Latest Videos

നസറുദ്ദീൻ ഷായുടെ ഗാന്ധിജി, വെള്ളിത്തിരയിലെ മറ്റ് ഗാന്ധിമാരും

By Web TeamFirst Published Oct 2, 2021, 8:36 AM IST
Highlights

ഈ ഗാന്ധിജയന്തി(gandhi jayanti) ദിനത്തിൽ  ചില ചലച്ചിത്രങ്ങളെ പരിചയപ്പെടാം.

'എന്റെ ജീവിതമാണ് എന്റെ സന്ദേശം'  എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ രാഷ്‍ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ(mahatma gandhi) ജന്മദിനമാണ് ഇന്ന്. എത്രയെത്ര പുതിയ അറിവുകളാണ് രാഷ്‍ട്രപിതാവിനെ കുറിച്ച് ഓരോ പുസ്‍തകങ്ങളും ഓരോ ചരിത്രരേഖകളും നമുക്ക് പറഞ്ഞുതരുന്നത്. സ്വാതന്ത്ര്യസമരസേനാനി, മനുഷ്യസ്‌നേഹി തുടങ്ങി അദ്ദേഹത്തിന്റെ ജീവിതതലങ്ങളെ പലവീക്ഷണ കോണിലൂടെയും നോക്കിക്കാണുന്ന പുസ്‍തകങ്ങൾ മാത്രമല്ല സിനിമകളും(films) നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഈ ഗാന്ധിജയന്തി(gandhi jayanti) ദിനത്തിൽ  ചില ചലച്ചിത്രങ്ങളെ പരിചയപ്പെടാം.

ഗാന്ധി
 
മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആധാരമാക്കി വിഖ്യാത ബ്രിട്ടീഷ് സംവിധായകന്‍ റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്‍ത സിനിമയാണ് 'ഗാന്ധി'. ലൂയിസ്ഫ ഫിഷറിന്റെ 'ദി ലൈഫ് ഓഫ് മഹാത്മാഗാന്ധി' എന്ന പുസ്‍തകത്തെ ആധാരമാക്കിയാണ് അറ്റന്‍ബറോ ചിത്രം നിര്‍മിച്ചത്. ദക്ഷിണാഫ്രിക്കയില്‍ വെച്ച് 1893-ല്‍ വെള്ളക്കാര്‍ക്ക് മാത്രമായുള്ള റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്‍തതിന് ഗാന്ധിജിയെ ട്രെയിനില്‍ നിന്ന് പുറത്താക്കിയ സംഭവം മുതല്‍ 1948-ല്‍ അദ്ദേഹം വധിക്കപ്പെടുന്നതുവരെയുള്ള പ്രധാന സംഭവങ്ങള്‍ അറ്റന്‍ബറോ ഗാന്ധിയിലൂടെ ബിഗ് സ്‍ക്രീനിൽ എത്തിച്ചു.

1983-ലെ എട്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് സിനിമ നേടിയത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം അറ്റന്‍ബറോയും മികച്ച നടനുള്ള പുരസ്‌കാരം ബെന്‍ കിങ്സ്ലിയ്ക്കും ലഭിച്ചു.  മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ്, കലാസംവിധാനം, ഛായാഗ്രഹണം, വസ്‍ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചു. 11 വിഭാഗങ്ങളിലേക്കാണ് ഗാന്ധി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. ഗാന്ധി ചിത്രങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഈ ചിത്രം തന്നെ.

 മേക്കിംഗ് ഓഫ് ദ മഹാത്മ

രജത് കപൂർ ഗാന്ധിജിയായി വേഷമിട്ട ഈ ചലച്ചിത്രം, ഗാന്ധിജിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. ശ്യാം ബെനഗൽ ആണ് സിനിമ സംവിധാനം ചെയ്‍തത്. വംശീയ അധിക്ഷേപവും അതിനെതിരെയുള്ള പ്രവർത്തനങ്ങളും ചിത്രത്തിൽ അവതരിപ്പിക്കുന്നു. മികച്ച നടനുള്ള സിൽവർ ലോട്ടസ് അവാർഡും ഈ ചിത്രത്തിലൂടെ രജത്  കപൂറിനെ തേടിയെത്തിയിരുന്നു.

ഹേ റാം

ഗാന്ധിജിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രമാണ് കമൽഹാസൻ നായകനായ 'ഹേ റാം'. കമൽഹാസൻ തന്നെ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. സാകേത് റാം എന്ന കഥാപാത്രമായാണ് കമൽഹാസൻ അഭിനയിച്ചിരിക്കുന്നത്.  അയാളുടെ ജീവിതവും അതിനെ ഗാന്ധിജിയുടെ ജീവിതം എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് സിനിമ പറയുന്നത്. നസറുദ്ദീൻ ഷായാണ് ഗാന്ധിജിയായി വേഷമിട്ടിരിക്കുന്നത്. ഷാരൂഖ് ഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഗാന്ധി മൈ ഫാദർ

ഗാന്ധിയും മകൻ ഹരിലാൽ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ ചിത്രമാണ് 'ഗാന്ധി മൈ ഫാദർ'. ഫിറോസ് അബ്ബാസ് ഖാൻ സംവിധാനം ചെയ്‍ത ഈ ചിത്രം ഹരിലാൽ ഗാന്ധിയുടെ ജീവചരിത്രത്തെ ആസ്‍പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ചന്തുലാൽ ഭഗുഭായ് ദലാൽ എഴുതിയ 'ഹരിലാൽ ഗാന്ധി: എ ലൈഫ്' എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുക്കിയത്.

മേംനേ ഗാന്ധി കോ നഹിം മാരാ

ഊർമ്മിള മണ്ഡോദ്‍കർ, അനുപം ഖേർ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രമാണ് 'മേംനേ ഗാന്ധി കോ നഹിം മാരാ'. അൽഷിമേഴ്‌സ് ബാധിതനായ അനുപം ഖേർ താനാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്ന് വിശ്വസിക്കുന്നതും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ലഗേ രഹോ മുന്നാഭായി

ജനപ്രിയമായ മുന്നാഭായി പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് 'ലഗേ രഹോ മുന്നാഭായി'. ചിത്രത്തിൽ സഞ്‍ജയ് ദത്തിന്റെ കഥാപാത്രത്തിന് മുന്നിലേക്ക് ഗാന്ധിജിയുടെ ആത്മാവ് എത്തുകയാണ്. ആ പ്രേരണയാൽ കഥാനായകന്റെ ജീവിത ഗതിയിലുണ്ടാവുന്ന മാറ്റവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ഡിയർ ഫ്രണ്ട് ഹിറ്റ്ലർ / ഗാന്ധി ടു ഹിറ്റ്ലർ

അവജീത്ത് ദത്ത് ആയിരുന്നു ഗാന്ധി ആയി ഈ ചിത്രത്തിൽ എത്തിയത്. രണ്ടാം ലോക മഹാ യുദ്ധക്കാലത്ത് ഗാന്ധി ഹിറ്റ്ലർക്ക് അയച്ച കത്തുകളിലുടെ ആണ് സിനിമ പുരോഗമിക്കുന്നത്. ഗാന്ധിയൻ ചിന്താഗതിയും നാസി ചിന്തകളും തമ്മിലുള്ള ഒരു അവലോകനമാണ് ചിത്രം. രാകേഷ് രഞ്‍ജൻ കുമാർ ആയിരുന്നു സംവിധായകൻ.

ലെജൻഡ് ഓഫ് ഭഗത് സിംഗ്

ഭഗത് സിംഗിന്റെ ജീവിതം ആധാരമാക്കി രാജ്‍കുമാർ സന്തോഷി സംവിധാനം ചെയ്‍ത ചിത്രമാണ് ലെജൻഡ് ഓഫ് ഭഗത് സിംഗ്. സുരേന്ദ്ര രാജൻ ആണ് ചിത്രത്തില്‍ ഗാന്ധിജിയായി വേഷമിട്ടത്.

ഡോ.ബാബാ സാഹിബ് അംബേദ്‍കർ

മമ്മൂട്ടി കേന്ദ്ര കഥാപാത്രം ചെയ്‍ത ഈ ചിത്രത്തിൽ മോഹൻ ഗോഖലേ ആയിരുന്നു ഗാന്ധിയായി എത്തിയത്.1901 മുതല്‍ 1956 വരെയുള്ള അംബേദ്‍കറുടെ ജീവിതസമരമാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിലെ സ്‍ഫുടതയോടെയുള്ള മമ്മൂട്ടിയുടെ ഇംഗ്ലീഷ് ഉച്ചാരണം പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരുന്നു. ജബ്ബാർ പട്ടേലാണ് ചിത്രത്തിന്റെ സംവിധായകൻ.  

സർദാർ

അന്നു കപൂർ ഗാന്ധിജിയായി എത്തിയ ചിത്രം സർദാർ വല്ലഭായി പട്ടേലുടെ ജീവിത കഥയുടെ ദൃശ്യാവിഷ്‍കാരമായിരുന്നു.

യുഗപുരുഷൻ

ഈ സിനിമയിൽ ഗാന്ധിജിയായി എത്തിയത് ജോര്‍ജ് പോൾ ആയിരുന്നു. ശ്രീ നാരായണ ഗുരുവുമായി ഗാന്ധിജിയുടെ കൂടി കാഴ്ച്ച രംഗത്തിലാണ് ഗാന്ധിജി വരുന്നത്. മമ്മൂട്ടിയും തലൈവാസൽ വിജയ് യുമായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആർ സുകുമാരൻ ആയിരുന്നു സംവിധാനം.

ശ്രീനാരായണ ഗുരു

പി.എ.ബക്കർ സംവിധാനം ചെയ്‍ത ഈ ചിത്രത്തിൽ ഗാന്ധിജി ആയി എത്തിയത് ജോസഫ് ചാക്കോ ആയിരുന്നു.

click me!