'ദീപികയടക്കമുള്ള ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡ പണം തട്ടി', കത്ത് പുറത്തുവിട്ടു

By Web TeamFirst Published Oct 26, 2021, 12:22 PM IST
Highlights

ആര്യൻ ഖാനെ അറസ്റ്റ് ചെയ്‍ത ഓഫീസര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്.

നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ (Aryan Khan) മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്‍തതു മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡ (Sameer Wankhade). ഇപോള്‍ സമീര്‍ വാങ്കഡയ്‍ക്ക് എതിരെ എൻസിബി ഉദ്യോഗസ്ഥൻ ചില വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പേര് വെളിപ്പെടുത്താതെയാണ് എൻസിബി ഉദ്യോഗസ്ഥൻ സമീര്‍ വാങ്കഡയ്‍ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്കാണ് പുറത്തുവിട്ടത്.

സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി. നടി ദീപിക പദുകോൺ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടി. അഭിഭാഷകനായ അയാസ് ഖാൻ മുഖേനയാണ് പണം കൈപറ്റിയിരുന്നത്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയാരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീർ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരിൽ നിന്ന്  വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. ഇങ്ങനെയുള്ള 26 കേസുകളുടെ വിവരങ്ങൾ കത്തിൽ പറയുന്നു. സമീർ വാങ്കഡെയ്‍ക്കൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന പേരിലാണ് കത്ത്. കത്ത് എൻസിബി തലവന് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക്ക് അറിയിച്ചു.

എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചിരുന്നു.

കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തതിൽ, തനിക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മിഷണർക്ക് സമീർ വാങ്കഡ കത്ത് നൽകിയിരുന്നു. സാക്ഷിയുടെ വെളിപ്പെടുത്തലുകൾ നിഷേധിച്ച എൻസിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കി വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു.  പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു സമീര്‍ വാങ്കഡയെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്ൽ  ആരോപിച്ചത്. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി ഷാരൂഖിന്‍റെ മാനേജറെ അറസ്റ്റിന് പിറ്റേന്ന് കണ്ടു. കിരൺ  ഗോസാവിയെന്ന മറ്റൊരു  സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ കൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്തുവിട്ടു. കിരൺ ഗോസാവിയെന്ന ആര്യൻഖാൻ കേസിൽ  എൻസിബി സാക്ഷിയാക്കിയ ആളുടെ അംഗരക്ഷകനാണ് വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ലെന്നും  എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രഭാകർ സെയ്‍ലിന്‍റെ  വെളിപ്പെടുത്തൽ.  അറസ്റ്റിന് പിറ്റേന്ന് പുലർച്ചെ തന്നെ കിരൺ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജറെ കാണാൻ പോയി. പോവുന്നതിനിടയ്ക്ക് കാറിൽ വച്ച് സാം  ഡിസൂസയെന്നൊരാളുമായി കിട്ടാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകർ പറയുന്നു. 25 കോടി ചോദിക്കാം. 18 കിട്ടും. അതിൽ 8 സമീർ  വാംഗഡെയ്ക്ക് നൽകാം ഇതായിരുന്നു വാക്കുകൾ. പിന്നീടൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തുവെന്നും പ്രഭാകർ വെളിപ്പെടുത്തിയിരുന്നു. 

click me!