
മുപ്പത്തിയൊന്ന് വർഷം മുമ്പ് പാടിയ പാട്ടിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്ക് വച്ച് സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ. ബന്ധുവിന്റെ വിവാഹച്ചടങ്ങിലാണ് പാട്ട് പാടിയതെന്നും ജയചന്ദ്രൻ പറയുന്നു. 'പഴയ കമല്‍ഹാസൻ ലുക്ക്' എന്നാണ് ഒരു ആരാധകന്റെ കമന്റ്.1988 ഡിസംബര്‍ 3നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ഒപ്പം സുജാത ചേച്ചി എന്നയാൾക്ക് നന്ദിയും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് എം ജയചന്ദ്രൻ വീഡിയോയും കുറിപ്പും പങ്കുവച്ചിരിക്കുന്നത്.
യവനിക എന്ന ചിത്രത്തിനുവേണ്ടി ഒ എന്‍വി കുറുപ്പ് രചിച്ച് എം ബി ശ്രീനിവാസ് ഈണമിട്ട് യേശുദാസ് പാടിയ 'ചെമ്പക പുഷ്പ സുവാസിത യാമം' എന്ന ഗാനമാണ് അദ്ദേഹം വേദിയില്‍ മനോഹരമായി ആലപിക്കുന്നത്. അന്നത്തെ പതിനേഴുകാരന്റെ പാട്ടിന് പ്രശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. കാലമിത്ര കഴിഞ്ഞിട്ടും അതേ ശബ്ദമാണെന്നും അന്നത്തെ രൂപത്തില്‍ 'പഴയ കമലഹാസന്‍ ലുക്കാ'ണെന്നും ആരാധകര്‍ പറയുന്നു. കാലം ചെല്ലുന്തോറും ശബ്ദത്തിന് മനോഹാരിത കൂടി വരുന്നു എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.