ഇന്ത്യൻ എഡിസണായി ഞെട്ടിച്ച് മാധവൻ, ജിഡിഎൻ റിവ്യു

Published : Aug 07, 2026, 03:54 PM IST
Madhavan

Synopsis

മാധവൻ നായകനായ ചിത്രത്തിന്റെ റിവ്യു.

ജീവചരിത്ര സിനിമ എന്നത് ഏതൊരു ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളവും വെല്ലുവിളിയാണ്. ബയോപ്പിക്കിലെ നായകൻ ജീവിച്ച കാലത്തോടും സന്ദര്‍ഭങ്ങളോടും നീതിപുലര്‍ത്തുമ്പോള്‍ തന്നെ സിനിമാറ്റിക് അംശങ്ങള്‍ കണ്ടെത്തി പ്രേക്ഷകനെ ആകര്‍ഷിക്കുക എന്ന വെല്ലുവിളി ചലച്ചിത്രകാരൻ നേരിടുന്നുണ്ട്. ആ അര്‍ഥത്തില്‍ മികച്ച ഒരു ചലച്ചിത്രാനുഭവമാകുന്നു കൃഷ്‍ണകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്‍ത ജിഡിഎൻ. രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു ജീവിതത്തില്‍ നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ കാതല്‍.

മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജിഡിഎൻ എന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി വിജയം കൈവരിച്ചത് എങ്ങനെയെന്ന് പരിശോധിക്കുകയാണ് 'ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ' എന്ന സിനിമ. നിത്യോപയോഗത്തിന് ആവശ്യമായ പല കണ്ടെത്തലുകളും ഇന്ത്യയില്‍ നടത്തിയ ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിനെ ഇന്ത്യൻ എഡിസണ്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. വാക്കുകള്‍ക്കപ്പുറമുള്ള ആ വിശേഷണത്തിന്റെ സാംഗത്യത്തെ അടിവരിയിടുന്ന ജീവിത സന്ദര്‍ഭങ്ങളെ സിനിമയില്‍ പരാമര്‍ശിക്കുന്നു. അതിലുപരിയായി ബ്രിട്ടിഷ് ഭരണ കാലത്തും തുടര്‍ന്ന് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ വര്‍ഷങ്ങളിലും വ്യവസായി എന്ന നിലയില്‍ അധികാര വ്യവസ്ഥകളോട് ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു പോരാടിയത് എങ്ങനെ എന്നാണ് സിനിമാറ്റിക് അംശങ്ങളുടെ അകമ്പടിയോടെ 'ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ' ഇതള്‍ വിടര്‍ത്തുന്നത്.

സിനിമയുടെ നട്ടെല്ല് മാധവന്റെ പ്രകടനമാണ്. യുവാവായ ദൊരൈസ്വാമിയെ മാധവനല്ല പകര്‍ത്തുന്നത്. എന്നാല്‍ മുപ്പതുകളുടെ അവസാനമെന്ന് തോന്നിക്കുന്ന വേഷപ്പകര്‍ച്ചകളോടെ മാധവൻ ജിഡിഎൻ ആയി സിനിമയില്‍ നിറയുന്നു. തുടര്‍ന്നങ്ങോട്ട് എഴുപത്തിയഞ്ച് വയസ്സുവരെയുള്ള ദൊരൈസ്വാമിയെ മാധവൻ പകര്‍ത്തിയാടുന്നത് വിസ്‍മയകരമായ ഒരു തിയറ്റര്‍ കാഴ്‍ചയാണ്. നമ്പി നാരായണന്റെ ബയോപ്പിക്കില്‍ വേഷമിട്ട മാധവന്റെ പിന്നീടിങ്ങോട്ടുള്ള കരിയറിലെ ഏറ്റവും മികച്ച നാഴികക്കല്ലാണ് ദൊരൈസ്വാമി. രൂപംകൊണ്ടുള്ള വേഷപ്രച്ഛന്നതയ്‍ക്ക് അപ്പുറം ഭാവം കൊണ്ടും ചെറു ചലനം കൊണ്ടുപോലും ദൊരൈസ്വാമിയെ സിനിമയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു മാധവൻ.

എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം മലയാളി താരം ജയറാമാണ്. ഇൻകം ടാക്സ് ഓഫീസറായ കൃഷ്‍ണൻ എന്ന കഥാപാത്രമായാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്. വ്യത്യസ്‍ത പ്രായങ്ങളിലായുള്ള കൃഷ്‍ണന്റെ പകര്‍ന്നാട്ടം ജയറാമില്‍ ചെറു ശരീര ചലനങ്ങളില്‍ നിന്നുപോലും വ്യക്തമായി പ്രകടമാണ്. സിനിമയ്‍ക്ക് ചടുലത നല്‍കുന്ന മറ്റൊരു കഥാപാത്രം സത്യരാജിന്റേതാണ്. ദുരൈ സ്വാമിയുടെ അടുത്ത അനുയായിയാലുള്ള സത്യരാജിന്റെ പ്രകടനം രസിപ്പിക്കുന്നു. പ്രിയാമണി, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരും ചിത്രത്തില്‍ അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു.

ഒരു ബയോപ്പിക്കിനോട് നീതിപുലര്‍ത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ ആഖ്യാനം സംവിധായകനും രചയിതാവുമായ കൃഷ്‍ണകുമാർ രാമകുമാർ നിര്‍വഹിച്ചിരിക്കുന്നത്. ഇമോഷണല്‍ ഹുക്ക് ചെയ്യുന്നതിനു പകരം ദൊരൈസ്വാമിയുടെ ജീവിതത്തിലെ നാടകീയമായ അംശങ്ങളെ ചേര്‍ത്തെടുത്താണ് കൃഷ്‍ണകുമാര്‍ രാമകുമാര്‍ മാധവനൊപ്പം തിരക്കഥ എഴുതിയിരിക്കുന്നത്. കേവലമൊരു ഡോക്യുഫിക്ഷനാകാതെ സിനിമയുടെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സംവിധായകന്റെ ആഖ്യാനകൗശലം സിനിമയെ സഹായിക്കുന്നുണ്ട്. ഫ്ലാഷ്ബാക്കില്‍ കഥ പറയുന്ന ആഖ്യാനരീതിയാണ് ചിത്രത്തിനായി സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ ക്വാളിറ്റിയാണ് ജിഡിഎൻ എന്ന ചലച്ചിത്രാനുഭവത്തെ പ്രേക്ഷകനോടും നിരൂപകനോടും കൂടുതല്‍ അടുത്തുനിര്‍ത്തുന്ന മറ്റൊരു ഘടകം. ഛായാഗ്രാഹണം സിനിമയുടെ ആകെ സ്വഭാവത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതാണ്. അരവിന്ദ് കമലനാഥനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. അരവിന്ദ് കമലനാഥന്റെ ക്യാമറ ദൊരൈസ്വാമി ജീവിച്ച കാലത്തിന്റെ കളര്‍ടോണുകളടക്കം കൃത്യമായി അടയാളപ്പെടുത്തുന്നു.

ദൊരൈസ്വാമിയുടെ ജീവിത സന്ദര്‍ഭങ്ങളെ ഫലപ്രദമായും വിശ്വസനീയമായും പകര്‍ത്തുന്നതാണ് പ്രൊഡക്ഷൻ ഡിസൈൻ. 1950കളിലെയടക്കം സാധന സാമഗ്രികളും വാഹനങ്ങളും പശ്ചാത്തലവും വിശ്വസനീമായി പകര്‍ത്തിയിരിക്കുന്നു ജിഡിഎന്നില്‍. സിറില്‍ കുരുവിളയാണ് പ്രൊഡക്ഷൻ ഡിസൈനര്‍. ഗോവിന്ദ് വസന്തയുടെ സംഗീതവും പ്രമേയത്തിനൊത്തുള്ളതുതന്നെ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വേർപിരിയുന്നില്ല; വിജയ് യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത, ഹർജി പിൻവലിക്കും
മണിക്കൂറില്‍ 8600 ടിക്കറ്റുകള്‍; ആദ്യ ഷോയ്ക്ക് പിന്നാലെ ബുക്ക് മൈ ഷോയില്‍ കുതിച്ച് 'തുടക്കം'