ ഫോട്ടോസ് വെച്ചിരുന്നത്. ഇത് കാവേരിയല്ലേ ഫോട്ടോ നോക്കി സാർ ചോദിച്ചു. പല പോസിൽ ഉള്ള ഫോട്ടോസ്, പല വേഷത്തിൽ ഉള്ള ഫോട്ടോസ്. പല ഭാവത്തിൽ ഉള്ള ഫോട്ടോസ്, കൊള്ളാമല്ലോ സാറിനിഷ്ടമായി. എല്ലാ ഫോട്ടോസും നോക്കിയ ശേഷം സാർ പറഞ്ഞു. ഇവൾ തന്നെ നമ്മുടെ നായിക. ഗസ്റ്റ് ഹൗസിൽ STD ഇല്ല ചെറുതുരുത്തി മാഷുടെ ബൂത്ത് വഴി മൂന്ന് STD പറന്നു. മമ്മുട്ടി സാർ, ഹരികുമാർ സാർ, വിജയകുമാർ സാർ. ഉദ്യാനപാലകന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ ഷൂട്ടിംഗ് റിപ്പോർട്ട് വന്ന ചിത്രഭൂമിയിൽ ലോഹിസാർ എഴുതി സിദ്ധാർത്ഥന്റെ ഡയറിയിൽ നിന്നാണ് കാവേരിയെ കണ്ടെത്തിയതെന്ന്. കാവേരിയായി മലയാളത്തിലും, കല്യാണിയായി തെലുങ്കിലും തമിഴിലും കന്നടയിലും അഭിനയിച്ചു. ഇപ്പോഴും തെലുങ്കിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ