'പാച്ചുവും അത്ഭുതവിളക്കും' സിനിമയിലെ പാട്ടുകളെ കുറിച്ച് ഓസ്‍കർ പുരസ്‍കാര ജേതാവ് കീരവാണി

By Web TeamFirst Published May 30, 2023, 3:08 PM IST
Highlights

ഫഹദ് ഒരു ജീനിയസാണെന്നും സംഗീത സംവിധായകൻ കീരവാണി.

അഖിൽ സത്യൻ - ഫഹദ് കൂട്ടുകെട്ടിൽ തിയേറ്ററുകളിലും ഒടിടിയിലുമെത്തി പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത സിനിമയാണ് 'പാച്ചുവും അത്ഭുതവിളക്കും'. ഒട്ടേറെ രസം നിറഞ്ഞ നിമിഷങ്ങളും വൈകാരിക മുഹൂർത്തങ്ങളുമൊക്കെയായി എല്ലാത്തരം പ്രേക്ഷകരേയും ആകർഷിച്ച ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണ സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും സോഷ്യൽമീഡിയയിലുള്‍പ്പെടെ വലിയ ചർച്ചയായിരുന്നു. സിനിമയിലെ പാട്ടുകളെ കുറിച്ച് ഓസ്‍കർ അവാര്‍ഡ് ജേതാവ് എം എം കീരവാണി പറഞ്ഞ വാക്കുകള്‍ സോഷ്യൽമീഡിയയിൽ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

ഇന്നലെയാണ് ഞാൻ ജസ്റ്റിൻ പ്രഭാകർ സംഗീതം ഒരുക്കിയ 'പാച്ചുവും അത്ഭുതവിളക്കും' കണ്ടത്. സംഗീതവും പശ്ചാത്തല സംഗീതവും മനോഹരമായിരിക്കുന്നു. ഫഹദ് ഫാസിൽ എപ്പോഴും ഒരു ജീനിയസാണ്, എല്ലാ അഭിനേതാക്കളും നന്നായിരിക്കുന്നു. അതുപോലെ തന്നെ ഇതിലെ സംഗീതവും ഏറെ മികച്ചുനിൽക്കുന്നുവെന്ന് കീരവാണി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ പറഞ്ഞിരിക്കുകയാണ്. 'ചൽതെ രഹോ', 'തിങ്കൾ പൂവിൻ', 'നിൻ കൂടെ ഞാനില്ലയോ' എന്നീ ഗാനങ്ങള്‍ 'പാച്ചുവും അത്ഭുത വിളക്കി'നുമായി മനു മഞ്ജിത്തും രാജ് ശേഖറും എഴുതിയ വരികള്‍ക്ക് ജസ്റ്റിൻ പ്രഭാകരൻ സംഗീതമൊരുക്കിയതാണ്.

തിരുവനന്തപുരം ലുലു മാളിലെത്തിയ ഓസ്‍കർ ജേതാവ് കീരവാണിയ്ക്ക് വൻ സ്വീകരണമാണ് തലസ്ഥാനം നൽകിയത്. ‘മജീഷ്യൻ എന്ന പുതിയ മലയാള സിനിമയുടെ പൂജയിൽ പങ്കെടുക്കാനാണ് കീരവാണി എത്തിയത്. മൂന്ന് ഗാനങ്ങളാണ് ഗിന്നസ് പക്രു ചിത്രത്തിനായി അദ്ദേഹം ഒരുക്കുന്നുമുണ്ട്. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രമായ ‘ആർആർആർ’ൽ കീരവാണിയൊരുക്കിയ 'നാട്ടു നാട്ടു' എന്ന ഗാനമാണ് മികച്ച ഒർജിനൽ സോങ്ങ് വിഭാഗത്തിൽ അടുത്തിടെ ഓസ്‍കർ സ്വന്തമാക്കിയത്.

ഫഹദിനെ കൂടാതെ ഇന്നസെന്‍റ്, ഇന്ദ്രൻസ്, മുകേഷ്, വിനീത്, നന്ദു, മോഹൻ ആഗാഷെ, ഛായാ കദം, ദേവിക, ധ്വനി രാജേഷ്, അഞ്ജന ജയപ്രകാശ്, വിജി വെങ്കടേഷ് തുടങ്ങി വലിയൊരു താര നിരയാണ് 'പാച്ചുവും അത്ഭുതവിളക്കും' സിനിമയിലുള്ളത്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് 'പാച്ചുവും അത്ഭുതവിളക്കും' നിർമിച്ചിരിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിൽ ഇപ്പോൾ സിനിമയുടെ സ്ട്രീമിംഗ് ആരംഭിച്ചിട്ടുമുണ്ട്.

Read More: 'ശത്രുവാണോ മിത്രമാണോയെന്ന് മനസിലാകുന്നില്ല', അഖില്‍ മാരാരെ വിമര്‍ശിച്ച് റിനോഷ്

click me!