'കാന്താര'യെയും വീഴ്ത്തി ഒടിടിയില്‍ 'ലോക'! ഇന്ത്യയില്‍ നമ്പര്‍ 1; 3 ദിവസം കൊണ്ട് കണ്ടവരുടെ എണ്ണം

Published : Nov 05, 2025, 08:16 PM IST
lokah chapter 1 chandra beats kantara chapter 1 in ott viewership kalyani rishab

Synopsis

കഴിഞ്ഞ വാരം ഒടിടിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രമായി ലോക ചാപ്റ്റര്‍ 1 ചന്ദ്ര

സിനിമകളുടെ ജനപ്രീതി അളക്കാന്‍ ഇന്നുള്ള പല മീറ്ററുകളില്‍ ഒന്നാണ് ഒടിടിയില്‍ അവയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളും വ്യൂവര്‍ഷിപ്പും. എന്നാല്‍ തിയറ്ററുകളിലും ഒടിടിയിലും ഒരേ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങള്‍ പലപ്പോഴും തികച്ചും വ്യത്യസ്തമാവാറുണ്ട്. എന്നാല്‍ വ്യൂവര്‍ഷിപ്പ് ആ ചിത്രത്തിനായി പ്രേക്ഷകരില്‍ എത്രത്തോളം കാത്തിരിപ്പ് ഉണ്ടായി എന്നതിന്‍റെ സൂചനയാവാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഒടിടി വ്യൂവര്‍ഷിപ്പ് കണക്കുകളില്‍ ഞെട്ടിക്കുകയാണ് ഒരു മലയാള ചിത്രം. മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറോ യൂണിവേഴ്സിലെ ആദ്യ ഭാഗമായ ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് ആ ചിത്രം.

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിരിക്കുന്ന പട്ടികയിലാണ് ഇത് ഉള്ളത്. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 2 വരെയുള്ള ഒരു വാരത്തിലെ കണക്കുകളാണ് ഓര്‍മാക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം പ്രസ്തുത വാരത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ ഒടിടിയില്‍ കണ്ട ചിത്രം ലോകയാണ്. ഇന്ത്യന്‍ സിനിമയിലെ വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ കാന്താര ചാപ്റ്റര്‍ 1 പോലും ലോകയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേ ഉള്ളൂ.

ലോകയും കാന്താരയും ഒരേ ദിവസമാണ് ഒടിടിയില്‍ എത്തിയത്. ഒക്ടോബര്‍ 31 ന്. ഇതില്‍ ലോക കണ്ടത് 38 ലക്ഷം പേരാണെങ്കില്‍ കാന്താര കണ്ടിരിക്കുന്നത് 35 ലക്ഷം പേരാണ്. മൂന്ന് ദിവസത്തെ വ്യൂവര്‍ഷിപ്പ് ആണ് ഇരു ചിത്രങ്ങളുടേതും. ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റ് എങ്കിലും ചിത്രങ്ങള്‍ കണ്ടിട്ടുള്ള പ്രേക്ഷകരുടെ എണ്ണമാണ് ലിസ്റ്റില്‍ ഉള്ളത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ലോകയുടെ റിലീസ്. കാന്താര എത്തിയത് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും. എന്നാല്‍ കാന്താര ഹിന്ദി പതിപ്പ് ഒടിടിയില്‍ എത്തിയിട്ടില്ല. മറിച്ച് തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകള്‍ മാത്രമാണ് ഒക്ടോബര്‍ 31 ന് എത്തിയത്.

എന്നാല്‍ ലോകയാവട്ടെ ഹിന്ദിയും മറാഠിയും ബംഗാളിയും അടക്കം ഏഴ് ഭാഷകളില്‍ ഹോട്ട്സ്റ്റാറില്‍ കാണാം. പവന്‍ കല്യാണ്‍ നായകനായ ദേ കോള്‍ ഹിം ഒജി ആണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബര്‍ 23 ന് എത്തിയ ചിത്രം പ്രസ്തുത വാരത്തില്‍ നേടിയിട്ടുള്ളത് 30 ലക്ഷം കാഴ്ചകള്‍ ആണ്. ഹിന്ദി ചിത്രം പരം സുന്ദരിയാണ് നാലാമത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 10 ന് എത്തിയ ചിത്രം പ്രസ്തുത വാരത്തില്‍ നേടിയത് 28 ലക്ഷം കാഴ്ചകള്‍ ആണ്. ധനുഷ് നായകനായ തമിഴ് ചിത്രം ഇഡ്ലി കടൈ ആണ് അഞ്ചാമത്. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബര്‍ 29 ന് എത്തിയ ചിത്രം നേടിയത് 20 ലക്ഷം കാഴ്ചകള്‍ ആണ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം