
തിരുവനന്തപുരം: പതിനാലാമത് ഡല്‍ഹി ഷോര്‍ട്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നിര്‍മിച്ച 'എഡിറ്റഡ്: എ മാന്‍ ഹു എഡിറ്റ്‌സ് ഹിംസെല്‍ഫ്' അര്‍ഹമായി. ലോകമെങ്ങുമുള്ള ഫിലിം മേക്കേഴ്‌സ് പങ്കെടുത്ത ചലച്ചിത്രമേളയിലാണ് സീനിയര്‍ അസി. എഡിറ്റര്‍ ഹണി ആര്‍ കെ സംവിധാനം ചെയ്ത ചിത്രം പുരസ്‌കാരം നേടിയത്. ദില്ലിയിലെ ടിവോലി ഗ്രാന്റ് റിസോര്‍ട്ടില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇക്വഡോര്‍ അംബാസഡര്‍ ഫെര്‍ണാണ്ടോ ബുഷെലിയില്‍നിന്നും ഹണി ആര്‍കെ അവാര്‍ഡ് ഏറ്റുവാങ്ങി.
ഡാമിയന്‍ സാന്‍ചൈസ് സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമായ ക്രിസ്റ്റല്‍ േഫ്രാഗും മികച്ച ഡോക്യമെന്ററി പുരസ്‌കാരം നേടി. സെര്‍ജിയോ കീലിംഗ് സംവിധാനം ചെയ്ത പോര്‍ച്ചുഗീസ് ചിത്രമായ 'നോബഡി നോ'യാണ് മികച്ച ഷോര്‍ട് ഫിലിം.
പതിനാറ് വര്‍ഷത്തോളം സിനിമാ എഡിറ്റിംഗ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചശേഷം നാട്ടില്‍ മടങ്ങിയെത്തി ഓട്ടോഡ്രൈവറായി ജോലി നോക്കുന്ന പയ്യന്നൂര്‍ അരവഞ്ചാല്‍ സ്വദേശിയായ നാരായണന്റെ ജീവിതകഥയാണ് ഈ ഡോക്യുമെന്ററി. മലയാളത്തിലെ അനേകം ഹിറ്റ് സിനിമകളുടെ ചിത്രസംയോജന സഹായിയായിരുന്നു നാരായണന്‍. എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ 'ഏയ് ഓട്ടോ', 'വൈശാലി', 'വന്ദനം', 'കിലുക്കം' തുടങ്ങിയ സിനിമകള്‍ നാരായണന്റെ കൈയിലൂടെയാണ് തിരശ്ശീലയിലെത്തിയത്. നിരൂപക പ്രശംസ നേടിയ 'തനിയെ' എന്ന സിനിമയുടെ എഡിറ്ററുമാണ് നാരായണന്‍. ഈ ചിത്രത്തിന് നാരായണന് ഏഷ്യാനെറ്റ് ഫിലം അവാര്‍ഡ് ലഭിച്ചിരുന്നു.
പ്രിയദര്‍ശന്‍, ഭരതന്‍, വേണു നാഗവള്ളി തുടങ്ങിയ പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിരുന്ന നാരായണന്‍ സിനിമാ തിരിക്കുകളില്‍ നില്‍ക്കുമ്പോള്‍ ഓട്ടിസം ബാധിതനായ മകന്റെ സംരക്ഷണാര്‍ഥം സിനിമാലോകം ഉപേക്ഷിച്ച് നാട്ടില്‍ വന്നതാണ്. മകന്റെ കാര്യങ്ങള്‍ നോക്കാനും ജീവിത ചെലവുകള്‍ കണ്ടെത്താനുമായി ഓട്ടോ ഡ്രൈവറായി ജോലി നോക്കേണ്ടി വന്ന നാരായണന്റെ ജീവിതം ഒരു സിനിമാക്കഥ പോലെ അസാധാരണമാണ്. നിലവില്‍ ഓട്ടോ തൊഴിലാളിയായ നാരായണന്റെ ഹൃദയസ്പര്‍ശിയായ ജീവിത കഥയാണ് 'എഡിറ്റഡ്' എന്ന ഡോക്യുമെന്ററി.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റര്‍ മുരളീധരന്‍ എ. കെയാണ് നിര്‍മാണം. ഡിഒപി മില്‍ട്ടണ്‍ പി ടി. എഡിറ്റ്& സൗണ്ട് ഡിസൈന്‍ ഷഫീഖാന്‍. ഗ്രാഫിക്സ് പ്രമോദ് കെ ടി, അസോസിയേറ്റ് ക്യാമറ ആഷിന്‍ പ്രസാദ്. സബ്ടൈറ്റില്‍ സോണി ആര്‍ കെ.