
തമിഴ് സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു മാനാട് (Maanaadu). വെങ്കട് പ്രഭുവിന്‍റെ (Venkat Prabhu) സംവിധാനത്തില്‍ ചിലമ്പരശന്‍ (Silambarasan) നായകനായ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 50 ശതമാനം പ്രവേശനം അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് മികച്ച നേട്ടമായിരുന്നു ഇത്. ഇപ്പോഴിതാ ചിത്രം 100 ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതിന്‍റെ സന്തോഷം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിമ്പുവും സംവിധായകന്‍ വെങ്കട് പ്രഭുവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
തന്‍റെ ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് ചിമ്പു ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിലമ്പരശന്‍ ആരാധകര്‍ക്കും മറ്റു സിനിമാപ്രേമികള്‍ക്കും മാധ്യമങ്ങള്‍ക്കും ഈ വിജയം സാധ്യമാക്കിയ എല്ലാവര്‍ക്കും നന്ദി പറയുന്നു വെങ്കട് പ്രഭു. നവംബര്‍ 25ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ മാത്രം ബോക്സ് ഓഫീസില്‍ നിന്ന് 15 കോടി നേടിയിരുന്നു. ചിമ്പുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് ആയിരുന്നു ഇത്. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലെത്തിയ തമിഴ് ചിത്രങ്ങളില്‍ ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടറിനൊപ്പം വിജയം നേടിയ ചിത്രമാണിത്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ത്തന്നെ ഒടിടി റിലീസ് ആയും ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തി. സോണി ലിവിന്‍റെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 24ന് ആണ് ഒടിടി റിലീസ് ചെയ്തത്.
അബ്‍ദുള്‍ ഖാലിഖ് എന്ന കഥാപാത്രമായി ചിമ്പു എത്തുന്ന ചിത്രത്തില്‍ എസ് ജെ സൂര്യ അവതരിപ്പിച്ച പ്രതിനായക കഥാപാത്രവും കൈയടി നേടിയിരുന്നു. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രം ടൈം ലൂപ്പിന്‍റെ കൗതുകകരമായ ആവിഷ്‍കാരവുമാണ്. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. എസ് എ ചന്ദ്രശേഖര്‍, വൈ ജി മഹാദേവന്‍, ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, കരുണാകരന്‍, സുബ്ബു പഞ്ചു, അഞ്ജേയ കീര്‍ത്തി, മനോജ് ഭാരതിരാജ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് നിര്‍മ്മാണം. രജനീകാന്ത് ഉള്‍പ്പെടെ ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖര്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം ചിത്രത്തിന്‍റെ എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കുമുള്ള റീമേക്ക് അവകാശങ്ങള്‍ വില്‍പ്പനയായിരുന്നു. പ്രമുഖ നിര്‍മ്മാണ കമ്പനിയായ സുരേഷ് പ്രൊഡക്ഷന്‍സ് ആണ് റീമേക്ക് റൈറ്റ്സ് മുഴുവനായി വാങ്ങിയിരിക്കുന്നത്. എല്ലാ ഇന്ത്യന്‍ ഭാഷകളിലെയും റീമേക്ക് അവകാശങ്ങള്‍ക്കൊപ്പം തെലുങ്ക് മൊഴിമാറ്റ പതിപ്പിന്‍റെ തിയറ്റര്‍ അവകാശവും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. തമിഴ് റിലീസിനൊപ്പം തെലുങ്ക് സംസ്ഥാനങ്ങളില്‍ 'ലൂപ്പ്' എന്ന പേരില്‍ തെലുങ്ക് മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്യുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അത് നടക്കാതെപോയി. അതേസമയം അശോക് സെല്‍വന്‍ നായകനാവുന്ന മന്മഥ ലീലൈ ആണ് വെങ്കട് പ്രഭുവിന്‍റെ അടുത്ത റിലീസ്.