Latest Videos

തള്ള് വേണ്ടെന്ന് മമ്മൂക്ക പറഞ്ഞിരുന്നു; പറ‍ഞ്ഞതെല്ലാം സത്യമാണ്: ഫാന്‍ ഫൈറ്റ് വിമര്‍ശനങ്ങളില്‍ നെല്‍സണ്‍ ഐപ്പ്

By Web TeamFirst Published Jun 6, 2019, 10:56 AM IST
Highlights

മധുരരാജയെ കുറിച്ച് തള്ളലുകൾ വേണ്ടെന്നും ജനഹൃദയങ്ങളിലേക്കാണ് ഈ പടം കയറേണ്ടതെന്നും മമ്മൂക്ക പ്രത്യേകം അറിയിച്ചിരുന്നുവെന്നും അതു പ്രകാരമാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും നെല്‍സണ്‍ ഐപ്പ് പറഞ്ഞു. 

കൊച്ചി: സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷനുകൾ പുറത്തുവിടുമ്പോൾ സമൂഹമാധ്യമങ്ങളിലടക്കം നിരവധി വിമർശനങ്ങൾ ഉയർന്ന് വരാറുണ്ട്. ഇക്കാര്യത്തെ ചൊല്ലി താര ആരാധകർ തമ്മിൽ ഏറ്റുമുട്ടാറുമുണ്ട്. ഇത്തരത്തിൽ മധുര രാജയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ്. 

മധുര രാജയുടെ കണക്കുകൾ കൂട്ടിപ്പറഞ്ഞിട്ടില്ലെന്നും അവ സത്യമാണെന്നും നെല്‍സണ്‍ ഐപ്പ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്. കളവ് പറയാൻ തനിക്കോ മമ്മൂക്കയ്ക്കോ താല്പര്യമില്ലെന്നും നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കി.

മധുരരാജയെ കുറിച്ച് തള്ളലുകൾ വേണ്ടെന്നും ജനഹൃദയങ്ങളിലേക്കാണ് ഈ പടം കയറേണ്ടതെന്നും മമ്മൂക്ക പ്രത്യേകം അറിയിച്ചിരുന്നുവെന്നും അതു പ്രകാരമാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും നെല്‍സണ്‍ ഐപ്പ് പറഞ്ഞു. തീയറ്ററുകളിലെ കണക്കുകൾ കൃത്യമായി വന്നതിന് ശേഷമാണ് ഔദ്യോഗികമായി കണക്കുകൾ പുറത്തുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ബോക്സ്ഓഫീസിനെ ഇളക്കി മറിച്ച മധുരരാജ  കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരാണ് മധുരരാജ ആകെ ബിസിനസില്‍ 45 ദിവസം കൊണ്ട് 104 കോടി നേടിയെടുത്തതായി അറിയിച്ചത്. ചിത്രം നിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ 58.7 കോടി രൂപയാണ് മധുരരാജ മൊത്തം നേടിയതെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.  

വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഉദയ് കൃഷ്‍ണയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാര്‍ തുടങ്ങിയവര്‍ മധുരരാജയിലുമുണ്ടായിരുന്നു.
 

click me!