Latest Videos

Ilayaraja : ഇളയരാജ രാജ്യസഭയിലേക്ക്, വിഖ്യാത സംഗീതജീവിതത്തിന് വീണ്ടും ആദരം

By Sujith ChandranFirst Published Jul 7, 2022, 2:56 PM IST
Highlights

അഞ്ച് പതിറ്റാണ്ടിന്‍റെ സംഗീതജീവിതത്തിന് രാജ്യം നൽകുന്ന ആദരമായി രാജ്യസഭാ നാമനിര്‍ദ്ദേശത്തെ കാണാം (Ilayaraja).

തെന്നിന്ത്യൻ ജനപ്രിയ സംഗീതത്തിന്‍റെ ചക്രവർത്തി എന്നതിൽക്കുറഞ്ഞ് ഒരു വിശേഷണം തമിഴകത്തിന്‍റെ ഇസൈഗനിക്ക് ഇല്ല. അരനൂറ്റാണ്ടായി ആയിരത്തിലധികം സിനിമകൾക്ക് ഈണമിട്ട ഇളയരാജയുടെ സർഗജീവിതം സമാനതകളില്ലാത്തതാണ്. കലാ സാംസ്‍കാരിക രംഗത്തുനിന്ന് രാഷ്‍ട്രപതി നാമനിർദേശം ചെയ്യുന്ന അംഗമായി നിയമനിർമാണ സഭയിലേക്കും മ്യൂസിക് മാസ്‍ട്രോ എത്തുന്നു. സുദീർഘമായ പ്രതിഭാജീവിതത്തിൽ എണ്ണമറ്റ അംഗീകാരങ്ങൾ ഇളയരാജയെ തേടിയെത്തിയിട്ടുണ്ട് (Ilayaraja).

നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങൾ, നാല് ദേശീയ പുരസ്‍കാരങ്ങൾ, കലൈ മാമണി പുരസ്‍കാരം, സംഗീത നാടക അക്കാദമി പുരസ്‍കാരങ്ങൾ, ലണ്ടൻ ട്രിനിറ്റി കോളേജിന്‍റെ സ്വർണ മെഡൽ. പദ്‍മ പുരസ്‍കരങ്ങൾ അടക്കം എണ്ണമറ്റ ബഹുമതികള്‍ ആ സംഗീതയാത്രക്കിടെ വന്നുചേർന്നു. 2018ൽ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്‍മവിഭൂഷൺ നൽകിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു. അതുല്യമായ കലാജീവിതത്തിന് അംഗീകാരമായി ഏറ്റവും ഒടുവിൽ രാജ്യസഭാ അംഗത്വത്തിനുള്ള നാമനിർദേശം കൂടി.

മോദി സ്‍തുതിയും നികുതി വിവാദവും

 ഇളയരാജയുടെ സ്ഥാനലബ്‍ധി കഴിഞ്ഞ കുറേ മാസങ്ങളായി നടക്കുന്ന സജീവ രാഷ്ട്രീയചർച്ചകൾക്ക് പിന്നാലെയാണ്. പ്രധാനമന്ത്രി മോദിയെ സ്‍തുതിച്ചുകൊണ്ട് ഇളയരാജ അടുത്തിടെ ഒരു പുസ്‍തകത്തിന്‍റെ അവതാരികയിലെഴുതിയ അഭിപ്രായം വിവാദമായിരുന്നു. ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ‘റിഫോമേഴ്സ് ഐഡിയാസ് പെർഫോമൻസ് ഇംപ്ലിമെന്‍റേഷൻ’ എന്ന പുസ്‍തകം പരിചയപ്പെടുത്തിക്കൊണ്ട് എഴുതിയ അവതാരികയിലാണ് നരേന്ദ്ര മോദിയേയും ഭരണഘടനാശിൽപി ഡോ.ബി ആർ അംബേദ്‍കറേയും അദ്ദേഹം താരതമ്യപ്പെടുത്തിയത്. ഇരുവരും ഒരേ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവരാണെന്നും രണ്ടുപേരും തമ്മിൽ സമാനതകൾ ഏറെയുണ്ടെന്നുമാണ് ഇളയരാജ അഭിപ്രായപ്പെട്ടത്. അംബേദ്‍കർ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം മോദിയെക്കുറിച്ച് അഭിമാനം കൊണ്ടേനെയെന്നും ഇളയരാജ പറഞ്ഞുവച്ചു. വിഖ്യാത സംഗീതസംവിധായകൻ എ ആർ റഹ്‍മാൻ കേന്ദ്രസർക്കാരിനെതിരെ പരോക്ഷവിമർശനം ഉയർത്തിയതിന് പിന്നാലെയായിരുന്നു ഇളയരാജയുടെ അഭിപ്രായം അവതാരികയിൽ വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദിയേതര സംസ്ഥാനക്കാർ ഹിന്ദി പഠിക്കണം എന്ന് പറഞ്ഞതിന് എതിരെയായിരുന്നു എ ആർ റഹ്‍മാന്‍റെ പ്രതികരണം. ഇളയരാജയുടെ മോദി സ്‍തുതി തൊട്ടുപിന്നാലെ വന്നത് ചേർത്തുവായിച്ചും ചർച്ചകൾ ഉണ്ടായി.

രാഷ്‍ട്രീയ മണ്ഡലത്തിലും സാമൂഹികമാധ്യമങ്ങളിലും ചെറുതല്ലാത്ത കോളിളക്കമാണ് ഇളയരാജയുടെ പ്രസ്‍താവന ഉണ്ടാക്കിയത്. ഡിഎംകെ അടക്കം ദ്രാവിഡ രാഷ്‍ട്രീയ കക്ഷികളും ഇടതുപക്ഷവും ഇളയരാജയുടെ മോദി സ്‍തുതിയെ തുറന്നെതിർത്തു. തമിഴ്‍നാട്ടിലെ കലാ സാംസ്‍കാരികരംഗത്തെ നിരവധി പ്രമുഖരും വിവാദത്തിൽ ഇരുപക്ഷവും ചേർന്നു. കേന്ദ്രസർക്കാരിൽ നിന്ന് എന്തോ സ്ഥാനലബ്‍ധി ഇളയരാജ പ്രതീക്ഷിക്കുന്നുണ്ട് എന്നായിരുന്നു പ്രധാന വിമ‍ർശനം. രാജ്യസഭാ അംഗത്വം നൽകിയേക്കും എന്ന് അന്ന് മുതൽ തന്നെ ഊഹാപോഹം പ്രചരിച്ചിരുന്നു. രാജ്യസഭാ അംഗത്വമല്ല, ഭാരതരത്‍നമാണ് ഇളയരാജയ്ക്ക് നൽകേണ്ടത് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പ്രതികരിച്ചത്. തമിഴ്‍നാട്ടിൽ കാലുറപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്ന ബിജെപി വിവാദത്തിൽ ഇളയരാജയ്ക്ക് തുറന്ന പിന്തുണ നൽകി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജനുമെല്ലാം ഇളയരാജയെ അനുകൂലിച്ച് രംഗത്തുവന്നു.

ഇതിനിടെ രണ്ടുമാസം മുമ്പ് ഇളയരാജയ്ക്ക് നികുതി ഒടുക്കിയിട്ടില്ല എന്നുകാട്ടി ചരക്ക് സേവന നികുതി വകുപ്പിന്‍റെ നോട്ടീസ് കിട്ടിയിരുന്നു. 2013, 15 കാലത്തെ പ്രതിഫലത്തിനുള്ള 1.87 കോടി നികുതി കുടിശ്ശികയുണ്ടെന്ന് കാണിച്ചായിരുന്നു നോട്ടീസ്. ജിഎസ്‍ടി വകുപ്പിന്‍റെ നടപടികളിൽ നിന്ന് രക്ഷപ്പെടാനാണ് ഇളയരാജ നരേന്ദ്രമോദിയെ സ്‍തുതിച്ചതെന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയർന്നു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ പാട്ടുകാരനായിരുന്ന പഴയകാലം

ചലച്ചിത്രസംഗീതകാരൻ ആകുന്നതിന് മുമ്പ് തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗായകസംഘത്തിന് വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തി കമ്യൂണിസ്റ്റ് വേദികളിൽ ഹാർമോണിയം വായിച്ച് പാടിയ ചരിത്രവും ഇളയരാജയ്ക്കുണ്ട്. സ്വന്തം സഹോദരൻ പാവലർ വരദരാജന്‍റെ വരികളായിരുന്നു ഇളയരാജ ഇന്നും തമിഴ്‍നാട്ടിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തകർ നെഞ്ചേറ്റുന്ന വിപ്ലവഗാനങ്ങളാക്കി ചിട്ടപ്പെടുത്തിയത്. എന്നാല്‍ രണ്ടാമത്തെ സഹോദരനും സംഗീതസംവിധായകനുമായ ഗംഗൈ അമരൻ ഏതാനും വർഷം മുമ്പ് ബിജെപിയിൽ ചേർന്ന് സജീവ പ്രവർത്തകനായി മാറി. 2017ലെ ആർ.കെ.നഗർ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയുടെ സ്ഥാനാർത്ഥിയുമായിരുന്നു.  സിനിമയിൽ സജീവമായതിന് ശേഷം ഇളയരാജ പ്രത്യക്ഷ രാഷ്‍ട്രീയ ചായ്വുകൾ  പ്രകടിപ്പിച്ചിരുന്നില്ല. പകർപ്പവകാശ തർക്കമടക്കം പലതം ഇളയരാജയെ ചുറ്റിപ്പറ്റി സിനിമാസംഗീത ലോകത്ത് ഉണ്ടായിട്ടുണ്ടെങ്കിലും രാഷ്‍ട്രീയ വിവാദങ്ങളിൽ നിന്ന് അദ്ദേഹം എക്കാലവും അകന്നുനിന്നു. മൂന്നുമാസം മുമ്പ് നടത്തിയ മോദി സ്‍തുതി മാത്രമാണ് ഇതിനപവാദം.

പക്ഷേ വിവാദങ്ങളൊന്നും ഇളയരാജയുടെ സ്ഥാനലബ്‍ധിയുടെ ശോഭ കെടുത്തുന്നില്ല. തമിഴകത്തിന്‍റെ നാടൻ ഈണങ്ങളെ കർണാടക സംഗീതവുമായും പാശ്ചാത്യസംഗീതവുമായും വിളക്കിച്ചേർത്ത് ജനപ്രിയസംഗീതത്തെ അപാരവിസ്‍തൃതമാക്കിയ അഞ്ച് പതിറ്റാണ്ടിന്‍റെ സംഗീതജീവിതത്തിന് രാജ്യം നൽകുന്ന ആദരം തന്നെയായി അതിനെ കാണാം.

Read More : കേരളത്തിന്‍റെ 'പയ്യോളി എക്സ്‍പ്രസ്' പി ടി ഉഷ ഇനി രാജ്യസഭയില്‍

click me!