Aaraattu Movie : 'ആറാട്ടിന്റെ ഓരോ ഷോയ്‍ക്കും അദൃശ്യമാലാഖയെ പോലെ അവനുണ്ടാകും', കുറിപ്പുമായി ഹരിനാരായണൻ

Web Desk   | Asianet News
Published : Feb 18, 2022, 02:46 PM ISTUpdated : Feb 18, 2022, 02:57 PM IST
Aaraattu Movie : 'ആറാട്ടിന്റെ ഓരോ ഷോയ്‍ക്കും അദൃശ്യമാലാഖയെ പോലെ അവനുണ്ടാകും', കുറിപ്പുമായി ഹരിനാരായണൻ

Synopsis

ബി ഉണ്ണികൃഷ്‍ണന്റെ സിനിമ ഇറങ്ങും മുന്നേ ജയന്റെ ഫോണ്‍ വരുമായിരുന്നുവെന്ന് ഹരിനാരായണൻ.

മോഹൻലാല്‍ (Mohanlal) നായകനായ ചിത്രം 'നെയ്യാറ്റിൻകര ഗോപന്റെ ആറാ'ട്ട് (Aaraattu Movie)ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നതും. 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി'ന്റെ നെടുംതൂണായിരുന്ന മുഖ്യ സംവിധാന സഹായി ജയനെ കുറിച്ച് ഒരു ഗാനരചയിതാവ് ബി കെ ഹരിനാരായണൻ എഴുതിയ കുറിപ്പും ചര്‍ച്ചയാകുകയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ജയൻ അന്തരിച്ചത്. ബി ഉണ്ണികൃഷ്‍ണന്റെ സിനിമ ഇറങ്ങും മുന്നേ തലേദിവസം ജയന്റെ ഫോണ്‍ വരുമായിരുന്നുവെന്ന് ഹരിനാരായണൻ ഓര്‍ക്കുന്നു. ജയൻ, നിനക്കുള്ള ഓരോ പ്രിയപ്പെട്ടവരുടേയും  പ്രാർത്ഥന കൂടിയാണ് 'ആറാട്ട്' എന്ന് ഹരിനാരായണൻ എഴുതുന്നു.

Read More : തിയറ്ററുകളില്‍ നിറഞ്ഞാടി മോഹൻലാല്‍, 'ആറാട്ട്' റിവ്യു

ഹരിനാരായണന്റെ വാക്കുകള്‍

'നന്ദഗോപന്റെ ആറാട്ട്' ഇറങ്ങുകയാണ്.  സിനിമാപ്പാട്ടെഴുത്തിലേക്ക്  കൈപിടിച്ച് കൊണ്ടുവന്ന ഗുരുനാഥനാണ് ഉണ്ണിസാർ. അവിടന്നങ്ങോട്ട് ഓരോ വഴിത്തിരിവിലും താങ്ങും, തണലും തന്നയാളാണ്.  എപ്പോഴും,  സാറിന്റെ സിനിമയിറങ്ങുന്നതിന്റെ തലേന്ന് ഹൃദയം ഇത്തിരി കൂടുതൽ മിടിയ്ക്കാറുണ്ട്. ഉണ്ണി സാറിന്റെ  ഓരോ സിനിമ റിലീസിന്റെ തലേന്നും അവന്റെ കോള്‍ വരും.

" ഡോ നീ  എവിടെയാ.. നാളെ രാവിലെ എത്തില്ലേ ? 

റിലീസിനു തൊട്ടുമുമ്പുള്ള എല്ലാ ജോലികളും  കഴിഞ്ഞ് കോലഴിയിൽ എത്തിയിട്ടേ ഉണ്ടാവൂ അവനപ്പോൾ. പിറ്റേന്ന് കാലത്ത് പൂവണി ക്ഷേത്രത്തിലും വടക്കുംനാഥനിലും ഒക്കെ തൊഴുത് ആദ്യ ഷോവിന് അരമണിക്കൂർ മുന്നെയെങ്കിലും അവൻ തീയറ്ററിൽ എത്തും. 
" ഡാ ഷമീർ ഇപ്പൊ എത്താമെന്ന് പറഞ്ഞിട്ടുണ്ട് "
സ്വന്തം സിനിമ ഇറങ്ങുന്നതിനേക്കാൾ വലിയ ടെൻഷനാവും ആ മുഖത്ത്. 
പടം തുടങ്ങിക്കഴിഞ്ഞാൽ ,ശ്രദ്ധ മുഴുവൻ കാണികളുടെ മുഖത്താണ്.  ഇൻട്രോ വർക്കായിട്ടില്ലേ ? ആ തമാശക്ക് ചിരി ഉണ്ടായില്ലേ ? 
ആളുകൾക്ക് lag feel ചെയ്യുന്നുണ്ടോ ? അങ്ങനെ നൂറായിരം ചിന്തകളാണ് 
ഇന്റര്‍വെൽ ആയാൽ പലേടത്തേക്കും ഫോൺ വിളിച്ച് ചോദിക്കലാണ്. അവിടെ എങ്ങിനെ ? അപ്പുറത്തേ തിയ്യറ്ററിൽ  ആളുകളുണ്ടോ ? ഇന്ന സീനിലെ ഡയലോഗിന് കയ്യടിയുണ്ടോ ? ഈ സ്ഥലത്ത് lag തോന്നിയോ ?.
തിരിച്ച് കയറുമ്പോഴും ടെൻഷാനാണ് ആ മുഖത്ത്.  കഴിഞ്ഞ് ഇറങ്ങുമ്പോൾ നമ്മളോട് പലവട്ടം ചോദിക്കും എങ്ങിനെ എന്ന് . 
പിന്നെ " എന്നാ നീ വിട്ടോ ,സാറ് വിളിക്കുന്നു "  എന്നു പറഞ്ഞ് അടുത്ത ഫോണിലേക്ക് കടക്കും. .. സെക്കൻഷോക്ക് ആള് കയറിക്കഴിഞ്ഞേ തിയ്യറ്റർ പരിസരത്തു നിന്ന്  വീട്ടിലേക്ക് മടക്കമുള്ളു. അടുത്ത ഒരാഴ്‍ചയോളം ഇത് തന്നെയാവും ദിനചര്യ.. വിരിഞ്ഞ പൂവിന് കാവൽ നിൽക്കുന്ന ചിത്രശലഭത്തെപ്പോലെ സിനിമക്ക് ചുറ്റും കാവലായി അവൻ.
ഇന്നലെ ആ പതിവുവിളി ഇല്ല.  പക്ഷെ ഇന്നുമുതലുള്ള ഓരോ ഷോയ്ക്കും കാവലായി ഞങ്ങൾക്കൊപ്പം, സിനിമയ്ക്കൊപ്പം അവനുണ്ടാകും. ഒൻപതു ഗണങ്ങളിലും പെടാത്ത അദൃശ്യമാലാഖയെപ്പോലെ.
ഉണ്ണിസാറിന്റെയടുത്ത് കൊണ്ടുപോയി പരിചയപ്പെടുത്തി ആദ്യമായി സിനിമയുടെ ഭാഗമാക്കിയവനാണ്.
ഓരോ പാട്ടുവരുമ്പോഴും എഴുതുമ്പോഴും ആദ്യം വിളിച്ചു പറഞ്ഞിരുന്നത് അവനോടാണ് .ജയൻ, നിനക്കുള്ള ഓരോ പ്രിയപ്പെട്ടവരുടേയും  പ്രാർത്ഥന കൂടിയാണ് 'ആറാട്ട്'.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്
മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി