Sreekumaran Thampi birthday : ഹൃദയ സരസ്സിലെ സിനിമാക്കാരൻ, എണ്‍പത്തിരണ്ടിന്റെ നിറവില്‍ ശ്രീകുമാരൻ തമ്പി

Web Desk   | Asianet News
Published : Mar 15, 2022, 09:27 AM ISTUpdated : Mar 16, 2022, 11:07 AM IST
Sreekumaran Thampi birthday : ഹൃദയ സരസ്സിലെ സിനിമാക്കാരൻ, എണ്‍പത്തിരണ്ടിന്റെ നിറവില്‍ ശ്രീകുമാരൻ തമ്പി

Synopsis

മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ജന്മദിനാശംസകള്‍.

ശ്രീകുമാരൻ തമ്പിക്ക് ഏത് വിശേഷണമാണ് ഏറ്റവും ചേരുക? , അങ്ങനെയുള്ള ചോദ്യത്തിന് ഒരു ഉത്തരം മാത്രമായി പറയുക അസാധ്യം.  കവിതയും തിരക്കഥയും സംവിധാനവും പാട്ടെഴുത്തുമെല്ലാമായി പരന്നൊഴുകുകയാണ് ശ്രീകുമാരൻ തമ്പിയുടെ പ്രതിഭ. മാര്‍ച്ച് 16ന് ശ്രീകുമാരൻ തമ്പി എണ്‍പത്തിരണ്ടിന്റെ നിറവില്‍ എത്തിനില്‍ക്കുമ്പോള്‍ മലയാള സിനിമയുടെയും ഗാനങ്ങളുടെയും ചരിത്രത്തിന് ഒരേടു കൂടിയാണ് ചേര്‍ക്കപ്പെടുന്നത്.

ശ്രീകുമാരൻ തമ്പിയുടെ ഓരോ ജന്മദിനവും മലയാള സിനിമയുടെ കൂടി ആഘോഷമായി മാറുന്നു. ശ്രീകുമാരൻ തമ്പിയോളം സിനിമയോട് ചേര്‍ന്ന് നിന്ന മറ്റൊരു പേര് ഇന്നില്ല എന്നതു തന്നെ കാരണം. ഇന്നോളമുള്ള മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും താളുകളുള്ള ഒരു  പേരുകാരനാകുന്നു ശ്രീകുമാരൻ തമ്പി. 'കാട്ടുമല്ലിക' എന്ന ചിത്രത്തിന് വേണ്ടി ഗാനമെഴുതി 1966ല്‍ വെള്ളിത്തിരയുടെ ഭാഗമായ ശ്രീകുമാരൻ തമ്പി നാളിതുവരെ മലയാള സിനിമയ്‍ക്കൊപ്പം സഞ്ചരിച്ചു കൊണ്ടേയിരിക്കുകയാണ്.

വിദ്യാഭ്യാസ കാലത്തുതന്നെ കവിതാ രചനയില്‍ സമ്മാനങ്ങള്‍ സ്വന്തമാക്കിയാണ് ശ്രീകുമാരൻ തമ്പി സാഹിത്യലോകത്ത് വരവറിയിച്ചത്. സാഹിത്യപരിഷത്ത്‌, കൗമുദി വാരിക, ഓൾ ഇൻഡ്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളിൽ പഠനകാലത്ത് സമ്മാനങ്ങള്‍ നേടിയിരുന്നു. ശ്രീകുമാരൻ തമ്പി തന്റെ ഇരുപതാം വയസ്സില്‍ 'ഒരു കവിയും കുറേ മാലാഖമാരും' എന്ന കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്തി. എഞ്ചിനീയറിംങ് ബിരുദധാരിയായ ശ്രീകുമാരൻ തമ്പി 1966-ൽ കോഴിക്കോട്ട്‌ അസിസ്‌റ്റന്റ്‌ ടൗൺ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂർണ്ണമായും കലാസാഹിത്യരംഗത്തേക്ക് എത്തുകയായിരുന്നു.

മുപ്പത് തികയും മുന്നേ മലയാള ചലച്ചിത്ര ഗാനലോകത്ത് തന്റെ പേര് ഉറപ്പിച്ചിരുന്നു ശ്രീകുമാരൻ തമ്പി.  'ഹൃദയ സരസ്സിലെ പ്രണയ പുഷ്‍പമേ ഇനിയും നിൻ കഥ പറയൂ' എന്ന് എഴുതുമ്പോള്‍ കേവലം 27 വയസ്  മാത്രം പ്രായാം. തൊട്ടടുത്ത വര്‍ഷം 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നെൻ ജീവരാഗം' എന്ന എവര്‍ഗ്രീൻ ഹിറ്റെഴുതി. 'മേഘം പൂത്തു തുടങ്ങി മോഹം പെയ്‍തു തുടങ്ങി' എന്നതടക്കമുള്ള ഒട്ടേറെ ഗാനങ്ങള്‍ ശ്രീകുമാരൻ തമ്പിയുടേതായി ഇന്നും ജനം ഏറ്റു പാടുന്നു. 'ഉണരുമീ ഗാനം', 'ഒന്നാം രാഗം പാടി',  'ചുംബനപ്പൂ കൊണ്ടു മൂടി തമ്പുരാട്ടി', 'സന്ധ്യക്കെന്തിന് സിന്ദൂരം',  തുടങ്ങി എത്രയത്ര ഗാനങ്ങളാണ് ശ്രീകുമാരൻ തമ്പിയുടെ എഴുത്തില്‍ കാലത്തെ അതിജീവിക്കുന്നത്.

പ്രണയപ്പാട്ടെഴുത്തില്‍ അതികായകനായി സിനിമയില്‍ ശ്രീകുമാരൻ തമ്പി വിരാജിക്കുമ്പോള്‍ തന്നെ ജീവിതത്തിന്റെ സാരം വെളിവാക്കുന്ന അര്‍ഥ പൂര്‍ണതയുള്ള വരികളും അദ്ദേഹത്തില്‍ നിന്ന് മലയാളം കേട്ടു. 'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാൻ ആയിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാൻ നിഴല്‍ മാത്രം', 'ബന്ധുവാര്, ശത്രുവാ'ര് എന്നെഴുതി ജീവിതത്തിന്റെ അര്‍ഥത്തെ തിരയുകയും ചെയ്‍തു ശ്രീകുമാരൻ തമ്പി. ശ്രീകുമാര്‍ തമ്പി എഴുതിയ പാട്ടുകളില്‍ ഹിറ്റുകളുടെ എണ്ണം തിരഞ്ഞാല്‍ ഒറ്റയോര്‍മയില്‍ വരില്ല. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ മറ്റേതേലും ഗാനരചയിതാവിന്റേതാകും എന്ന് കരുതിപ്പോന്നവരും കുറവല്ല. എന്തായാലും മലയാള സിനിമ ഗാനരംഗത്ത് ശ്രീകുമാരൻ തമ്പി ഒന്നാം പേരുകാരില്‍ തന്നെ ഇടംപിടിച്ചിട്ടുണ്ട്. ഏകദേശം മൂവായിരത്തിലധികം സിനിമ ഗാനങ്ങള്‍ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്.

ശ്രീകുമാരൻ തമ്പിയെ കവിതയില്‍ മാത്രം തിരഞ്ഞാല്‍ അത് നീതിയാകില്ല. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‍തത് മുപ്പത് സിനിമകളാണ്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവരുടെ മികച്ച കഥാപാത്രങ്ങള്‍ ശ്രീകുമാരൻ  തമ്പിയുടെ സംവിധാനത്തില്‍ പ്രേക്ഷകരിലേക്ക് എത്തി. 'ഗാനം', 'ജയിക്കാനായി ജനിച്ചവൻ', 'ആക്രമണം', 'ഉദയം', 'ചട്ടമ്പിക്കല്യാണി', 'സ്വാമി അയ്യപ്പൻ', 'മോഹിനിയാട്ടം' തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. 

ശ്രീകുമാരൻ തമ്പി സിനിമയ്‍ക്ക് വേണ്ടി എഴുതിയ തിരക്കഥകള്‍ തന്നെ എഴുപത്തിയെട്ടെണ്ണമുണ്ട്. കൂടാതെ ഇരുപത്തിരണ്ട് സിനിമകളും ശ്രീകുമാരൻ തമ്പി നിര്‍മിച്ചു. ആറ് ടെലിവിഷൻ സീരിയലുകളും ശ്രീകുമാരൻ തമ്പിയുടെ നിര്‍മാണത്തിലെത്തി. 'കാക്കത്തമ്പുരാട്ടി', 'കുട്ടനാട്' എന്നീ നോവലുകളും ശ്രീകുമാരൻ തമ്പിയുടേതാണ്. 'എഞ്ചിനീയറുടെ വീണ', 'നീലത്താമര', 'എൻ മകൻ കരയുമ്പോള്‍', 'ശീർഷകമില്ലാത്ത കവിതകൾ' എന്നിവയാണ് കവിതാ സമാഹാരങ്ങള്‍.

പല മേഖലകളിലായി സിനിമയ്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്  ജെ സി ഡാനിയേൽ പുരസ്‍കാരം നല്‍കി കേരള സര്‍ക്കാര്‍ ശ്രീകുമാരൻ തമ്പിയെ ആദരിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ 'സിനിമ- കണക്കും കവിതയും' എന്ന ഗ്രന്ഥം, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാർഡു നേടിയിട്ടുണ്ട്.  'സുഖമെവിടെ ദുഃഖമെവിടെ' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവലാര്‍ഡ് ലഭിച്ചു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‍ത 'ഗാന'ത്തിന് 1981-ലെ ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചു. മികച്ച ഗാനരചയിതാവിനുള്ള സിനിമാ അവാര്‍ഡ് സംസ്ഥാന തലത്തില്‍ 2011ലും ലഭിച്ചു. ആശാൻ പുരസ്ക്കാരവും ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിട്ടുണ്ട്. നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ൽ ശ്രീകുമാരൻ തമ്പിയെ തേടിയെത്തിയിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ